ജീവിതചൈര്യയിലെയും ഭക്ഷണശൈലിയിലെയും മാറ്റങ്ങൾ ഹൃദയത്തെ കാര്യമായി ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന ഹാർട്ട് അറ്റാക്ക്, സ്ട്രോക്കുകളുടെ കണക്കുകൾ. പണ്ടൊക്കെ ചെറുപ്പക്കാരെ വലിയ തോതിൽ ബാധിക്കാത്ത ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇന്ന് വ്യാപകമായി കാണുന്നതും ഇക്കൂട്ടരിലാണ്.
കഴിഞ്ഞ 19 വർഷത്തിൽ ഹൃദ്രോഗം മൂലമുള്ള മരണം 20 ലക്ഷത്തിൽ നിന്ന് 90 ലക്ഷമായി ഉയർന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ തന്നെ ലോകത്തെ മൊത്തം മരണങ്ങളിലെ 16 ശതമാനത്തിനും കാരണം ഹൃദ്രോഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ്, ഹൃദയാഘാതവും തുടർന്നുള്ള മരണത്തിന്റെയും ആക്കം കൂട്ടിയായതിനാൽ ഇത്തരം കേസുകൾ ചെറുപ്പക്കാരെയും വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. കേരളത്തിൽ 25 ശതമാനം ചെറുപ്പക്കാർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതശൈലി തന്നെയാണ് ഇതിന്റെ മൂലകാരണവും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ലോക ഹൃദയ ദിനത്തിൽ ഹൃദയത്തെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന് നോക്കാം
മാനസിക പിരിമുറുക്കം, ഡിപ്രഷന്‍, ശരീര സംരക്ഷണക്കുറവ്, വ്യായാമക്കുറവ് എന്നിവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി ഇവയിലൊക്കെ ശ്രദ്ധ നൽകേണ്ട സമയവും അതിക്രമിച്ചുകഴിഞ്ഞു. ഇതിന് പുറമെ, നമ്മുടെ വീട്ടിൽ ലഭ്യമായ ഔഷധഗുണങ്ങളടങ്ങിയ പച്ചക്കറികളും സുഗന്ധദ്രവ്യങ്ങളും ഹൃദ്രോഗം വരാതിരിക്കാൻ ശരീരത്തെ സഹായിക്കുന്നുണ്ട്. ഈ ഔഷധങ്ങൾ ഏതൊക്കെയെന്നും അവയുടെ ഗുണങ്ങളും മനസിലാക്കാം.
ഇഞ്ചി
ബിപി പൂർണമായും മാറ്റാൻ ഇഞ്ചിക്ക് സാധിക്കുമെന്നാണ് പറയുന്നത്. ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചിയിലടങ്ങിയിട്ടുള്ള ഘടകങ്ങൾ കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയ്ക്ക് ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
കറുവാപ്പട്ട
ഹൃദയത്തെ പലതരത്തിൽ സുരക്ഷിതമാക്കാൻ കറുവാപ്പട്ട സഹായിക്കുന്നു. കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും നിയന്ത്രിക്കുന്നു. കൂടാതെ, ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിനും കറുവാപ്പട്ട ഉത്തമമാണ്.
റോസ്
റോസാ ചെടിയുടെ ഇതളും കായും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. റോസാ ചെടിയുടെ കായയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും രക്തധമനികളുടെ ഭിത്തിക്ക് കരുത്ത് പകരുന്നു.
തുമ്പ
ഹൃദയത്തെ ശക്തിപ്പെടുത്തുന്നതിന് തുമ്പ സഹായിക്കും. സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും തുമ്പച്ചെടി ഉപകരിക്കുന്നു. നാഡീവ്യൂഹവുമായി ബന്ധപ്പെട്ടുള്ള ഹൃദയ പ്രശ്‌നങ്ങള്‍ക്കും തുമ്പ ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
ഹൃദയത്തിനെ ആരോഗ്യമാക്കാൻ കൂടുതൽ കരുതാം…
ഹൃദയാരോഗ്യത്തിന് വ്യായാമം ഒഴിച്ചുകൂടാനാവില്ല. അതുപോലെ തന്നെ നിയന്ത്രിക്കേണ്ടതും എന്നാൽ ജീവിതശൈലിയിലേക്ക് ദിവസേന ഉൾപ്പെടുത്തേണ്ടതുമായ ആഹാരങ്ങളും ഏതെന്ന് കൃത്യമായി മനസിലാക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കണം. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരണം. കൂടാതെ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളായാലും രുചിയ്ക്ക് പിന്നാലെ മാത്രം പോകരുത്.
ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യത്തോടെ ഒഴിവാക്കേണ്ടത് പുകവലിയുടെയും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കുന്നതും ഒരു പരിധി വരെ ഹൃദയപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനുതകും.