പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. ഇന്നത്തെ ജീവിത രീതിയാണല്ലോ ഇതിന് പ്രധാന കാരണവും. ഇതിൻറെ ലക്ഷണങ്ങള്‍ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട് ചികിത്സയും വൈകുന്നു. പുറമെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന അവസ്ഥ എത്തുമ്പോഴേക്കും രോഗം മൂർഛിക്കുന്നു. പ്രമേഹം വരുന്നത് മറ്റു പല അവയവങ്ങളെയും ബാധിക്കുന്നു എന്നതാണ് ഈ രോഗത്തിൻറെ വെല്ലുവിളി. വൃക്കകൾ, ഹൃദയം, കണ്ണുകൾ, കാലുകൾ എന്നിവയെയെല്ലാം ബാധിക്കാം. പ്രമേഹം വൃക്കയെ ബാധിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
പ്രമേഹം കൂടുതലാകുന്ന സാഹചര്യത്തിൽ രക്തത്തില്‍ അധികമാകുന്ന ഷുഗര്‍ വൃക്കയിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുന്നതുകൊണ്ടാണ് വൃക്കയിൽ പ്രശ്‌നമുണ്ടാകുന്നത്.
- പ്രമേഹരോഗികള്‍ ഷുഗര്‍ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചുരുക്കത്തിൽ, ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ച് ശീലിക്കണം. മധുരം മാത്രമല്ല, ഉയര്‍ന്ന അളവില്‍ സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങളും നിയന്ത്രിക്കണം. പ്രോട്ടീനും അധികം വേണ്ട. ഡയറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കൃത്യമായി ഡോക്ടറോട് ചോദിച്ച ശേഷം ഡയറ്റ് ഫിക്സ് ചെയ്യുന്നതാണ് ഏറെ ഉചിതം.
- നിത്യേനയുള്ള വ്യായാമം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ചു വേണം വ്യായാമത്തിൻറെ തരം നിശ്ചയിക്കാൻ. അതിനാല്‍ ഇക്കാര്യവും ഡോക്ടറുടെ നിര്‍ദേശപ്രകാരം മതി.
- പ്രമേഹത്തിനൊപ്പം ബിപിയും നിര്‍ബന്ധമായും ചെക്ക് ചെയ്യുകയും അധികമാകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കുകയും ചെയ്യണം. കാരണം ബിപി കൂടുതലുണ്ടെങ്കില്‍ അതും വൃക്കയെ ബാധിക്കുന്നതിലേക്ക് കൂടുതല്‍ സാധ്യതകളൊരുക്കും.
- ബിപിയെ പോലെ തന്നെ കൊളസ്ട്രോളും ശ്രദ്ധിക്കണം. ഇത് വൃക്ക മാത്രമല്ല ഹൃദയവും ഒരുപോലെ അപകടത്തിലാകും.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം
- അമിതവണ്ണമാണ് മറ്റൊരു ആരോഗ്യപ്രശ്‌നം. വൃക്ക അടക്കം പല അവയവങ്ങളുടെയും മേല്‍ വെല്ലുവിളിയുണ്ടാക്കുന്നത് അമിതവണ്ണം കൂടിയാണ്. അതിനാല്‍ കഴിയുംവിധത്തില്‍ ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കുക.
- പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുക. അല്ലാത്ത പക്ഷം വൃക്ക, ഹൃദയം, കരള്‍, തലച്ചോര്‍ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളെല്ലാം ബാധിക്കപ്പെടാൻ സാധ്യതകളേറെയാണ്.