എല്ലാ വർഷവും ജൂൺ 10 (June 10) ദേശീയ ഔഷധസസ്യ-സുഗന്ധവ്യഞ്ജന ദിനമായി (National Herbs and Spices Day) ആചരിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഏറ്റവും ശുദ്ധമായും പുതുമയിലും ഭക്ഷണ വിഭവങ്ങളിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഭക്ഷണത്തിന് മികച്ച സ്വാദും മണവും നിറവും ലഭിക്കുന്നതിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് ചെറുതല്ല.
മാത്രമല്ല അവയിലെ പോഷക മൂല്യങ്ങൾ ശരീരത്തിന് ഉന്മേഷവും നൽകുന്നു. 2015 മുതലാണ് ജൂൺ 10 ദേശീയ ഔഷധസസ്യ- സുഗന്ധവ്യഞ്ജന ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഇതിനുമുമ്പ് 1999 മുതൽ ഈ ദിവസത്തിന്റെ പേര് ഔഷധ ദിനം (Herb Day) എന്ന് മാത്രമായിരുന്നു. അമേരിക്കയിലാണ് ഔഷധസസ്യ-സുഗന്ധവ്യഞ്ജന ദിനം ആചരിക്കാൻ തുടങ്ങിയതെങ്കിലും ആഗോളതലത്തിലും ഈ ദിവസം ശ്രദ്ധ നേടി തുടങ്ങി.
ബന്ധപ്പെട്ട വാർത്തകൾ: Scrub Typhus: ചെള്ളുപനി ലക്ഷണങ്ങൾ അറിയാം, പ്രതിരോധിക്കാം
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന വിശേഷങ്ങളിലൂടെ...( Major Indian Spices)
സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിലും ഉപയോഗത്തിലും കയറ്റുമതിയിലും ലോകത്ത് ഒന്നാമതാണ് ഇന്ത്യ. അമ്പതിലധികം സുഗന്ധവ്യജ്ഞനങ്ങൾ നമ്മുടെ രാജ്യം ഉൽപാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനം നടക്കുന്നത്. ആന്ധ്രാപ്രദേശിന് പുറമെ കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും ഉൽപാദനത്തിൽ പ്രധാനികൾ.
കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് കുരുമുളക്, ചെറിയ ഏലയ്ക്ക ഉൽപാദനത്തിൽ മുമ്പിൽ. വലിയ ഏലയ്ക്ക ഉൽപാദനത്തിൽ മുൻ നിരയിലുളളത് നാഗാലാന്റ്, സിക്കിം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ്. മുളക് പ്രധാനമായും ഉൽപാദിപ്പിക്കുന്നത് തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലാണ് ഗ്രാമ്പൂ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. ജാതിക്കുരു ഉൽപാദനത്തിൽ മുമ്പിൽ കേരളം, കർണാടക, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളാണ്. കേരളത്തിലും തമിഴ്നാട്ടിലുമാണ് കറുവപ്പട്ട ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്.
ഇഞ്ചി ഉൽപാദനം കൂടുതൽ അസം, മധ്യപദേശ്, കർണാടക എന്നിവിടങ്ങളിലാണ്. കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ മഞ്ഞൾ കൂടുതലായി ഉൽപാദിപ്പിക്കുന്നു. മല്ലി കൂടുതലായി ഉൽപാദിപ്പിക്കുന്നത് രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. ജീരക ഉൽപാദനം ഏറ്റവും കൂടുതൽ രാജസ്ഥാനിലും ഗുജറാത്തിലുമാണ്. പഞ്ചാബിലാണ് സെലറി വിത്തുകൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പെരും ജീരകം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്.
ഉലുവ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ്. അയമോദകം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലാണ് വെളുത്തുള്ളി ഉൽപാദനം കൂടുതൽ. കേരളം, തമിഴ്നാട് കർണാടക എന്നിവിടങ്ങളാണ് പുളി ഉൽപാദനത്തിൽ മുമ്പിൽ.