ആലപ്പുഴ : കോവിഡ് 19 ജാഗ്രത നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്ന് നിർദേശം നൽകി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് ജോസഫ്.
ആരോഗ്യ ജാഗ്രത മഴക്കാല പൂര്‍വ്വ ശുചീകരണയജ്ഞം സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എ.ഡി. എമ്മിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലായിരുന്നു നിർദേശം.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികള്‍ യോഗത്തിൽ അവലോകനം ചെയ്തു.
വാര്‍ഡുതല സമിതികളുടെ നേതൃത്വത്തില്‍ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് കൊതുക് നശീകരണത്തിന്റെ ഭാഗമായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലാശയങ്ങള്‍ ക്ലോറിനേഷന്‍ നടത്തുന്നതിനും ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കല്‍ ഉള്‍പ്പെടെയുളള ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായി യോഗം വിലയിരുത്തി.
പഞ്ചായത്തുതലത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 832 വാര്‍ഡുകളില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ബാക്കിയുള്ള സ്ഥലങ്ങളിൽ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം ചെയ്യുന്നതിനും തദ്ദേശ തലത്തില്‍ നടപടികള്‍ സ്വീകരിക്കും. ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിന് മാഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഇനി ഞാന്‍ ഒഴുകട്ടെ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമിതികളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കി. മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ഡി.എം.ഒ പറഞ്ഞു.