ധാരാളം ആരോഗ്യ, ഔഷധ, സൗന്ദര്യ ഗുണങ്ങളുളള മഞ്ഞൾ നിത്യേന സേവിച്ചാൽ ലഭ്യമാക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. പക്ഷെ മഞ്ഞൾ കലര്‍പ്പില്ലാത്തതായിരിക്കണം. എങ്കിൽ മാത്രമേ ഈ പ്രയോജനങ്ങൾ ലഭിക്കൂ.
- മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യമാണല്ലോ ക്യാൻസര്‍ രോഗത്തില്‍ കാണുക. എന്നാല്‍ കുര്‍ക്കുമിനാകട്ടെ കോശങ്ങളില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുന്നതിനെ ചെറുക്കുന്നു.
- മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിൻ ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന് പല പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളതാണ്. കൊളസ്ട്രോള്‍, ബിപി പോലുള്ള പ്രശ്നങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിനും കുര്‍ക്കുമിന് കഴിയുമത്രേ. ഇത് കൂടിയാകുമ്പോള്‍ ഹൃദയാരോഗ്യത്തിന് കൂടുതല്‍ ഗുണകരമാകുന്നു.
- രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും മഞ്ഞളിന് കഴിവുണ്ട്. ഇതിനും കുര്‍ക്കുമിൻ ആണ് സഹായകമാകുന്നത്. മഞ്ഞള്‍ തന്നെ കുരുമുളകിന് ഒപ്പമാണ് കഴിക്കുന്നതെങ്കില്‍ ഇതിന്‍റെ ഫലം കൂടും. കുരുമുളകിലുള്ള പിപ്പെറിൻ എന്ന കോമ്പൗണ്ട് മഞ്ഞളില്‍ നിന്ന് കുര്‍ക്കുമിൻ കാര്യക്ഷമമായി വലിച്ചെടുക്കുന്നതിന് സഹായിക്കുന്നു. രോഗ പ്രതിരോധശേഷി മെച്ചപ്പെട്ടാല്‍ പിന്നെ അടിക്കടിയുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും വേദനകളില്‍ നിന്നുമെല്ലാം നമുക്ക് മുക്തരാകാം.
- ദഹനപ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവരെ സംബന്ധിച്ച് ഇവയില്‍ നിന്ന് മോചനം ലഭിക്കുന്നതിനും മഞ്ഞള്‍ കഴിക്കാവുന്നതാണ്. കാരണം ദഹനം സുഗമമാക്കുന്നതിനും ഗ്യാസ് നല്ലതുപോലെ കുറയ്ക്കുന്നതിനുമെല്ലാം മഞ്ഞള്‍ വളരെയധികം സഹായിക്കും.
- ശരീരഭാരം കുറയ്ക്കാനും മഞ്ഞള്‍ നല്ലതാണ്. അതിനാല്‍ വെയിറ്റ് ലോസ് ഡയറ്റിലും മഞ്ഞള്‍ ചേര്‍ക്കാവുന്നതാണ്.