ഗ്രീക്കുകാർ, റോമാക്കാർ, ഈജിപ്തുകാർ എന്നിവർ ഉപയോഗിച്ചിരുന്ന പുരാതന ഔഷധമാണ് പെപ്പർമിന്റ് (Peppermint). ഉന്മേഷദായകവും സ്വാദിഷ്ടവുമായ പെപ്പർമിന്റ് ടീ (Peppermint Tea) നിങ്ങൾക്ക് മാനസികമായും ശാരീരികമായും പലവിധ ഗുണങ്ങൾ നൽകുന്നു. പെപ്പർമിന്റിൽ പേശി സമ്മർദം കുറയ്ക്കുന്നതിനുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അധികം പഞ്ചാരയാവണ്ട! പകരക്കാരാണ് ആരോഗ്യത്തിന് നല്ലത്
ഇത് തലച്ചോറിലെ GABA റിസപ്റ്ററുകളെ സ്വാധീനിച്ചാണ് സമ്മർദം കുറയ്ക്കുന്നത്. ഇങ്ങനെ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു. സമ്മർദം കുറയ്ക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നതിനാൽ തന്നെ ജോലിസ്ഥലത്ത് ഒഴിവ് സമയങ്ങളിലോ ശാരീരികമായി ക്ഷീണിച്ചിരിക്കുമ്പോഴോ പെപ്പർമിന്റ് ടീ ശീലമാക്കാം.
വേനൽക്കാലങ്ങളിൽ വൈകുന്നേരം പെപ്പർമിന്റ് ചായ പതിവാക്കിയാൽ അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കും. ഇതിന് പുറമെ ഒട്ടനവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളും പെപ്പർമിന്റ് ടീയിൽ നിന്ന് ലഭിക്കും. ഒരു കപ്പ് പെപ്പർമിന്റ് എങ്ങനെയൊക്കെ നിങ്ങളുടെ ശരീരത്തിന് പ്രയോജനപ്പെടുന്നുവെന്ന് പരിശോധിക്കാം.
-
ദഹനം മെച്ചപ്പെടുത്തുന്നു (Improves digestion)
പെപ്പർമിന്റ് ടീയിലെ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദഹനത്തെ പ്രോതാസാഹിപ്പിക്കുന്നു. ഇതിൽ അഡാപ്റ്റോജെനിക് ഗുണങ്ങൾ ഉള്ളതിനാൽ, ശരീരത്തെ സന്തുലിതമാക്കാനും സഹായിക്കും.
-
തലവേദന ശമിപ്പിക്കുന്നു (Relieves headache)
പെപ്പർമിന്റിലുള്ള സജീവ ഘടകങ്ങൾ തലവേദന കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നിങ്ങൾക്ക് തലവേദന അനുഭവപ്പെടുമ്പോൾ, ഒരു കപ്പ് പെപ്പർമിന്റ് ടീ വേദന ശമിപ്പിക്കാനായി ഉപയോഗിക്കാം. കൂടുതൽ ആശ്വാസത്തിനായി ചായ തയ്യാറാക്കുമ്പോൾ കുറച്ച് തുളസിയും ജടാമഞ്ചിയും ഇഞ്ചിയും പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും ചേർക്കാവുന്നതാണ്.
-
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു (Resists free radicals)
ശരീരത്തിലെ കോശവളർച്ചയെയും വികാസത്തെയും തടസ്സപ്പെടുത്തുന്ന ഫ്രീ റാഡിക്കലുകൾക്കെതിരെ പെപ്പർമിന്റിലുള്ള ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.
-
വായ്നാറ്റത്തിന് പോംവഴി (Remedy to bad breath)
മിക്ക മൗത്ത് ഫ്രെഷനറുകളിലും പെപ്പർമിന്റ് ചേർക്കാറുണ്ട്. അതിനാൽ തന്നെ പെപ്പർമിന്റ് ടീ കുടിക്കുന്നത് ഉന്മേഷവും പുതുമയുമാർന്ന ഗന്ധം നൽകും. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദുർഗന്ധത്തിന് കാരണമാകുന്ന ഘടകങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നും രാവിലെ പെപ്പർമിന്റ് ടീ ശീലമാക്കാമെന്ന് മാത്രമല്ല, വെളുത്തുള്ളിയോ മുട്ടയോ പോലുള്ള കടുത്ത ദുർഗന്ധമുള്ള ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷവും നിങ്ങൾക്ക് പെപ്പർമിന്റ് ടീ കുടിക്കാം.
-
സമ്മർദം കുറയ്ക്കുന്നു (Reduces stress)
പെപ്പർമിന്റ് ടീ സമ്മർദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകുന്നതിനുള്ള മികച്ച ഉപാധിയാണ്. ചൂടുള്ള പെപ്പർമിന്റ് ടീ കുടിക്കുന്നത് ശരീര താപനില കുറയ്ക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാനും വീക്കം കുറയ്ക്കാനും അനുവദിക്കുന്നു. ഇതിലുള്ള ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
-
ആരോഗ്യമുള്ള ചർമവും മുടിയും പ്രോത്സാഹിപ്പിക്കുന്നു (Promotes healthy skin and hair)
ആരോഗ്യമുള്ള തലയോട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിന്, സലൂണുകളിലും പെപ്പർമിന്റ് ഉപയോഗിക്കുന്നു. ചൊറിച്ചിൽ കുറയ്ക്കാനും വരണ്ട തലയോട്ടിയ്ക്ക് പോഷകം നൽകാനും ഇത് സഹായകരമാണ്. പെപ്പർമിന്റ് ടീ ഉപയോഗിച്ച് മുടി കഴുകിയാൽ കേശവളർച്ച ഉണ്ടാകും.
ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സുഷിരങ്ങൾ അടഞ്ഞേക്കാവുന്ന മാലിന്യങ്ങളെ തടയാനും സഹായിക്കുന്നു. ചർമത്തിലെ തിണർപ്പ്, പ്രകോപനം, മറ്റ് പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ശമനം ഉണ്ടാകാനും പെപ്പർമിന്റിന്റെ പോഷകങ്ങൾ മികച്ചതാണ്.