വേനൽകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാതെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. പക്ഷെ ചൂടിൽ നിന്നും ആശ്വാസം കണ്ടെത്തുന്നതിന് തണുത്ത വെള്ളം കുടിക്കുന്നത് നന്നല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഫ്രിഡ്ജിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് നോക്കാം.
- തണുത്ത വെള്ളം കൂടുതലായി കുടിക്കുന്നത് ശരീര പ്രവർത്തനങ്ങളെ ബാധിച്ചേക്കാം, പ്രത്യേകിച്ച് ദഹനവ്യവസ്ഥയെ. ചില ആളുകൾക്ക് പെട്ടെന്നുള്ള വയറുവേദനയോ ദഹനപ്രശ്നങ്ങളോ അനുഭവപ്പെടുന്നു.
- തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് അസ്വസ്ഥതയും തൊണ്ടയിലെ വീക്കം വർധിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചതിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിൽ മ്യൂക്കസ് ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് ജലദോഷം, പനി, അല്ലെങ്കിൽ അലർജി പോലെയുള്ളവയുടെ ലക്ഷണങ്ങൾ ഉണ്ടാക്കും.
- തണുത്തവെളളം രക്തക്കുഴലുകൾ ചുരുങ്ങാനും തൊണ്ടയുടെ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും എന്തെങ്കിലും അണുബാധയുണ്ടെങ്കിൽ അതിന്റെ ഹീലിങ് പ്രോസ്സ് തടസപ്പെടുത്തുകയും ചെയ്യും.
- തണുത്തവെള്ളം ഹൃദയമിടിപ്പ് കുറക്കും. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന വാഗസ് നേർവ് എന്നു വിളിക്കപ്പെടുന്ന ടെൻത് നേർവിനെ പ്രവർത്തനക്ഷമമാക്കുന്നതുമായി ഇതിന് ബന്ധമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
- തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ പല ഞരമ്പുകളെയും തണുപ്പിക്കും. അത് സൈനസ് പ്രശ്നങ്ങൾക്കും മൈഗ്രേയ്നിനും കാരണമാകും.
- തണുത്ത വെള്ളം കുടിക്കുന്നത് വയറിൽ സങ്കോചനം നടക്കുന്നതിനെ സ്വാധീനിക്കും. അത് ഭക്ഷണത്തിന് ശേഷം ദഹനപ്രക്രിയയെ സങ്കീർണ്ണമാക്കുന്നു. ദഹന സമയത്ത് നടക്കുന്ന പോഷകങ്ങളുടെ സ്വാഭാവികമായിട്ടുള്ള ആഗിരണം തണുത്തവെള്ളം തടസ്സപ്പെടുത്തുന്നു.
- ഭക്ഷണത്തിനുശേഷം ഉടനെ വെള്ളം കുടിക്കുന്നത് ആഹാരത്തിൽ നിന്നുള്ള കൊഴുപ്പ് കട്ടിയാവുന്നതിന് കാരണമാകും. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഭക്ഷണത്തിന് ശേഷം 30 മിനിറ്റെങ്കിലും തണുത്തവെള്ളം കുടിക്കാൻ പാടില്ല.
- തണുത്തവെള്ളം കുടിക്കുമ്പോൾ പല്ലിന്റെ ഇനാമൽ ദുർബലമാകുന്നു. അത് സെൻസ്റ്റിവിറ്റിക്ക് കാരണമാകുന്നു.