വ്യായാമം കുറവാണെങ്കിൽ പല ആരോഗ്യപ്രശ്‌നങ്ങളും കാണാറുണ്ട്, പ്രത്യേകിച്ചും 40 വയസിന് മുകളിലുള്ള സ്ത്രീകൾക്ക്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താന്‍ പതിവായി വര്‍ക്ക് ഔട്ട് ചെയ്യുന്നത് വളരെയധികം സഹായിക്കും. സ്ത്രീകള്‍ക്ക് പതിവായി ചെയ്യാവുന്ന ചില വര്‍ക്ക് ഔട്ടുകളെ കുറിച്ചറിയാം.
നടത്തം:
ആര്‍ക്കും പതിവായി ചെയ്യാവുന്ന ഒരു വ്യായാമമാണ് നടത്തം. ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്നതാണ് പ്രധാന ആകര്‍ഷണം. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുക, ബോണ്‍ മാസ് കുറയുന്നത് തടയുക, അമിതവണ്ണം ഇല്ലാതാക്കുക, പേശികളെ ബലപ്പെടുത്തുക, ഉറക്കം മെച്ചപ്പെടുത്തുക, സന്ധികളുടെ പ്രവര്‍ത്തനം സുഗമമാക്കുക, ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുക, ഓര്‍മശക്തി നിലനിര്‍ത്തുക തുടങ്ങി ധാരാളം ഗുണങ്ങള്‍ നല്‍കാന്‍ പതിവായ നടത്തത്തിന് സാധിക്കും.
ജോഗ്ഗിംഗ്:
ദിവസവും 30 മിനിറ്റ് നേരം നടത്തം പതിവാക്കിയെങ്കില്‍ പതിയെ അത് ജോഗ്ഗിംഗ് ആക്കി മാറ്റാന്‍ ശ്രമിക്കണം. ശരീരത്തിന് കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ് ഈ വര്‍ക്ക് ഔട്ട്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിസറല്‍ ഫാറ്റിനെ പൂര്‍ണമായി പുറംന്തള്ളാന്‍ ഇത് സഹായിക്കും. കുടവയര്‍ കുറയ്ക്കാനും ജോഗിംഗ് മികച്ച വഴിയാണ്.
സൈക്ലിംഗ്:
ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് സൈക്ലിംഗ്. സാധാരണ വ്യായാമ രീതികളില്‍ നിന്ന് മാറി 30 മിനിറ്റ് സൈക്ലിംഗ് ആരംഭിച്ചവരില്‍ കുറഞ്ഞ കാലയളവില്‍ തന്നെ അമിതവണ്ണം കുറഞ്ഞതായി പഠനങ്ങള്‍ പറയുന്നു. 30 മിനിറ്റ് നടക്കുന്നതിനേക്കാള്‍ ആരോഗ്യ ഗുണം ലഭിക്കും അത്രയും സമയം സൈക്ലിംഗ് ചെയ്യുന്നത്.
സ്വിമ്മിംഗ്:
ശരീരത്തിനും മനസിനും ഉന്മേഷം പകരുന്ന വര്‍ക്ക് ഔട്ട് രീതിയാണ് നീന്തല്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പേശികള്‍ക്ക് ബലം നല്‍കാനും നീന്തല്‍ സഹായിക്കും. കൂടാതെ മറ്റ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീര വേദന അനുഭവപ്പെടുന്നവര്‍ക്ക് അനായാസമായി ചെയ്യാവുന്ന വ്യായാമ രീതിയാണ് സ്വിമ്മിംഗ്. ഇത് ശരീര വേദനയ്ക്ക് കാരണമാകില്ല. യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്, ക്രോണിക് ഡിസീസസ് വളരെയധികം കുറയ്ക്കാന്‍ നീന്തല്‍ സഹായിക്കുമെന്നാണ്. ആര്‍ത്രൈറ്റിസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയവ അനുഭവിക്കുന്നവര്‍ക്ക് വേദന കുറയ്ക്കാന്‍ പതിവായ നീന്തല്‍ ശീലമാക്കാം. ഹൈഡ്രോ തെറാപ്പി പോലെ തന്നെ സഹായകമാകുന്നതാണ് നീന്തല്‍.
യോഗ:
ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനോപ്പം തന്നെ മനസിന് ആരോഗ്യകരമായ അവസ്ഥ നല്‍കുന്നതാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്‍റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. പതിവായി യോഗ ചെയ്യുന്നവരില്‍ 43 ശതമാനം പേര്‍ക്കും രോഗം വരുന്നത് വിരളമാണെന്നാണ് കണ്ടെത്തല്‍.
ലഞ്ചസ്:
തുടകള്‍, ബട്ടക്സ്, ഹിപ്, അബ്ഡോമിനല്‍ മസില്‍സ് എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യുകയും മനോഹരമായ രൂപ ഭംഗി നല്‍കുകയും ചെയ്യുന്ന വര്‍ക്ക് ഔട്ട് രീതിയാണ് ലഞ്ചസ്. പതിവായി ലഞ്ചസ് ചെയ്യുകയാണെങ്കില്‍ മസില്‍ മാസ് വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല, ശരിയായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ നട്ടെല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച വര്‍ക്ക് ഔട്ടാണ് ലഞ്ചസ്.
ക്രഞ്ചസ്:
കുടവയര്‍ കുറയ്ക്കാനും അബ്ഡോമിനല്‍ മസിലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ് ക്രഞ്ചസ്. ലിവിംഗ് റൂമിലോ ഹാളിലോ ഒരു ചെറിയ സ്ഥലവും ഒരു മാറ്റും മാത്രമാണ് ഇതിനാവശ്യം. പതിവായി 30 മിനിറ്റ് നേരം ക്രഞ്ചസ് ചെയ്യുകയാണെങ്കില്‍ സ്ത്രീകളുടെ പെല്‍വിസ്, ലോവര്‍ ബാക്ക്, ഹിപ് എന്നിവിടങ്ങളിലെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഇത് വളരെയധികം പ്രയോജനം ചെയ്യും.
സ്ക്വാറ്റ്സ്:
ശരീരഭാഗങ്ങള്‍ക്ക് കൃത്യമായ ആകൃതി കൈവരാനും അമിതവണ്ണം ഒഴിവാക്കാനും സഹായിക്കുന്നതാണ് സ്ക്വാറ്റ്സ്. ശരീരത്തിലെ രക്തയോട്ടം വര്ധിപ്പിക്കുമെന്നതിനാല്‍ ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ശരീരത്തിലെ സെല്ലുലൈറ്റ്സിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് സ്ക്വറ്റ്സ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ വര്‍ക്ക്ഔട്ട് തുടക്കത്തില്‍ ചെറിയ അളവിലും പിന്നീട് കൂടുതല്‍ സമയം ചെയ്യുന്ന രീതിയിലും ക്രമീകരിക്കാം. തുടര്‍ച്ചയായി ഒരു മാസം സ്ക്വാറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന്‍റെ ആകൃതിയില്‍ വരുന്ന മനോഹരമായ മാറ്റം തീര്‍ച്ചയായും തിരിച്ചറിയാന്‍ കഴിയും.