ജാപ്പനീസ് എൻസെഫലൈറ്റിസ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കണ്ടുവരുന്ന ഒരു രോഗമാണ്. ഫ്ലാവി എന്ന ഒരു തരം വൈറസാണ് ഈ രോഗത്തിന് കാരണം. ഡെങ്കിപ്പനി പോലെ കൊതുകുകളിലൂടെയാണ് രോഗകാരിയായ വൈറസ് മനുഷ്യശരീരത്തിലെത്തുന്നത്.
പ്രധാന ലക്ഷണങ്ങൾ
ചിലരില്‍ നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. എന്നാല്‍ ചിലരിൽ കൂടുതൽ ലക്ഷണങ്ങള്‍ കാണിക്കാം. എന്തായാലും രോഗബാധയേറ്റ നാലിലൊരാള്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ഇതിനെ നിസാരമായി കാണാനേ സാധിക്കില്ല.
പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ജാപ്പനീസ് എൻസഫലൈറ്റിസിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. അടുത്ത ഘട്ടത്തില്‍ രോഗിയില്‍ മാനസിക പ്രശ്നങ്ങള്‍ പ്രകടമാകാം. അതുപോലെ തളര്‍ച്ചയും നടക്കാനും മറ്റും പ്രയാസവും കാണം. ചിലരില്‍ രോഗത്തിന്‍റെ ഭാമായി ചുഴലിയും വരാം. പ്രത്യേകിച്ച് കുട്ടികളിലാണിത് കാണുക.
രോഗബാധയേറ്റ എല്ലാവരിലും 'എൻസഫലൈറ്റിസ്' അഥവാ തലച്ചോര്‍ ബാധിക്കപ്പെട്ട് വീക്കം വരുന്ന അവസ്ഥയുണ്ടാവുകയില്ല. ഇങ്ങനെ ഉണ്ടാകുന്ന രോഗികളില്‍ 20- 30 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുക. ജാപ്പനീസ് എൻസഫലൈറ്റിസിന് പ്രത്യേകമായി ചികിത്സയില്ല. ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങളെ ചികിത്സയിലൂടെ പിടിച്ചുകെട്ടാമെന്ന് മാത്രം. എന്നാലിതിനെ പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാണ്.