അമിതവണ്ണം കുറയ്ക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മൾ. ചിലർ വർക്ക് ഔട്ട് ചെയ്തും മറ്റു ചിലർ ഭക്ഷണം ക്രമീകരിച്ചും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നു. തടി കുറയ്ക്കാൻ മരുന്നുകളെ ആശ്രയിക്കുന്നവരുമുണ്ട്.
എന്തായാലും തടി കുറയ്ക്കുന്നതിലും കൂട്ടുന്നതിലും ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. കഴിയ്ക്കുന്ന ഭക്ഷണവും കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം അതിനെ സാരമായി ബാധിക്കുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ഓട്‌സ്. എന്നാൽ ഇത് കഴിക്കേണ്ട രീതിയും കഴിക്കേണ്ട സമയവുമുണ്ട്. ധാരാളം ബീറ്റാഗ്ലൂക്കോണ്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണ് ഓട്‌സ്. ബീറ്റാ ഗ്ലൂക്കോണ്‍ ശരീരത്തിന്റെ ബിഎംഐ, അതായത് ബോഡി മാസ് ഇന്‍ഡെക്‌സ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. അത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്‌സ് എങ്ങനെ ഏതു സമയം കഴിക്കണം, അതെങ്ങനെ ശരീരത്തിന്റെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.
രാവിലെയാണോ രാത്രിയാണോ?
രാവിലെയാണോ രാത്രിയാണോ ഓട്‌സ് തടി കുറയ്ക്കാന്‍ കഴിയ്‌ക്കേണ്ടത് എന്നു ചോദിച്ചാല്‍ ഇതിന് പറ്റിയ സമയം രാവിലെ ആണെന്നു പറയാം. കാരണം പ്രാതല്‍ പ്രധാന ഭക്ഷണമാണ്. പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഓട്‌സ്. ഇതിനാല്‍ തന്നെ രാവിലെ പ്രാതലിന് ഇത് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. വയര്‍ പെട്ടെന്നു നിറയും, അതേ സമയം ശരീരത്തിന് ഊര്‍ജവും ആവശ്യമുള്ള വൈറ്റമിനുകളും ലഭിയ്ക്കുകയും ചെയ്യും രാവിലെ ഇത് കഴിയ്ക്കുന്നത് .ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തും.
രാത്രിയില്‍ ഓട്‌സ്
രാത്രിയില്‍ ഓട്‌സ് കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഒരു വിധത്തില്‍ സഹായിക്കും. ഇത് ലഘുവായ ഭക്ഷണമാണ്. ദഹനം ഉറങ്ങും മുന്‍പ് നടക്കുകയെന്നത് തടി കുറയ്ക്കാന്‍ പ്രധാനം തന്നെയാണ്. ഓട്‌സ് ദഹനം എളുപ്പത്തിലാക്കുന്നു. നാരുകളുള്ളതിനാല്‍ അപചയവും നടക്കും. ഇതിനു പുറമേ ഇത് സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് നല്ല ഉറക്കം നല്‍കാന്‍ ഏറെ ഗുണകരമാണ്. നല്ല ഉറക്കം തടി കുറയ്ക്കാനുളള പ്രധാന ഘടകമാണ്.
രാത്രിയേക്കാള്‍
എങ്കില്‍ പോലും രാത്രിയേക്കാള്‍, പ്രാതല്‍ ഭക്ഷണമായി ഓട്‌സ് കഴിയ്ക്കുന്നതു തന്നെയാണ് തടി കുറയ്ക്കുന്നതിന് നല്ലത്. ഇതു പോലെ ഇത് കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. അത് കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കഴിയ്ക്കാം. ഇത് കുറുക്കി കഴിയ്ക്കുന്ന രീതിയേക്കാള്‍ ഇഡ്ഢലി, പുട്ട് തുടങ്ങിയ രൂപത്തില്‍ കഴിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ കൂടുതല്‍ നല്ലത്. കൃത്രിമ മധുരം ചേര്‍ക്കരുത്. നട്‌സ്, പച്ചക്കറികള്‍ എന്നിവ ചേര്‍ത്താല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.