നമ്മുടെ മാറിയ ശൈലിയും നഗരവത്ക്കരണവും നമുക്ക് നഷ്ടമാക്കിയ ഔഷധികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒരിനമാണ് മുക്കൂറ്റി.ഇപ്പോൾ കർക്കിടകമാസമാണ് മുറ്റത്തും തൊടിയിലും നിറയെ മഞ്ഞപൂക്കളുമായി കുഞ്ഞു കുഞ്ഞു മുക്കുറ്റികൾ പൂത്തുനിൽക്കുന്ന സമയം . കുറച്ചു മുക്കുറ്റി വിശേഷങ്ങൾ അറിയാം ദശപുഷ്‌പങ്ങളില്‍പ്പെട്ട ഒരു ഔഷധ സസ്യമാണ് മുക്കുറ്റി. ശാഖകളില്ലാത്ത ഈ സസ്യം പത്ത് സെന്റീമീറ്റര്‍ മുതല്‍ പതിനഞ്ച് സെന്റീമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ വളരാറില്ല. .വര്‍ഷത്തില്‍ എല്ലാ സമയത്തും പൂക്കും. മഞ്ഞനിറമുളള പൂവ് തീരെ ചെറുതും സുഗന്ധമില്ലാത്തതുമാണ്. വിത്തുകള്‍ വഴിയാണ് തൈകള്‍ ഉല്‌പാദിപ്പിക്കപ്പെടുന്നത്. മരുന്നു നിര്‍മ്മാണ യൂണിറ്റുകളാണ് മുക്കുറ്റി വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും താനെ കിളിര്‍ത്തു വരുന്നു. കാറ്റില്‍ കൂടിയുളള വിത്തിന്റെ പ്രജനനമാണ് ഇതിനു കാരണം.
മുക്കുറ്റിക്ക് നിരവധി ഔഷധഗുണങ്ങളും ഉപയോഗങ്ങളും ഉണ്ട്. സമംഗാദി കഷായം, ശുണ്‌ഠീ സമംഗാദി കഷായം എന്നിവയില്‍ മുക്കുറ്റി ചേരുവയാണ്. മുക്കുറ്റി മുഴുവനായും അരച്ച് തേനുമായി ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കം, ചുമ, കഫകെട്ട്, ആസ്‌തമ, പാര്‍ശ്വവേദന എന്നിവ ശമിക്കും. വൃണങ്ങളില്‍ വിത്ത് അരച്ച് പുരട്ടിയാല്‍ വൃണങ്ങള്‍ ഉണങ്ങി ഭേദമാകും. പ്രസവശേഷം ഗര്‍ഭാശയ ശുദ്ധിയ്‌ക്ക് മുക്കുറ്റിയും, അരിപ്പൊടിയും, ശര്‍ക്കരയും ചേര്‍ത്ത് കുറുക്കി കഴിയ്‌ക്കുക. മുക്കുറ്റിയുടെ വേര് മൂന്ന് ഗ്രാം മുതല്‍ ആറു ഗ്രാം വരെ അരച്ച് നിത്യേന കഴിക്കുകയാണങ്കില്‍ ഗൊണേറിയ ശമിക്കും. എക്കിള്‍ മാറുന്നതിനു മുക്കുറ്റി അരച്ച് വെണ്ണയില്‍ സേവിക്കുക. കൊടുഞ്ഞി മാറുന്നതിനു മുക്കുറ്റി അരച്ച് പാര്‍ശ്വങ്ങളില്‍ പുരട്ടുക. കടന്നലോ, പഴുതാരയോ കുത്തിയാല്‍ മുക്കുറ്റി അരച്ച് സ്വല്‌പം വെണ്ണ ചേര്‍ത്ത് കുത്തിയ ഭാഗത്ത് പുരട്ടിയാല്‍ മതിയാകും. തീപ്പൊള്ളലുണ്ടായാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുക.