മിക്കവർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളുള്ളവർക്ക്. ഉൽപ്പാദിപ്പിക്കുന്ന ദഹനരസം കൂടുതലായി അത് തികട്ടി വായിലേക്ക് വരുന്നു. അസിഡിറ്റിയുടേയും ഹാര്‍ട്ട് അറ്റാക്കിൻറെ ലക്ഷണങ്ങൾ ഒരുപോലെ ആയതുകൊണ്ട് പല ഹാര്‍ട്ട് അറ്റാക്ക് കേസുകൾക്കും സമയത്തിന് ചികിത്സയെടുക്കാതിരിക്കുന്നത് ജീവന് തന്നെ ഭീഷണിയാകാറുണ്ടെന്നും, ഈ രീതിയില്‍ മരണത്തിലേക്ക് വരെയെത്തുന്നവരും കുറവല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. അതിനാൽ ഇവാ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
അസിഡിറ്റിയും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം
- അസിഡിറ്റിയാണെങ്കിൽ നെഞ്ചെരിച്ചിലിനോടൊപ്പം വായിലേക്ക് പുളിച്ചുതികട്ടി വരുന്നു. ഈത് പുളിപ്പോ കയ്പ്പോ ആകാം. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. ഹൃദയാഘാതത്തിലും ഏറെക്കുറെ സമാനമായ എരിച്ചിലും വേദനയും അനുഭവപ്പെടാം. നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടാണ് ഇത് അനുഭവപ്പെടുന്നതെങ്കില്‍ അത് ഗ്യാസ് ആകണമെന്നില്ലെന്ന് മനസിലാക്കുക.
- ഹൃദയാഘാതത്തിന്‍റെ വേദന നെഞ്ചില്‍ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപിക്കുക. കൈകള്‍, കഴുത്ത്, കീഴ്ത്താടി, മുതുക്, തോള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദന വ്യാപിക്കാം. ഒപ്പം തന്നെ അസാധാരണമായി വിയര്‍ക്കല്‍, ശ്വാസതടസം, തളര്‍ച്ച, നെഞ്ചില്‍ ഭാരം വച്ചതുപോലുള്ള സമ്മര്‍ദ്ദം, വയറുവേദന, തലകറക്കം പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ മുഴുവനായും ഒരു രോഗിയില്‍ കാണണമെന്നില്ല. അതേസമയം അസിഡിറ്റിയാണെങ്കില്‍ വയറ്റില്‍ നിന്നാണ് എരിച്ചിലുണ്ടാവുക. വയറിന്‍റെ മുകള്‍ഭാഗത്ത് നിന്ന് നെഞ്ചിലേക്ക് എരിച്ചില്‍ വ്യാപിക്കും. അതോടൊപ്പം തന്നെ വായില്‍ പുളിപ്പോ ചെറിയ കയ്പുരസമോ അനുഭവപ്പെടാം.
എന്തായാലും നെഞ്ചുവേദനയോ എരിച്ചിലോ ഉണ്ടാകുന്ന സമയത്ത് ഗ്യാസാണോ അതോ ഹൃദയാഘാതമാണോ എന്ന സംശയം തോന്നുന്നുവെങ്കിൽ ഉടനെ ആശുപത്രിയില്‍ പോകുകയാണ് ഏറ്റവും ഉത്തമം.