പനിക്കൂർക്ക പേര് സൂചിപ്പിക്കും പോലെ തന്നെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക . കുട്ടികളിൽ ഉണ്ടാകുന്ന പനി , ജലദോഷം , കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുവാനും പനിക്കൂർക്ക നല്ലൊരു ഔഷധമാണ് .
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പനിക്കൂർക്ക ആയുർവേദത്തിൽ സ്ഥിരമായി ഉപയോഗിച്ച് പോരുന്ന ഔഷധ സസ്യം കൂടിയാണ് .
അധികം ഉയരമില്ലാതെ പടർന്ന് വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര . കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു .നമ്മുടെ തൊടികളിലും മറ്റും ധാരാളമായി കണ്ടു വരുന്ന പലതരം ഔഷധ സസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക .
പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും , പനികൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും , പല തരത്തിലുള്ള രോഗങ്ങൾ ശമിക്കുവാൻ വേണ്ടിയുള്ള ഒരുത്തമ പ്രതിവിധിയാണ് .
മുതിർന്ന ആളുകൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ് സന്ധിവാതം . പനിക്കൂർക്ക ഇലയുടെ നീര് സ്ഥിരമായി സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകുന്നത് മൂലം സന്ധിവാതത്തിന് ഒരു പരിധി വരെ ആശ്വാസം നൽകുന്നതായിരിക്കും .
പല തരത്തിലുള്ള ദഹന പ്രശ്നങ്ങൾക്കും , ശർദ്ധി , വയറിളക്കം എന്നിവക്കും പനിക്കൂർക്ക ഇലയുടെ നീര് സേവിക്കുന്നത് ഗുണം ചെയ്യും . പനികൂർക്കയുടെ ഇല പിഴിഞ്ഞ് നീരെടുത്തു കൽക്കണ്ടത്തിനൊപ്പം സേവിക്കുന്നത് ചുമക്ക് നല്ലതാണ് .
പനികൂർക്കയുടെ ഇലയും തണ്ടും തീയിൽ വാട്ടിയതിന് ശേഷം നീരെടുത്ത് നെറുകയിൽ പുരട്ടുന്നത് ജലദോഷം , നീർക്കെട്ട് എന്നിവ ശമിക്കാൻ ഉത്തമമാണ് . പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുന്നത് അവർക്ക് പനി വരുന്നത് തടയാൻ സഹായിക്കും