ഡയറ്റിങ്, ഭക്ഷണം ഒഴിവാക്കുക, ജിമ്മിൽ പോകുന്നത് എന്നിവയെക്കാൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ചില വഴികളുണ്ട്. ഈ വഴികൾ കൃത്യമായും പാലിക്കുകയാണെങ്കിൽ തീർച്ചയായും എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ ആരോഗ്യ ശീലങ്ങൾ ദിവസത്തിന് പോസിറ്റീവ് എനർജി നൽകാനും സഹായിക്കുന്നു.
- രാവിലെ എഴുന്നേറ്റ വഴിയേ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ജലാംശം വർധിപ്പിക്കാനും, ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും.
- പ്രോട്ടീൻ ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണം ശീലമാക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം വിശപ്പ് ഹോർമോണുകളെ നിയന്ത്രിക്കുകയും ആസക്തി കുറയ്ക്കുകയും പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. മുട്ട, ഗ്രീക്ക് യോഗർട്ട്, കോട്ടേജ് ചീസ് അല്ലെങ്കിൽ പ്രോട്ടീൻ ഷേക്ക് എന്നിവ ഉൾപ്പെടുത്താം.
- നടത്തം, യോഗ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നത് മെറ്റബോളിസത്തെ വർധിപ്പിക്കുകയും എൻഡോർഫിനുകൾ പുറത്തുവിടുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- അതിരാവിലെ സ്വാഭാവിക സൂര്യപ്രകാശം ലഭിക്കുന്നത് ശരീരത്തിന്റെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ഉറക്കം മെറ്റബോളിസവും ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഉച്ചയ്ക്കും രാത്രിയും കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ അരിഭക്ഷണങ്ങൾ ചപ്പാത്തി എന്നിവ കുറഞ്ഞ അളവിലും പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൂടുതൽ അളവിലും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക.
- എല്ലാ ദിവസവും രാവിലെ ഭക്ഷണവും ലഘുഭക്ഷണവും ആസൂത്രണം ചെയ്യാൻ കുറച്ച് മിനിറ്റ് മാറ്റിവയ്ക്കുക. ഈ ശീലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും കൂടുതൽ പോഷകപ്രദമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ശരീര ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.