ഹാര്‍ട്ട് അറ്റാക്ക് ഇന്ന് വളരെ സാധാരണമായി കാണുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു. അതിന് മുഖ്യകാരണം ഇന്നത്തെ ജീവിതരീതിയും ഭക്ഷണരീതിയും തന്നെ. ഈ അസുഖത്തിന് ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അത് അപകടം തന്നെയാണ്. ഇത്തരത്തിൽ ചികിത്സ ലഭിക്കാത്തതുകൊണ്ടുള്ള അപകടമാണ് അധിക കേസുകളിലും സംഭവിക്കുന്നത്. ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്ഥമായാണ് കാണപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാഘാതത്തിനുള്ള കാരണങ്ങൾ!!!
ചില ആളുകളിൽ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നെഞ്ചുവേദനയോ, അസ്വസ്ഥതയോ, ക്ഷീണമോ എല്ലാം അനുഭവപ്പെടാം. മറ്റ് ചിലരിലാകട്ടെ, കാര്യമായ ലക്ഷണങ്ങളൊന്നും കാണിച്ചെന്നും വരില്ല. ഇങ്ങനെ കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് നിശബ്ദമായി കടന്നുവരുന്ന ഹൃദയാഘാതമാണ് 'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്'. സ്ത്രീകളിലും പുരുഷന്മാരിലും 'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്' കേസുകള്‍ കാണുന്നുണ്ട്.
സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിൽ കാണുന്ന ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുന്നതുകൊണ്ടാണ് അപകടം സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസിഡിറ്റി, ഗ്യാസ് എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥത, അധികമായി ജോലി ചെയ്യുന്നത് മൂലമുണ്ടാകുന്ന തളര്‍ച്ച ശരീരവേദന, ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, എന്നിവയുടെ ലക്ഷണമായി ഹാര്‍ട്ട് അറ്റാക്കിനെ തെറ്റിദ്ധരിക്കുന്നതാണ് മിക്ക കേസിലും ഉണ്ടാകുന്നത്.
നെഞ്ചുവേദയും ശ്വാസതടസ്സവും കൂടുതൽ നേരിടുമ്പോള്‍ മാത്രമാണ് ആളുകള്‍ ആശുപത്രിയിലെത്തുന്നത്. സൈലന്‍റ് അറ്റാക്കിന് ശരീരം കാണിച്ചുതരുന്ന ചില നേരിയ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഈ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് സമയത്തിന് ചികിത്സയെടുക്കുന്നതിന് സഹായകമാകും.
നെഞ്ചിന് നടുവിലായി കനത്ത ഭാരം വച്ചതുപോലുള്ള സമ്മര്‍ദ്ദവും അസ്വസ്ഥതയും അനുഭവപ്പെടുക, ഇത് മിനുറ്റുകളോളം നീണ്ടുനില്‍ക്കും, പോകും വീണ്ടും വരും, നെഞ്ചില്‍ വേദന, അരയ്ക്ക് മുകളിലുള്ള ശരീരഭാഗങ്ങളില്‍ വേദനയോ അസ്വസ്ഥതയോ പ്രത്യേകമായ തളര്‍ച്ചയോ അനുഭവപ്പെടുക, കൈകള്‍, കഴുത്ത്, കീഴ്ത്താടി, വയര്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുക, ശ്വാസതടസം, അസാധാരണമായ കിതപ്പ്, ശരീരം അസാധാരണമായി വിയര്‍ക്കുക, ഓക്കാനം, തലകറക്കം എന്നിവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍.
ഇത്തരത്തിലുള്ള എന്ത് സംശയം തോന്നിയാലും അത് ആശുപത്രിയില്‍ തന്നെ പോയി സ്ഥിരീകരിക്കുക. ഗ്യാസ്, മേലുവേദന, സ്ട്രെസ്, ജോലി ചെയ്തതിന്‍റെ ക്ഷീണം എന്നിവയായി കണക്കാക്കരുത്. കാരണങ്ങള്‍ സ്വയം കണ്ടെത്താതിരിക്കുക. ഇലക്ട്രോ കാര്‍ഡിയോഗ്രാം, എക്കോകാര്‍ഡിയോഗ്രാം, രക്തപരിശോധന എന്നിവയിലൂടെ ഹാര്‍ട്ട് അറ്റാക്ക് നിര്‍ണയിക്കാൻ സാധിക്കും. ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു കഴിഞ്ഞാലും മനസിലാക്കാൻ സാധിക്കും.