അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലികളുമാണ് ഇന്നത്തെ കാലത്ത് മിക്ക രോഗങ്ങളിലേക്കുമുളള വഴി തുറക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ ചെറിയൊരു ശ്രദ്ധ മാത്രം മതിയാകും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ശരീരത്തെ രക്ഷപ്പെടുത്താന്‍.
എത്ര കഴിക്കുന്നു എന്നതിനെക്കാള്‍ കഴിക്കുന്ന ആഹാരം പോഷകസമൃദ്ധമാക്കുകയെന്നതാണ് പ്രധാനം. അത്തരത്തിലുള്ള ഒരു പോഷക കലവറയാണ് മുളപ്പിച്ച ഭക്ഷണങ്ങള്‍. പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയവയെല്ലാം സാധാരണയായി തലേന്ന് രാത്രി കുതിര്‍ത്തുവച്ച് പിറ്റേന്ന് കറി വയ്ക്കുന്നതാണ് നമ്മുടെ പൊതുവെയുളള രീതി. എന്നാല്‍ ഇതേ പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ പോഷകഗുണം ഇരട്ടിക്കുമെന്ന് പലര്‍ക്കും അറിയില്ല. ധാന്യങ്ങളും പയറുവര്‍ഗങ്ങളും മുളപ്പിക്കുന്നതുവഴി ഇവയുടെ ആരോഗ്യഗുണങ്ങളാണ് വര്‍ധിക്കുന്നത്.
പയര്‍ വര്‍ഗങ്ങള്‍, ഉലുവ, ഗോതമ്പ്, മുതിര, ഉലുവ, കടല, സോയാബീന്‍ എന്നിവയെല്ലാം നമുക്ക് മുളപ്പിച്ച് കഴിക്കാനാകും. ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോസ്ഫറസ്, മെഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം തുടങ്ങിയ ധാതുലവണങ്ങള്‍, നാരുകള്‍, ഫോളിക് ആസിഡുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ചെറുപയര്‍ മുളപ്പിച്ചു കഴിക്കുന്നതിലൂടെ ധാരാളം പ്രോട്ടീന്‍ ലഭിക്കും. ഗോതമ്പിലും പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ബി, ഇ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ. ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. ഉലുവ പോലുളളവ മുളപ്പിച്ച് കഴിക്കുന്നത് അത്ര രുചികരമൊന്നുമായിരിക്കില്ല. എന്നാലിത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതില്‍ ഇരുമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കറുത്ത കടല മുളപ്പിച്ച് കഴിക്കുന്നതുവഴി വിറ്റാമിന്‍ കെ ധാരാളമായി ലഭിക്കും. ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാം. മുതിര മുളപ്പിച്ച് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മലബന്ധം തടയാനുമാകും.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത് മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. മുളപ്പിച്ച ഭക്ഷ്യവസ്തുക്കളില്‍ ഉയര്‍ന്ന അളവില്‍ നാരുകളടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയുകയും കുറേനേരത്തേക്ക് വയര്‍ നിറഞ്ഞതായി തോന്നുകയും ചെയ്യും. ഇതുവഴി ഇടവേളകളിലെ ലഘുഭക്ഷണം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനുമാകും. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിയ്ക്കാം.