ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ് തുടങ്ങിയവയും പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയും പ്രമേഹത്തിന് കാരണമാകാറുണ്ട്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പ്രമേഹം എന്ന രോഗാവസ്ഥയിലേക്ക് നയിക്കും.
അതായത്, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു അളവിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം എന്നറിയപ്പെടുന്നത്.
നാം കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ് ഗ്ലൂക്കോസ് ഉണ്ടാകുന്നത്. ഭക്ഷണം ദഹിക്കുമ്പോൾ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനായി ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിന്റെ അളവിൽ കുറവുണ്ടായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിനും കാരണമാകുന്നു.
പ്രമേഹം ഒരു ഗുരുതരമായ രോഗമാണെന്ന് പറയാം. ഈയിടെ പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ നീക്കം ചെയ്തിരുന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇത്തരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വരെ പ്രമേഹം നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. പ്രമേഹം കണ്ടുപിടിക്കാൻ വൈകുന്നത് പലപ്പോഴും രോഗം വഷളാകാൻ കാരണമാകുന്നു. ഇതിന് കാരണം രോഗ ലക്ഷണങ്ങൾ വൈകിയാണ് പ്രത്യക്ഷപ്പെടുന്നത് എന്നത് തന്നെയാണ് കാരണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വഷളാകുകയാണെങ്കിൽ ആദ്യം തന്നെ ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. ഇതുകൂടാതെ, രോഗം തുടക്കത്തിലാണെങ്കിൽ ചില വീട്ടുവൈദ്യങ്ങളും ഫലപ്രദമാകും. ഇത്തരത്തിൽ നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കറുത്ത ജീരകം പ്രമേഹ രോഗികൾക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒറ്റമൂലിയാണ്.
എങ്ങനെയാണ് പ്രമേഹത്തിനെ പ്രതിരോധിക്കുന്നതിനായി കറുത്ത ജീരകം ഉപയോഗിക്കേണ്ടതെന്നും അത് ഏത് വിധത്തിലാണ് ഉപയോഗിക്കേണ്ടതെന്നും മനസിലാക്കാം.
രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുത്ത ജീരകം കഴിക്കാം
രാത്രി ഉറങ്ങുന്നതിനുമുമ്പ്, കറുത്ത ജീരകവും തേനും ചേർത്തുള്ള നാട്ടുവിദ്യ ഉപയോഗിക്കാം. അതായത്, കരിഞ്ചീരകം പൊടിച്ച് അതിൽ അൽപം തേൻ കലർത്തി രാത്രി കിടക്കുന്നതിന് മുൻപായി കഴിക്കുക. ആവശ്യമെങ്കിൽ കരിഞ്ചീരകം പച്ചയായും കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ കുരു പ്രമേഹത്തിന് ഉത്തമ പ്രതിവിധി
രാവിലെ കരിഞ്ചീരകം ചേർത്ത വെള്ളം
ബിപിയും അമിതവണ്ണവും പ്രമേഹവും ഉള്ളവർ രാവിലെ വെറുംവയറ്റിൽ കറുത്ത ജീരകം ചേർത്ത വെള്ളം കുടിക്കുക. ഈ വെള്ളം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതുപോലെ തന്നെ ഇത് കുടലിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
കുടൽ ആരോഗ്യമുള്ളതാണെങ്കിൽ, നിങ്ങളുടെ വയറും ആരോഗ്യമുള്ളതായിരിക്കും. ഈ സ്പെഷ്യൽ വെള്ളം പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തുന്നു. വേണമെങ്കിൽ കരിഞ്ചീരകത്തിന്റെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ഉത്തമമാണ്.
നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, രാവിലെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കാൻ ശ്രമിക്കണം. അതായത്, ആഴ്ചയിൽ രണ്ടുതവണ കരിഞ്ചീരകം കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇതിനായി കരിഞ്ചീരകം കൊണ്ട് സ്മൂത്തി ഉണ്ടാക്കാം. പെരുംജീരകമോ കറുത്ത ജീരകമോ പേസ്റ്റ് ആയി തയ്യാറാക്കി തൈരിൽ കലർത്തി കഴിക്കുക. പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും.