യാത്ര ചെയ്യാന്‍ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. എന്നാൽ യാത്ര ചെയ്യുമ്പോൾ, ഒരുപാടു പേരെ അലട്ടുന്ന പ്രശ്നമാണ് ഛർദ്ദി, മനംപുരട്ടൽ, തലവേദന, തളർച്ച, തുടങ്ങിയവ അല്ലെങ്കിൽ മോഷൻ സിക്‌നെസ്സ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി യാത്ര ചെയ്യാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം:
* വാഹനത്തിലും ഇടുങ്ങിയ മുറികളിലും അധിക സമയം ചിലവഴിക്കുന്നത് ചിലപ്പോൾ ചിലർക്കെങ്കിലും മനംപുരട്ടൽ ഉണ്ടാക്കിയേക്കാം. അതിനാൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിലെ വായു സഞ്ചാരം ഉറപ്പാക്കുക. വിൻഡോകൾ തുറക്കാൻ കഴിയില്ലെങ്കിൽ എയർകണ്ടീഷണർ ഓണാണെന്ന് ഉറപ്പാക്കുക.
* വയറു നിറയെ ഭക്ഷണം കഴിച്ചാൽ മാത്രമേ ഊർജ്ജം ലഭിക്കുകയുള്ളൂവെന്ന് കരുതരുത്. മോഷൻ സിക്നെസിന് സാധ്യതയുള്ളവർ യാത്രയ്ക്ക് മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കരുത്. എണ്ണമയമുള്ളതോ എരിവുള്ളതോ അസിഡിറ്റി ഉണ്ടാക്കുന്നതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
* അനുയോജ്യമായ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്ര ചെയ്യുമ്പോഴുള്ള അസ്വസ്തകൾ കുറയ്ക്കാൻ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, കാറിൻറെ മുൻവശത്തുള്ള സീറ്റിലും വിമാനത്തിൻറെ ചിറകിന് സമീപമുള്ള സീറ്റും തിരഞ്ഞെടുക്കുന്നത് മോഷൻ സിക്നെസ് കുറയ്ക്കാൻ സഹായിക്കും.
* പുളിയുള്ള മിഠായികളും ചെറുനാരങ്ങയും മോഷൻ സിക്നെസ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മിഠായികളും മറ്റും വായിൽ ഇട്ടു കൊണ്ട് യാത്ര ചെയ്യുക. ഇതുവഴി നിങ്ങൾക്ക് അൽപ്പം സുഖം തോന്നും. അല്ലെങ്കിൽ, കുറച്ച് തുളസി ഇലകൾ കൈയിൽ കരുതുക. ഛർദ്ദിയോ മനംപുരട്ടലോ തോന്നുമ്പോൾ ഇവ വായിലിട്ട് ചവയ്ക്കുക.
* മുകളിൽ പറഞ്ഞ നാല് വഴികളും ഫലപ്രദമായില്ലെങ്കിൽ അവസാന ആശ്രയം മരുന്നാണ്. മോഷൻ സിക്നെസ് തടയാൻ സഹായിക്കുന്ന ഗുളിക കഴിക്കുക. അതുപോലെ തന്നെ പാട്ട് കേട്ടു കൊണ്ടിരിക്കുന്നതും ആശ്വാസം പകരും.