നാട്ടുവൈദ്യത്തിൽ ഏറ്റവും ഔഷധയോഗ്യമായ സസ്യമാണ് മഞ്ചട്ടി. സംസ്കൃതത്തിൽ മഞ്ജിഷ്ട,വികസ, യോജന വല്ലി, രക്തയഷ്ടിക എന്നൊക്കെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്നു. 'റൂബിയേഷ്യ' കുടുംബത്തിൽ ഉൾപ്പെട്ട ഈ സസ്യം ഹിമാലയത്തിലെ താഴ് വരകളിലും ഭാരതത്തിൻറെ വടക്കുപടിഞ്ഞാറ് മേഖലകളിലുമാണ് കൂടുതൽ കാണപ്പെടുന്നത്. ഇന്ത്യൻ മാഡ്ഡർ എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Rubia cordifolia Lin എന്നാണ്. ചൊവല്ലിക്കൊടി, ശീവള്ളിക്കൊടി എന്നിങ്ങനെ പ്രാദേശിക നാമങ്ങളിലും ഇത് കേരളത്തിലെ പലഭാഗങ്ങളിലും അറിയപ്പെടുന്നു.
പ്രധാനമായും ഔഷധ വിപണിയിൽ ഇതിന്റെ വേരും ഇലയും ആണ് ഉപയോഗിക്കുന്നത്. പടർന്നുവളരുന്ന ഈ ചെറു സസ്യത്തിന് വേരുകൾക്ക് നേരിയ ചുവപ്പു നിറമാണ്. ഈ വേര് ഉപയോഗപ്പെടുത്തി നിരവധി കഷായങ്ങളും ചൂഷണങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നുണ്ട്.
മഞ്ചട്ടി ഉപയോഗങ്ങൾ
1. മഞ്ചട്ടി വേര് ഉണക്കിപ്പൊടിച്ച് പനിനീരിൽ ലേപനം ചെയ്താൽ ചർമ്മത്തിന് ചുളിവുകൾ ഇല്ലാതാക്കുന്നു.
2. പ്രസവാനന്തരം സ്ത്രീകളുടെ വയറിൽ കാണപ്പെടുന്ന വെളുത്ത പാടുകളും ചുളിവുകളും ഇല്ലാതാക്കാൻ മഞ്ചട്ടി വേര് അരച്ച് പാലിലോ, പനിനീരിലോ പുരട്ടിയാൽ മതി.
3. ശരീരത്തിലുണ്ടാകുന്ന നിറവ്യത്യാസം ഇല്ലാതാക്കാൻ മഞ്ചട്ടിയും നറുനീണ്ടിയും തേനിൽ അരച്ചു പുരട്ടിയാൽ മതി.
4. എത്ര പഴകിയ ത്വക്ക് രോഗങ്ങളും അകറ്റാൻ മഞ്ചട്ടി ഇലയും, മഞ്ഞളും, ഇല്ലത്തിൻകരിയും ചേർത്ത് അരച്ച് മോരിൽ കലക്കി ധാര ചെയ്താൽ മതി.
5. പ്രമേഹരോഗികൾക്ക് ഉണ്ടാകുന്ന ചുട്ടുനീറ്റൽ ഇല്ലാതാക്കുവാൻ മഞ്ചട്ടി വേര് പൊടിച്ചത് കാൽ ടീസ്പൂൺ വീതം വെറും വയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യും.
6. നാഡീരോഗങ്ങൾ അകറ്റുവാനും, വിഷചികിത്സയിലും,നാട്ടുവൈദ്യന്മാർ ഇതിന്റെ വേര് ഉപയോഗപ്പെടുത്തുന്നു.
7. ചുണ്ടുകൾക്ക് നല്ല നിറം നൽകുവാൻ ഇരട്ടിമധുരം മഞ്ചട്ടി എന്നിവ കൽക്കമാക്കി എണ്ണകാച്ചി ചുണ്ടിൽ പുരട്ടിയാൽ മതി.
8. മഞ്ചട്ടി കഷായ രൂപത്തിൽ കഴിച്ചാൽ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു.
9. മൂത്രാശയക്കല്ലുകൾ ഇല്ലാതാക്കുവാൻ മഞ്ചട്ടി വേര് ഉണക്കിപ്പൊടിച്ച് കാൽ ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും രണ്ടു നേരം കഴിക്കുക.
Indian Madder is one of the most medicinal plants in folk medicine. In Sanskrit it is known by various names like Manjishta, Vikas, Yojana Valli and Raktayashtika.
10. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, ഗർഭാശയ ശുദ്ധിക്കും 50 ഗ്രാം മഞ്ചട്ടി എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു സ്പൂൺ തേൻ മേമ്പൊടിയായി ചേർത്ത് ദിവസം രണ്ടുനേരം നാലു ദിവസം വീതം സേവിച്ചാൽ മതി.