കേരളത്തിന്റെ വിദേശ ഫലത്തോട്ടത്തിലേക്കു ഒരു പുതിയ താരം കൂടി വിരുന്നെത്തി ഫൽസ. പാക്കിസ്ഥാനിൽ നിന്നും വിരുന്നെത്തിയ പഴചെടിയാണിത്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന തൊണ്ടിപ്പഴവുമായി കായ്കൾക്കും ഇലകൾക്കും ചെറിയ സാദൃശ്യമുണ്ട് . ഏതു മണ്ണിലും നന്നായിഫലം തരുന്ന ഫൽസ ധാരാളം ചെറുശാഖകളോടെ ചെറിയ കുറ്റിച്ചെടി പോലെയാണ് വളര്‍ച്ച. ദീര്‍ഘവൃത്താകാരമായ ചെറിയ ഇലകള്‍, കടുപ്പം കുറഞ്ഞ തടി എന്നീ പ്രത്യേകതകളുമുണ്ട്.സാധാരണയായി ഉഷ്ണ - മിതോഷ്ണ കാലാവസ്ഥകളിൽ വളർന്നു വരുന്നതായതിനാൽ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും.
പച്ചനിറത്തിൽ കാണപ്പെടുന്ന ഫൽസാ കായ്കൾ രണ്ടു മാസം കൊണ്ട് വിളയുമ്പോള്‍ ചുവപ്പു നിറവും പൂര്‍ണമായും പഴുക്കുമ്പോള്‍ ചുവപ്പു കലര്‍ന്ന കറുപ്പുനിറവുമായിത്തീരും. ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ക്ക് മധുരവും നേരിയ പുളിയും കലര്‍ന്ന രുചിയാണ്. ഭക്ഷ്യപാനീയങ്ങള്‍ നിര്‍മിക്കാന്‍ ഫല്‍സാ പഴങ്ങള്‍ ഉപയോഗിക്കാം. ചെറുവിത്തുകള്‍ പാകി മുളപ്പിച്ചെടുത്ത തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. പതിവെച്ച തൈകളും യോജിച്ചതാണ്. വെള്ളക്കെട്ടില്ലാത്ത മണ്ണില്‍ ജൈവ വളങ്ങള്‍ ചേര്‍ത്ത് ഫല്‍സ നടാം.