ചെവിയിലെ അഴുക്ക് അല്ലെങ്കിൽ ചെവിക്കായം നീക്കം ചെയ്യാനായി പലരും പല സാധനങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിൽ ബഡ്‌സാണ് അധികപേരും ഉപയോഗിക്കുന്നത്. പക്ഷെ ബഡ്‌സ് കൊണ്ട് ചെവി വൃത്തിയാക്കാൻ ശ്രമിക്കുന്നത് എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകാനുള്ള സാധ്യത എന്നത് പലർക്കും അറിയില്ല. ഇതിനെ കുറിച്ച് നോക്കാം:
ചെവി വൃത്തിയാക്കാൻ ബഡ്‌സ് ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം, ബഡ്‌സ് ചെവിക്കുള്ളിൽ ഇടുമ്പോൾ ചെവിക്കായം വീണ്ടും അകത്തേയ്ക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് പോയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കൂടാതെ ഇങ്ങനെ ചെയ്യുന്നത്, ബ്രോക്ക് വരാനും ഇയർ ഡ്രം പൊട്ടാനുമുള്ള സാധ്യതയുണ്ട്. ചെവിക്കുള്ളിലെ ചർമ്മം വളരെ ലോലമാണ്. അത് കൊണ്ട് ചർമ്മത്തിന് കേടുവരികയോ കേൾവിശക്തിയെ ബാധിക്കുകയോ ചെയ്യാം.
ചില സമയങ്ങളിൽ ബഡ്‌സിൻറെ അറ്റം ചെവിക്കുള്ളിൽ കൊണ്ടിട്ടും ചെവിക്കുള്ളിൽ മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇയർ ഡ്രമിനെ സംരക്ഷിക്കുകയാണ് ചെവിക്കായം ചെയ്യുന്നത്. രണ്ട് തരത്തിലുള്ള ഗ്രന്ഥികളിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ചെവിക്കായത്തെ Cerumen എന്നും വിളിക്കാറുണ്ട്. Ceruminous gland, Sebaceous glands എന്നീ രണ്ട് ഗ്രന്ഥികളിൽ നിന്നാണ് വാക്സ് ഉണ്ടാകുന്നത്.
ചെവിയിലെ അഴുക്ക് നീക്കം ചെയ്യുന്നതിനായി ഗ്ലസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്, മിനറൽ ഓയിൽ എന്നിവ ഒന്നോ രണ്ടോ തുള്ളി മാത്രം ചെവിയിൽ ഒഴിച്ച് കൊടുക്കുക. അല്ലെങ്കിൽ ഒന്നോ രണ്ടോ തുള്ളി ചെറുചൂടുള്ള വെളിച്ചെണ്ണ ചെവിയിൽ ഒഴിച്ചും ചെവിക്കായം നീക്കം ചെയ്യാം.