കുഞ്ഞുങ്ങളുടെ ചെറിയ അസ്വസ്ഥതകള്‍ പോലും മാതാപിതാക്കളെ വലിയ ആശങ്കയിലാഴ്ത്തും. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്ക് അവരെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോകുന്നതും പ്രായോഗികമല്ല.
കുഞ്ഞുങ്ങള്‍ക്ക് ചെറിയ ജലദോഷമോ പനിയോ വന്നാല്‍ പണ്ടൊക്കെ നമ്മുടെ മുത്തശ്ശിമാര്‍ നിര്‍ദേശിച്ചിരുന്നത് പനിക്കൂര്‍ക്കയിലയായിരുന്നു. യാതൊരുവിധ പാര്‍ശ്വഫലങ്ങളും വരുത്താത്ത ഈ സസ്യം പണ്ടുകാലത്ത് മിക്ക വീട്ടുമുറ്റത്തും നിര്‍ബന്ധമായും നട്ടുപിടിപ്പിച്ചിരുന്നു.
കുട്ടികളെ അലട്ടുന്ന പല രോഗങ്ങള്‍ക്കും പനിക്കൂര്‍ക്ക ഉത്തമ ഔഷധമാണ്. ഞവര, കര്‍പ്പൂരവല്ലി, കഞ്ഞിക്കൂര്‍ക്ക എന്നുമെല്ലാം പ്രാദേശികമായി ഈ സസ്യം അറിയപ്പെടുന്നു. പനിക്കൂര്‍ക്കയുടെ ഇലയ്ക്കും ഇതിന്റെ നീരിനും ഔഷധഗുണങ്ങള്‍ ഏറെയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പനി മാറുവാനുളള ഏറ്റവും മികച്ച ഔഷധമാണ് പനിക്കൂര്‍ക്ക. കുഞ്ഞുങ്ങളിലെ പനി, ജലദോഷം, കഫക്കെട്ട് ചുമ, നീര്‍ക്കെട്ട്, വയറുവേദന എന്നീ രോഗങ്ങള്‍ക്കുളള പ്രതിവിധിയായി പനിക്കൂര്‍ക്ക ഉപയോഗിക്കാറുണ്ട്. കുട്ടിക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണിത്.
പനിക്കൂര്‍ക്കയുടെ ഇല തീയില്‍ വാട്ടിപ്പിഴിഞ്ഞെടുത്താല്‍ അതിന്റെ നീര് ലഭിക്കും. തീയുടെ മുകളില്‍ വച്ചു വാട്ടുകയോ ആവി കയറ്റുകയോ ചെയ്താല്‍ മതിയാകും. കൈകൊണ്ടുതന്നെ പിഴിഞ്ഞാല്‍ ഇതിന്റെ നീര് ലഭിക്കും, പനിക്കൂര്‍ക്കയുടെ നീര് കുട്ടികളുടെ നെറുകയില്‍ തടവുന്നത് ഏറെ നല്ലതാണ്. കുട്ടികളിലെ പനി, ജലദോഷം, നീരുവീഴ്ച എന്നിവയ്‌ക്കെല്ലാം പരിഹാരമാകും. പനിക്കൂര്‍ക്കയുടെ ഇല ചൂടാക്കി പിഴിഞ്ഞെടുക്കുന്ന നീര് മൂന്നുനേരം മൂന്ന് ദിവസമായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാം. പനിക്കൂര്‍ക്കയുടെ ഇല വെളളത്തിലിട്ട് തിളപ്പിച്ച് ആ വെളളത്തില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും ഏറെ നല്ലതാണ്. ജലദോഷം കുറയ്ക്കാനും കുഞ്ഞുങ്ങളിലെ നീരുവീഴ്ച കുറയ്ക്കാനും ഇത് സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉത്തമമായ ഔഷധമാണിത്.കുട്ടികളിലെ ഗ്രഹണി രോഗത്തിന് മറ്റ് ഭക്ഷണങ്ങളുടെ കൂടെ ഇതിന്റെ ഇല അല്പാല്പം ചേര്‍ത്ത് നല്‍കിയാല്‍ മതിയാകും. കുട്ടികളിലെ വയറുവേദനയ്ക്കും വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുളള പ്രതിവിധിയായും പനിക്കൂര്‍ക്ക ഉപയോഗിക്കാം. ഇലയുടെ നീരെടുത്ത് ഇതില്‍ പഞ്ചസാര ചേര്‍ത്തു നല്‍കാം.
ഛര്‍ദി, വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുമെല്ലാം പനിക്കൂര്‍ക്ക ഉപയോഗിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വയറിളക്കാന്‍ നല്‍കാവുന്ന മികച്ച മരുന്നാണ് പനിക്കൂര്‍ക്ക. ത്രിഫലയുടെ കൂടെ ഇതിന്റെ ഇല അരച്ചത് കഴിച്ചാല്‍ വിരശല്യം മാറാനും നല്ലതാണ്.