ശരീരത്തിലെ മറ്റ് അവയങ്ങൾ പോലെ തന്നെ അസ്ഥികളുടെ ആരോഗ്യവും പ്രധാനപെട്ടതാണ്. ആരോഗ്യകരമായ ജീവിതത്തിന് ഇത് കൂടിയേ തീരു. അസ്ഥികളിൽ കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് 'ഓസ്റ്റിയോപൊറോസിസ്'. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുകയും അവ എളുപ്പം പൊട്ടുന്നതുമായ ഒരു അവസ്ഥയാണിത്. ഇന്നത്തെ ജീവിത രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുതന്നെയാണ് എല്ലുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അതിനാൽ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.
എല്ലുകളുടെ ബലം കൂട്ടാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം
- നിത്യേനയുള്ള ഭക്ഷണങ്ങളിൽ ആവശ്യാനുസൃതമായ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇതാണ് ആദ്യം ചെയ്യേണ്ടത്.
- എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം അത്യാവശ്യമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എല്ലുകൾക്ക് ബലക്കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കാം !
- എന്നാൽ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിച്ചതുകൊണ്ടു മാത്രം പ്രയോജനമില്ല. അത് നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും ആവശ്യമായ തോതിൽ ശരീരത്തിൽ ഉണ്ടായിരിക്കണം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മത്സ്യം, മുട്ട, മഷ്റൂം തുടങ്ങിയവ കഴിക്കാം.
- സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
- ശരീരത്തിൽ യൂറിക് ആസിഡിൻറെ അളവ് കൂടുന്നത് സന്ധി വേദനയ്ക്ക് കാരണമാകുന്നു. ധാരാളം മാംസവും മദ്യവും കഴിക്കുന്നവരിലാണ് ഉയര്‍ന്ന യൂറിക് ആസിഡ് കാണപ്പെടുന്നത്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സന്ധി സംബന്ധമായ വേദന കുറയ്ക്കുന്നതിനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് സാധാരണ നിലയിലാക്കാനും നല്ലത്.
- വെള്ളം ധാരാളം കുടിക്കുക. അതും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
- ശരീരഭാരം കൂടാതെ നോക്കുക. പതിവായി വ്യായാമം ചെയ്യുക. ഇവയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.