ജോലിസംബന്ധമായി, സാമ്പത്തികമായി, വീട്ടുകാര്യങ്ങൾ തുടങ്ങി പല കാരണങ്ങളുണ്ട് നമുക്ക് സ്ട്രെസ് ഉണ്ടാകാൻ. ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ സ്ട്രെസ് ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ എപ്പോഴും സ്ട്രെസ് അനുഭവിക്കുന്നത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കാം. ഇതിന് പ്രധാന കാരണം സ്ട്രെസ് മൂലം ശരീരം ഉൽപ്പാദിപ്പിക്കുന്ന 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണിൻറെ അമിത ഉൽപ്പാദനമാണ്.
- എപ്പോഴും സ്ട്രെസ് അനുഭവിക്കുന്നവരിൽ കാലക്രമേണ വിഷാദവും ഉത്കണ്ഠയുമെല്ലാം കാണാറുണ്ട്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ ലെവലാണ് ഇതിന് കാരണമായി വരുന്നത്. കോര്‍ട്ടിസോള്‍ തലച്ചോറിനകത്ത് വരുത്തുന്ന രാസമാറ്റങ്ങളാണ് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ട്രെസ് അകറ്റാൻ പല വഴികൾ
- അമിതമായ കോര്‍ട്ടിസോള്‍ ഉൽപ്പാദനം ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വിശപ്പ് വര്‍ധിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെയാണ് സ്ട്രെസ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഇതോടൊപ്പം പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള അസുഖങ്ങളേയും വിളിച്ചുവരുത്തുന്നു.
- സ്ട്രെസ് ഉറക്കം നഷ്ടപ്പെടുത്തുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇതിനും കാരണം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തന്നെ. ഉറക്കമില്ലായ്മ പതിവായാല്‍ അത് ഹൃദയത്തിനെ അടക്കം ദോഷകരമായി ബാധിക്കാം.
- കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍, ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നുണ്ട്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ, ശരീരത്തിന് ഉള്ള ഇൻസുലിനോട് പ്രതികരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് പ്രമേഹം പിടിപെടുന്നത്. അതിനാല്‍ തന്നെ സ്ട്രെസ് അധികരിക്കുന്നത് ക്രമേണ പ്രമേഹത്തിലേക്കും നയിക്കാം.
- കോര്‍ട്ടിസോള്‍ നില ഉയരുന്നത് രോഗ പ്രതിരോധശേഷിയെയും കാര്യമായി ബാധിക്കുന്നു. ഇതോടെ വിവിധ രോഗങ്ങളോ അണുബാധകളോ എല്ലാം പിടിപെടുന്നതും പതിവാകുന്നു
- കോര്‍ട്ടിസോള്‍ നില ഉയരുമ്പോള്‍ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് തെറ്റുന്നു. ഇതിനൊപ്പം സോഡിയത്തിന്‍റെ നിലയിലും മാറ്റം വരുന്നു. ഇത് ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നതിലേക്ക് നയിക്കുന്നു. ബിപി ഇത്തരത്തില്‍ ഉയരുന്നത് അനുബന്ധമായി പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
- കോര്‍ട്ടിസോള്‍ കൂടുന്നത് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കും. ഓര്‍മ്മശക്തി കുറയുന്നതാണ് ഇതിലൊരു പ്രധാന പ്രശ്നം. അതുപോലെ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ചിന്താശേഷി കുറയല്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
വ്യായാമം, യോഗ, ഇഷ്ടമുള്ള വിനോദങ്ങളിലേര്‍പ്പെടല്‍, ജീവിതത്തോട് പോസിറ്റീവായ കാഴ്ചപ്പാട് പുലര്‍ത്തല്‍, നല്ല സൗഹൃദങ്ങള്‍- ബന്ധങ്ങള്‍, ആരോഗ്യകരമായ ഡയറ്റ്, ഉറക്കം എന്നിവയെല്ലാം സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.