മതങ്ങളുമയി ബന്ധപ്പെട്ടാണ് വ്രതം എന്ന വാക്ക് നമുക്ക് പരിചയമായിട്ടുള്ളത്. എല്ലാ മതാചാരങ്ങളും വ്രതങ്ങൾ അനുശാസിക്കുന്നുണ്ട്. പുണ്യം നേടാനുള്ള മാർഗമായി ഇവ കരുതപ്പെടുന്നു. പഴയ തലമുറയിൽ വ്രതങ്ങളുടെ പ്രാധാന്യം കൂടുതലായിരുന്നു. പുതിയ തലമുറകളിൽ എത്തിയപ്പോൾ ഇവയുടെ പ്രാധാന്യം അസ്തമിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരും. മിക്ക വീടുകളിലും പ്രായമായവർ വ്രതം എടുക്കുമ്പോൾ ചെറുപ്പക്കാരും കുട്ടികളും ഒരു തത്വദീക്ഷയുമില്ലാതെ ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ഇതിലൊരു മാറ്റം വേണമോ എന്നുള്ളതാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. പുതിയ തലമുറയിൽ പെട്ടവർക്ക് പഴയ തലമുറയിൽപെട്ടവരുടെ ആരോഗ്യം ഇല്ല എന്നുള്ള കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്.
ഉപവാസത്തെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് ഏതെങ്കിലും തരത്തിൽ അസുഖമുള്ള ആളുകൾ ഒരു ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം വ്രതങ്ങൾ എടുക്കണം എന്നുള്ളതാണ്. പ്രത്യേകിച്ച് ഡയബറ്റിക് ആയിട്ടുള്ളവർ. രക്തത്തിലെ പഞ്ചസാരയുടെ നില വ്രതം എടുക്കുമ്പോൾ വളരെ താഴാൻ സാധ്യതയുണ്ട്. ഇൗ അപകടം മുന്നിൽ കണ്ടുകൊണ്ടാണ് ഒരു വിദഗ്ധ ഉപദേശം തേടാൻ ആദ്യമേ പറഞ്ഞത്.
ആരോഗ്യ പ്രശ്നങ്ങൾ നേരിടാത്ത വ്യക്തികളുടെ കാര്യത്തിൽ വ്രതം അല്ലെങ്കിൽ ഫാസ്റ്റിംഗ് നല്ലതാണ് എന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. പക്ഷേ അത് ശാസ്ത്രീയമായി ചെയ്യേണ്ടതായിട്ടുണ്ട്. പലതരത്തിലുള്ള വ്രതങ്ങളും നാം ചെയ്തു പോരുന്നുണ്ട്. എന്നാൽ ആരോഗ്യഗുണങ്ങൾ കൂടുതൽ നൽകുന്ന ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് ആണ് കൂടുതൽ ഫലപ്രദം എന്നാണ് പുതിയ കണ്ടെത്തൽ.
ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് മതപരമായ വ്രതങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ആരോഗ്യസംരക്ഷണത്തിന് നാം ചെയ്തുപോരുന്ന സമീകൃതാഹാരം വ്യായാമം എന്നിവയോടു കൂട്ടി വേണം ഇത് വായിക്കാൻ. തടി കുറയ്ക്കാനും യൗവനം നിലനിർത്താനും ഉതകുന്ന ഒരു ആരോഗ്യപദ്ധതിയാണ് ഇത്.
ഭക്ഷണം പൂർണമായി ഉപേക്ഷിച്ച് ചെയ്യുന്ന ഉപവാസങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്. ഉദാഹരണത്തിന് ഒന്ന് രണ്ട് ദിവസം ഭക്ഷണം കഴിച്ചശേഷം മൂന്നാമത്തെ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക. ബാക്കിസമയം വെള്ളം മാത്രം കുടിക്കുക. ലോകമെങ്ങും തടിയും വയറും കുറയ്ക്കാൻ ഈ രീതിയാണ് പരീക്ഷിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ ഇത് വിജയകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാംസപേശികൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവർക്കും ഇത് പ്രയോജനകരമാണ്.
ഓട്ടോഫാജി എന്ന ശാരീരിക പ്രക്രിയയെ ഇത് വളരെയധികം സഹായിക്കുന്നു. പഴയ കോശങ്ങൾ നശിച്ച് പുതിയ കോശങ്ങൾ നിർമിക്കപ്പെടുന്ന പ്രക്രിയയാണ് ഓട്ടോഫാജി. രക്തക്കുഴലുകളിൽ കൂടെ രക്തപ്രവാഹം ശരിയായ രീതിയിൽ ആകുന്നതോടെ ശരീരത്തിന് ചെറുപ്പം കൈവരുന്നു എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത. പുതിയ കോശങ്ങൾ നിർമിക്കപ്പെടുമ്പോൾ ചർമത്തിനും പ്രായക്കുറവ് കാണപ്പെടുന്നു.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ എന്ന് നമുക്കറിയാം. ഉപവാസത്തിലൂടെ ശരീരത്തിന് കൈവരുന്ന ആരോഗ്യം മാനസിക പ്രവർത്തനങ്ങളിലും അനുഭവപ്പെടുന്നത് സ്വാഭാവികം. ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് തലച്ചോറിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുതിനാൽ മനസ്സിന് ചെയ്യുന്ന ജോലികളിൽ ഏകാഗ്രത കൈവരിക്കാൻ സാധിക്കുന്നു.
ഇൻറർമിറ്റന്റ ഫാസ്റ്റിംഗിൽ ആദ്യ ആദ്യഘട്ടത്തിൽ ഭക്ഷണം കഴിക്കുന്നത് എട്ടു മണിക്കൂറിൽ ഒതുക്കുന്നു. ബാക്കി 16 മണിക്കൂർ ഉപവാസം. രണ്ടാമത്തെ ഘട്ടത്തിൽ ഭക്ഷണം നാലു മണിക്കൂറിൽ ഒതുക്കി 20 മണിക്കൂർ ഉപവാസത്തിൽ ഏർപ്പെടുന്നു. രണ്ടാമത്തെ ഘട്ടമാണ് കൂടുതൽ പ്രയോജനപ്രദം.ശരീരത്തിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് മുഴുവൻ നീക്കം ചെയ്യാനും പാൻക്രിയാസിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കാനും ഇതിനാകും
വിവിധ രീതിയിൽ ഇത്തരത്തിൽ വ്രതം എടുക്കാനാകും. രാത്രി പത്തു മണിക്കുള്ളിൽ ഭക്ഷണം കഴിച്ച് അവസാനിപ്പിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 2 മണി വരെ ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു രീതിയുണ്ട്. ഇടയ്ക്ക് എനർജി പാനീയങ്ങൾ ആകാം. പൊതുവേ രാത്രി ഭക്ഷണം കഴിഞ്ഞ് രാവിലെ വരെ ഉറങ്ങുന്നത് നമ്മൾ വ്രതമനുഷ്ഠിക്കുന്ന തിന് തുല്യമാണ് . അതിനോടൊപ്പം എട്ടുമണിക്കൂർ കൂടെ കൂട്ടിച്ചേർക്കുന്നു എന്നുള്ളതാണ് രണ്ടു മണിവരെ ഭക്ഷണം കഴിക്കാതിരിക്കുക എന്നതിനർത്ഥം.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത് എന്നൊരു പക്ഷം ഉള്ളതുകൊണ്ട് ഇനി പറയുന്നത് കുറച്ചു കൂടെ മേന്മ അവകാശപ്പെടാനുള്ളതാണ്. ഇതിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ഭക്ഷണം കഴിക്കുക അതിനുശേഷം പിറ്റേന്ന് കാലത്ത് 8:00 വരെ ഉപവസിക്കുക എന്നുള്ളതാണ് രീതി. പകൽ ജോലി ചെയ്യുന്ന സമയത്താണ് ഭക്ഷണം കഴിക്കുക എന്നുള്ളതുകൊണ്ട് എനർജി വളരെവേഗം ഉപയോഗിക്കപ്പെടും. അതുകൊണ്ടു തന്നെ തടി കുറയ്ക്കാൻ ഇൗ മാർഗം ഉത്തമമാണെന്ന് പറയാം.
ഏത് രീതി അവലംബിക്കുക യാണെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ചെറുനാരങ്ങ നീര് ചേർത്ത വെള്ളം ഇന്തുപ്പ് ചേർത്ത് കുടിക്കുന്നത് ക്ഷീണം അകറ്റും. ഇളം മധുരം ഇട്ട് കാപ്പി കുടിക്കുന്നതിലും തെറ്റില്ല.
ഇത്തരത്തിലുള്ള ഒരു രീതിയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ആഴ്ചയിലൊരു ദിവസം ഉപവാസം എടുക്കുക. പിന്നീട് ആഴ്ചയിൽ മൂന്നു ദിവസം വരെ എന്ന രീതിയിലേക്ക് മാറുക. തടി കുറയ്ക്കാനും ഫാസ്റ്റിംഗ് പൂർണ്ണ പ്രയോജനം ലഭിക്കാനും ഇത് ആവശ്യമാണ്.