ഹൃദയസ്തംഭനവും ആയുർവേദ ചികിത്സയും
-ഡോ.എസ്.പി.സുരേഷ് ബാബു,സീനിയർ കാർഡിയാക് കൺസൾട്ടന്റ്,ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ
കൊല്ലം ജില്ലാ പ്രസിഡന്റ്, ആയുർവേദ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ (എഎച്ച്എംഎ)
മനുഷ്യസമൂഹം ഇന്ന് നേരിടുന്ന ഒരു വലിയ വിപത്താണ് ഹൃദയസ്തംഭനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 30 മില്യൺ മനുഷ്യർ ഇന്ന് ഹൃദ്രോഗികൾ ആയി ജീവിക്കുന്നു.രണ്ട് മില്യൺ മനുഷ്യർ ഒരു വർഷം ഹൃദ്രോഗത്താൽ മരിക്കുന്നു. ആഗോളതലത്തിലെ ഒന്നാം നമ്പർ കില്ലർ എന്നാണ് ഹാര്‍ട്ട് അറ്റാക്കിനെ വിളിക്കുന്നത്.ഈ കണക്കിൽ തന്നെ ഇന്ത്യയ്ക്ക് മുഖ്യമായ സ്ഥാനമാണുള്ളത്. ബൈപ്പാസ് സർജറിയോ, ആൻജിയോപ്ലാസ്റ്റിയോ കൊണ്ട് ഈ രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ല എന്ന അവസ്ഥ ആയുർവേദത്തിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.
വ്യാനവായു
മനുഷ്യശരീരത്തിൽ പ്രാണൻ, ഉദാനൻ, സമാനൻ, വ്യാനൻ, അപാനൻ എന്ന് അഞ്ചുതരത്തിലുള്ള വായുക്കൾ സഞ്ചരിച്ചു ശരീരത്തിന്റെ സകല പ്രവർത്തനത്തേയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ വ്യാനവായു ഹൃദയത്തിൽ സ്ഥിതി ചെയ്തു മനുഷ്യശരീരത്തിൽ മൊത്തത്തിലുള്ള രക്തചംക്രമണത്തെ നിയന്ത്രിക്കുന്നു.
ഹൃദ്‌കൊടിക ധമനികളിൽ കൂടി ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുമ്പോൾ അതിനെ ഹൃദ്‌കോടിക ധമനി നിരോധം (കൊറോണറി ആര്‍ട്ടറി ഒക്ള്യൂഷന്‍/കൊറോണറി ആര്‍ട്ടറി ഡിസീസ് - സിഎഡി)എന്ന് പറയുന്നു.ഇതുമൂലം ഹൃദയപേശികൾക്ക് ആവശ്യമായ ഓക്സിജൻ കിട്ടാത്തതിന്റെ ഫലമായി ഹൃദയപേശികൾ ഭാഗികമായോ, പൂർണമായോ നിർജ്ജീവമാകുന്നു. ഹൃദ്‌കോടിക ധമനി നിരോധിക്കുമ്പോൾ അവിടെ ആയുർവ്വേദശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന "വിമാർഗതോഗമനം" സംഭവിക്കുന്നു. ഇവിടെ വ്യാന വായുവിന്റെ സഞ്ചാരപഥത്തിൽ നിന്ന് മാറി മറ്റു വഴിയിലേക്ക് സഞ്ചരിക്കപ്പെടേണ്ടി വരുന്നു.തത്ഫലമായി നെഞ്ചുവേദന, കൈകളിലേക്കും, കഴുത്തിലും, മുതുകിന്റെ ഇരു ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന വേദന, ഓക്കാനം, ഛർദ്ദി, ബോധക്ഷയം, അമിത വിയർപ്പ്, ഹൃദയഭാഗത്ത് ചുടിച്ചിൽ, മരവിപ്പ്, ഭാരം, എന്നിവ കണ്ടുവരുന്നു.ഈ രീതിയിൽ മരണംവരെ സംഭവിക്കുകയോ വീണ്ടും വീണ്ടും ഇത്തരം അവസ്ഥകൾ തുടർന്ന് നിൽക്കുകയോ ആകാം. ഇതാണ് "ആന്‍ജിന പെക്ട്രോസിസ്". ഈ അവസ്ഥയിൽ എത്രയും നേരത്തെ തന്നെ ചികിത്സ നൽകി അടുത്ത ഒരു ഹൃദയസ്തംഭനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് ഉചിതം.
ഹൃദയസ്തംഭന ലക്ഷണങ്ങൾ
ഹൃദയത്തിന് അസ്വാസ്ഥ്യം, അസാധാരണമായ വേദന,നെഞ്ചിന്‍റെ മധ്യഭാഗം പിളർന്ന് പോകുന്നപോലെ ചെറുതും വലുതുമായ വേദന ഇടവിട്ട് ഉണ്ടാകുക
നെഞ്ചിന്മുകളിലേക്കുള്ള ഭാഗത്തും രണ്ട് കൈകളിലേക്കും, മുതുക് ഭാഗത്തും, കഴുത്തും, താടി ,വയർ എന്നിവിടങ്ങളിലേക്ക് വേദന വ്യാപിപ്പിക്കുക,ശ്വാസതടസ്സം ,ഓക്കാനം, ഛർദ്ധി, ബോധക്ഷയം, അമിതമായ വിയർപ്പ്,ഹൃദയഭാഗത്ത് ചുടിച്ചിൽ, മരവിപ്പ്, ഭാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍
ഹൃദ് കൊടിക ധമനി രോഗത്തെ ഒരു ഹൃദ്രോഗം ആയി കണ്ടു ചികിത്സിക്കുക എന്നത് ഉചിതമല്ല. കാരണം ഇവിടെ രക്തത്തിനാണ് പ്രാധാന്യം. യഥാർത്ഥത്തിൽ ഇവിടെ രക്തം കൊളസ്ട്രോളിന്റെയോ പ്രമേഹത്തിന്റെയോ നിക്കോട്ടിന്റെയോ കാൽസ്യത്തിന്റെയോ, സോഡിയം ക്ലോറൈഡിന്റെയോ ,മറ്റെന്തിന്റെയോ അമിത സാന്നിധ്യം കൊണ്ട് ദുക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ ഏത് കാരണം കൊണ്ടാണോ ദുക്ഷിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി അതാതിന് യുക്തമായ ഔഷധങ്ങൾ നൽകിയും, ദോഷക്രമീകരണം വരുത്തിയും, രക്തത്തിന്റെ കട്ടി കുറയ്ക്കുകയാണ് ഉചിതം. കട്ടികുറഞ്ഞ രക്തം തടസ്സങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നു. തടസ്സമായി നിൽക്കുന്ന രക്തക്കട്ടകൾ അലിഞ്ഞില്ലാതാകുകയും ചെയ്യുന്നു. അതുകൂടാതെ 100% തടസ്സങ്ങൾ സൃഷ്ടിക്കാനും ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ്,ഡബിള്‍ വെസ്സല്‍ ഡിസീസ്,സിംഗിള്‍ വെസ്സല്‍ ഡിസീസ് എന്നൊക്കെ അറിയപ്പെടുന്ന കൊറോണറി ഡിസീസ് രോഗങ്ങളിൽ ധാതുപുഷ്ടിപരമായ ഔഷധങ്ങൾ ചേർത്ത് നൽകിയും, മിതമായ വ്യായാമങ്ങളെ കുറിച്ചുള്ള നിർദേശവും നൽകിയാൽ രോധം ഉള്ള രക്തക്കുഴലുകളുടെ വലിപ്പത്തിൽ തന്നെ പുതിയ രക്തക്കുഴലുകൾ എത്രയും വേഗത്തിൽ ഏതാണ്ട് മൂന്നു മാസം കൊണ്ട് തന്നെ രൂപപ്പെടുന്നു. അതായത് ഒരു പ്രകൃതിദത്ത ബൈപ്പാസ് സംഭവിക്കുന്നു.
നല്ല ജീവിതചര്യ പാലിക്കുക വഴി ഹൃദയസ്തംഭനം തടയാന്‍ കഴിയും. കൊഴുപ്പും ആഹാരത്തിന്റെ അളവും കുറയ്ക്കുക,പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക
ശരീരഭാരം കുറയ്ക്കുക,പുകവലി ഉപേക്ഷിക്കുക,ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 4 കിലോമീറ്റർ വീതം നടക്കുക,മദ്യപാനം നിയന്ത്രിക്കുക
രണ്ടല്ലി വെളുത്തുള്ളി ചതച്ചിട്ട് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ആഹാരത്തിന് കൂടെ മൂന്നുനേരം ഉപയോഗിക്കുക എന്നിവ നല്ല ജീവിതചര്യയ്ക്ക് ഉദാഹരണമാണ്.
ഹൃദ്രോഗ ചികിത്സാരംഗത്ത് ആയുർവേദത്തിന് വലിയ മാറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊറോണറി ആര്‍ട്ടറി ഡിസീസസ്,വാല്‍വുലാര്‍ ഡിസീസസ്,കോണ്‍ജനൈറ്റല്‍ ഹാര്‍ട്ട് ഡിസീസസ്,റൂമാറ്റിക് ഹാര്‍ട്ട് ഡിസീസസ് എന്നിവ നല്ല രീതിയിൽ ചികിത്സിച്ചു മാറ്റാൻ കഴിയുമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ "കാർഡിയാക് ഇൻസ്റ്റിറ്റ്യൂട്ട് ആയുർവേദത്തിൽ" എന്ന ആശയത്തിന്റെ പണിപ്പുര പ്രവർത്തനങ്ങൾ നടന്നുവരികയാണ്.