പ്രമേഹം മാറുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ റിവേഴ്‌സല്‍ ഓഫ് ഡയബെറ്റിസ് അഥവാ റെമിഷന്‍ ഓഫ് ഡയബെറ്റിസ് എന്ന അവസ്ഥയുണ്ട്.
ഇത് പ്രമേഹ ആരംഭക്കാരിലും അമിത വണ്ണമുള്ളരിലും കാണുന്ന അവസ്ഥയാണ്. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവനും മരുന്നൊന്നും കൂടാതെ തന്നെ പ്രമേഹം നോര്‍മലായി നില്‍ക്കുന്ന അവസ്ഥയാണിത്. അതായത് പ്രമേഹം മാറി നില്‍ക്കുന്ന അവസ്ഥ. ഇത്തരം ഘട്ടത്തില്‍ പ്രമേഹം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. പ്രമേഹത്തിനടക്കം പല രോഗങ്ങള്‍ക്കും കാരണമാകുന്ന അമിത വണ്ണമാണ്. പ്രത്യേകിച്ചും വയറിനു ചുററും അടിഞ്ഞു കൂടുന്ന വിസറല്‍ ഫാറ്റ്. ഇതിനാല്‍ തന്നെ ആകെയുള്ള ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പമോ അതിലോ പ്രധാനമാണ് വയര്‍ കുറയ്ക്കുകയെന്നത്. ഇത് പ്രമേഹത്തിന്റെയും കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണമാകുന്നു.
പ്രമേഹം
രണ്ടു തരം പ്രമേഹമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2 ഡയബെറ്റിസ് എന്നിവയാണിത്. ഇതുണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണിത്. പ്രായം കൂടുന്തോറും കൊഴുപ്പ് ഏറി വരുന്നു. ഇതാണ് പ്രമേഹം, കൊളസ്‌ട്രോള്‍, വന്ധ്യത, ഫാറ്റി ലിവര്‍, ഹൃദയ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒരു പിടി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഈ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ഇത്തരം പല രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. അതായത് ഈ രണ്ട് അവസ്ഥകള്‍ കാരണമാണ് പ്രമേഹം വന്നതെങ്കില്‍ ഇത് മരുന്നില്ലാതെ തന്നെ മാറ്റിയെടുക്കാന്‍ സാധിയ്ക്കും.
ഊര്‍ജം
പ്രമേഹത്തിന്റെ കാര്യം മാത്രമെടുത്താല്‍ ഇതിനായി നല്ല ഭക്ഷണം ശീലമാക്കുകയെന്നതാണ് പ്രധാനം. നാം എത്ര ഭക്ഷണം കഴിയ്‌ക്കേണ്ടത് എന്നതിനെ കുറിച്ചു പറഞ്ഞാല്‍ ദിവസവും നാം എത്ര ഊര്‍ജം ഉപയോഗിയ്ക്കുന്നു, അതായത് നമ്മുടെ ശരീരത്തിന് എത്രത്തോളം ഊര്‍ജം എന്നത് പ്രധാനം. നമ്മുടെ ശരീരത്തില്‍ അന്നജം എത്തുന്നത് കൊഴുപ്പു കുറഞ്ഞ അന്നജമാണെന്ന് ഉറപ്പു വരുത്തുക. മധുരം, ധാന്യം, കിഴങ്ങ്, ഫ്രൂട്‌സ്, പച്ചക്കറികള്‍ എന്നിവ ഇതില്‍ പെടുന്നു. ഇതില്‍ ധാന്യം, കിഴങ്ങ് എന്നിവ കുറച്ച് മറ്റുള്ളവ കൂടുതല്‍ കഴിയ്ക്കാം. അതായത് കൊഴുപ്പു കുറഞ്ഞ അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് കഴിയ്ക്കാം. പച്ചക്കറികള്‍ തന്നെയാണ് ഇതില്‍ ഏറെ നല്ലത്. ഇതിനു താഴേ പഴങ്ങള്‍, ഇതിന് താഴേയായി ധാന്യം, കിഴങ്ങ്, ഏറെ താഴെ മധുരം, ഇത് കഴിവതും ഒഴിവാക്കുക. ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കാം.
പ്രമേഹ നിയന്ത്രണം
ശരീരത്തിന് ആവശ്യമായതില്‍ കൊഴുപ്പും വരുന്നു. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പു കഴിയ്ക്കാം. നട്‌സ്, ഒലീവ് ഓയില്‍ എന്നിവയെല്ലാം ആകാം. ഇതിനായി നമുക്ക് ഫുഡ് പ്ലേറ്റ് തയ്യാറാക്കാം. ഈ പ്ലേററില്‍ പകുതി പച്ചക്കറി, കാല്‍ ഭാഗത്തില്‍ കൂടുതല്‍ പഴങ്ങള്‍, ബാക്കി മാത്രം ധാന്യങ്ങളോ കിഴങ്ങോ എന്നത്. ഇത് പ്രമേഹമുള്ളവര്‍ക്ക് മാത്രമല്ല, പ്രമേഹം വരാതിയ്ക്കാനും നല്ലതാണ്. തികച്ചും ആരോഗ്യകരമായ ഭക്ഷണ ശൈലിയാണിത്. ഭക്ഷണ ശൈലി വഴി പ്രമേഹ നിയന്ത്രണം ശീലമാക്കുന്നവരില്‍ പ്രമേഹം മരുന്നില്ലാതെ മാറി നില്‍ക്കുന്ന അവസ്ഥയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതായത് പ്രമേഹം വന്നാല്‍ മാറില്ലെന്നതു ശരിയല്ലെന്നു വേണം, പറയുവാന്‍. നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ഗുണം നല്‍കുവാന്‍ ഭക്ഷണത്തിന് സാധിയ്ക്കും.
വയറിന്റെ ചുറ്റളവ്
പ്രമേഹം 80 ശതമാനത്തിലധികം പേരിലും കുറയ്ക്കാന്‍ സാധിയ്ക്കും. പ്രധാനപ്പെട്ടത് തടി കുറയ്ക്കുകയെന്നതാണ്. പ്രധാനമായും വയറിന്റെ ചുറ്റളവ് സ്ത്രീകളില്‍ 80 സെന്റീമീറ്ററിലും പുരുഷന്മാരില്‍ 90 സെന്റീമീറ്ററിലും താഴെ നില്‍ക്കുന്നുവെങ്കില്‍ പ്രമേഹ സാധ്യത കുറയ്ക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്നത്തെ കാലത്ത് സ്‌കൂള്‍ കുട്ടികളില്‍ പോലും പ്രീ ഡയബെറ്റിക് അവസ്ഥ കണ്ടു വരുന്നു. പ്രത്യേകിച്ചും കുടുംബപാരമ്പര്യത്തില്‍ ഈ രോഗമെങ്കില്‍. ഇത്തരം പാരമ്പര്യമെങ്കില്‍ കുട്ടികളില്‍ പോലും ആരോഗ്യകരമായ ഭക്ഷണ, വ്യായാമ ശൈലികള്‍ രൂപപ്പെടുത്തിയെടുക്കണം.