ജീവിതശൈലിയെല്ലാം മാറിയതോടെ, ഇന്ന് പലരും, പ്രത്യേകിച്ച് പുതു തലമുറ പഴങ്കഞ്ഞി കാണുമ്പോൾ മുഖം തിരിക്കുന്നവരാണ്. അനാരോഗ്യകരമായ ഭക്ഷണം എന്ന് ചിലരൊക്കെ വിലയിരുത്തിയേക്കാം. തലേന്ന് എടുത്തു വച്ച പുത്തരി കഞ്ഞിയിൽ തൈരോ മോരോ ചേർത്ത് പച്ചമുളകും ചെറിയുള്ളിയും ഇഞ്ചിയും കറിവേപ്പിലയുമെല്ലാം ചേർത്ത് പാകത്തിന് ഉപ്പുമിട്ട് കഴിയ്ക്കുന്ന രുചി പല ഫൈവ്സ്റ്റാർ ബ്രേക്ഫാസ്റ്റിന് പോലും ലഭിയ്ക്കാൻ സാധ്യത കുറവാണ്. പഴങ്കഞ്ഞി സ്വാദിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും കേമനാണ്. ഇതിനാൽ തന്നെയാണ്, പണ്ടു കാലത്ത് പാടത്തും പറമ്പിലും എല്ലു മുറിയെ പണിയെടുത്തിരുന്ന തലമുറയുടെ കാലത്ത് ഇതേറ്റവും ആസ്വാദ്യകരമായ ഭക്ഷണമായതും. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്കഞ്ഞി പഴമയിലെ പുതുമ
ഔഷധഗുണമുള്ള പഴങ്കഞ്ഞിയോളം നല്ല പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന ആ പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു. പല പുതിയ രോഗങ്ങളും അനുദിനം പിറവിയെടുക്കുമ്പോള്‍ നമ്മള്‍ ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന്? ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി.
ബന്ധപ്പെട്ട വാർത്തകൾ: പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ
ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കിടക്കുന്ന ചോറില്‍ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവര്‍ത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറില്‍ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേണ്‍ 73.91 മില്ലിഗ്രാം ആയി വര്‍ദ്ധിക്കുന്നു. എല്ലുകളുടെ ബലം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായകമാണ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ബി 6, ബി 12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ ധാരാളമായുണ്ട്. ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ പൊട്ടാസ്യത്തിൻറെ അസന്തുലിതാവസ്ഥ (ഭാഗം 2) അളവ് കൂടിയാലുണ്ടാകുന്ന ലക്ഷണങ്ങൾ
പഴങ്കഞ്ഞിയുടെ ഗുണങ്ങൾ
* പ്രഭാതഭക്ഷണത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാകുകയും ദിവസം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
* സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു.
* മലബന്ധ പ്രശ്നങ്ങൾക്ക് നല്ലൊരു ഭക്ഷണമാണ് പഴങ്കഞ്ഞി. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കുക മാത്രമല്ല, അൾസർ കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു.
* ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.
* ഒരു കപ്പ് പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു.
* വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണം അകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും.