സംഭാരം ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. സംഭാരം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന ഗുണഗണങ്ങൾ അനവധി. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഈയൊരു പാനീയം മാത്രം മതി.
കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ ബി, പ്രോട്ടീൻ, ഫോസ്ഫറസ്, അയേൺ, സിങ്ക് തുടങ്ങി അനവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്ന സംഭാരം നിത്യവും ഒരു ഗ്ലാസ് കുടിക്കുന്നത് ആരോഗ്യ ജീവിതത്തിൽ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നമുള്ളവർക്ക് വെറും വയറ്റിൽ രാവിലെ തന്നെ സംഭാരം കുടിക്കാവുന്നതാണ്. ദഹനപ്രക്രിയ ശക്തിപ്പെടും എന്നുമാത്രമല്ല മലബന്ധം, ഗ്യാസ്ട്രബിൾ തുടങ്ങിയ അനവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.
ഇതു മാത്രമല്ല ഈ പ്രക്രിയ ശരീരത്തിൽ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിന് ചായയും കാപ്പിയും ഒഴിവാക്കി വെറും വയറ്റിൽ സംഭാരം കുടിക്കുകയാണ് ഉത്തമം. അല്പം ഇഞ്ചിയും മുളകും കരിവേപ്പിലയും ഉപ്പും ചേർത്ത് ഉണ്ടാക്കുന്ന പാനീയം ഡീഹൈഡ്രേഷൻ എന്ന പ്രശ്നത്തെ മറികടക്കാനും നല്ലതുതന്നെ. കാൽസ്യം ധാരാളമുള്ളതിനാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ നല്ലത്. ഇഞ്ചിയും കറിവേപ്പിലയും ചേർന്ന ഈ പാനീയം രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.
ദിവസവും ഒരു ഗ്ലാസ് മോരും വെള്ളം കുടിക്കുന്നത് വിളർച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. ഇത് അമിതവണ്ണം കുറയ്ക്കുവാനും ഗുണം ചെയ്യും. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനും, അണുബാധകൾ തടയാനും, കരൾ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിലും മികച്ച പാനീയം വേറെയില്ല. പാലിനേക്കാൾ വേഗത്തിൽ ദഹനപ്രക്രിയ നടക്കുന്ന ഒന്നാണ് മോര്. കൊഴുപ്പ് തീരെ ഇല്ലാത്ത ഒരു പാനീയം കൂടിയാണിത്. പാല് കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ദിവസവും മോരുവെള്ളം കുടിക്കാവുന്നതാണ്. ഇത് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ല. പാലിൽ ലാക്റ്റോസ് എന്ന ഘടകം ദഹനത്തിനു കട്ടി കൂട്ടുമ്പോൾ മോരിൽ അത്തരത്തിൽ ഒരു പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.
ഒരു ദിവസം ഒരു ഗ്ലാസ് സംഭാരം കുടിക്കുന്നത് വഴി ശരീരത്തിനാവശ്യമായ ഊർജ്ജം ഇത് പ്രദാനം ചെയ്യുന്നു. ഇതിലെ ബയോ ആക്ടീവ് പ്രോട്ടീൻ ക്യാൻസറിനെ തടയുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. ഇതുകൂടാതെ ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരു കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണ്. മോരു ഉപയോഗിച്ച് മുഖവും മുടിയും കഴുകുന്നത് നല്ലതാണ്. മുടിക്ക് കരുത്തു പകരുവാനും മുഖം തിളങ്ങുവാനും പച്ചമോര് ഉപയോഗിക്കാം.