ശരീരഭാരം കുറയ്ക്കാന്‍ പല വിദ്യകളും ചെയ്യുന്നവരുണ്ട്. ജിമ്മിൽ പോകുന്നത്, യോഗ ചെയ്യുന്നത് എന്നിവയെല്ലാം അതിൽ ചിലതാണ്. മറ്റു ചിലർ ആഹാരം കഴിക്കുന്നത് കുറയ്ക്കുകയോ, ആഹാരങ്ങള്‍ കഴിക്കാതിരിക്കുകയോ ചെയ്യുന്നു. എന്നാൽ ഇവ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാം. ആഹാരം കഴിക്കുന്നതിനും ചില ശരിയായ രീതികളുണ്ട്. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നമ്മളുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയില്ല. തടി കുറയ്ക്കുന്നതിനും സഹായിക്കും. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആഹാരം കഴിക്കേണ്ട ശരിയായ രീതി ഏതെന്ന് നോക്കാം.
- വിശന്നില്ലെങ്കിലും മൂന്ന് നേരം ആഹാരം കഴിക്കണം എന്നത് നിർബന്ധമാക്കാതെ വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
- കൂടുതൽ വിശപ്പ് കൊണ്ട് വയര്‍ കാലിയാകാതിരിക്കാനും ശ്രദ്ധിക്കണം. ഇത് വയറ്റില്‍ ഗ്യാസ് നിറയുന്നതിന് കാരണമാകും. വിശക്കുന്ന സമയത്ത് ആഹാരം കഴിച്ചാല്‍ അത് കൃത്യമായി ദഹിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും സഹായിക്കും.
- ഭക്ഷണം കഴിക്കുന്ന രീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം സാവധാനം ചവച്ചരച്ച് വേണം കഴിക്കാൻ. ആഹാരത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരത്തില്‍ എത്തുന്നതിനും തടി വെക്കാതിരിക്കുന്നതിനും ഇത് സഹായിക്കുന്നു. നമ്മള്‍ നല്ലരീതിയില്‍ ചവച്ചരയ്ക്കാതെ കഴിക്കുമ്പോള്‍ ആഹാരം ദഹിക്കാന്‍ സമയം എടുക്കുകയും ഇത് ശരീരഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
- പണ്ടത്തെ ആളുകൾ പറയുന്നത് പോലെ ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കാതെ ഇരുന്ന് കഴിക്കണം. ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇത് സഹായിക്കും. അതിനാല്‍ കൃത്യമായ രീതിയില്‍ ആഹാരം കഴിക്കുന്നതിനും ഇത് സഹായിക്കുന്നു. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
- സ്വാദിഷ്ടമായ ഭക്ഷണമാണെങ്കിലും വയര്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് കഴിക്കരുത്.
- കൊതിയെ മാറ്റി നിര്‍ത്തി വിശപ്പ് എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കി കഴിച്ചാല്‍ വയര്‍ അമിതമായി നിറയുകയുമില്ല, ശരീരഭാരം കൂടുകയുമില്ല.