മലയാളിയുടെ വിഭവങ്ങളിലെ ജനപ്രിയതാരമാണ് ഉള്ളി. ഉള്ളി ചേർത്താൽ കറിയ്ക്ക് സ്വാദ് കൂടുമെന്നത് തന്നെയാണ് പാചകത്തിൽ ഇതിന് ഇത്രയും വലിയ സ്ഥാനം നൽകാനുള്ള കാരണവും. അതിനാൽ തന്നെ ഉള്ളി ഇല്ലാതെ ഒരു ഭക്ഷണം മലയാളിക്ക് ചിന്തിക്കാനാവില്ല.
ചെറിയ ഉള്ളി, വലിയ ഉള്ളി, വെളുത്തുള്ളി സവാള എന്നിങ്ങനെ നിരവധി വ്യത്യസ്തതകൾ ഉൾപ്പെടുന്ന കുടുംബമാണ് ഉള്ളിയുടേത്. വിറ്റാമിന്‍ സി, സള്‍ഫര്‍ സംയുക്തം, ഫൈറ്റോകെമിക്കല്‍സ്, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണെന്നും പറയാം. നമ്മുടെ പ്രതിരോധശക്തിയെ പരിപോഷിപ്പിക്കുന്നതിനും കോളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉള്ളി ഫലപ്രദമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഉള്ളി സഹായിക്കും.
ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഉള്ളി സമൃദ്ധമായി കേശം വളരുന്നതിനും സഹായകരമാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ താരൻ പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനും, മുടി കൊഴിച്ചിൽ നിയന്ത്രിച്ച് മുടി തഴച്ചുവളരുന്നതിനും സഹായിക്കുന്നു.
ചർമത്തിലുണ്ടാകുന്ന കറുത്ത പാടുകൾക്കും പിഗ്മെന്റേഷൻ പ്രശ്നങ്ങൾക്കും സവാള മികച്ച ഫലം തരുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിലൂടെ ചർമത്തിന് ആരോഗ്യം ലഭിക്കും. ഫൈറ്റോകെമിക്കലുകൾ ഉള്ളിയിൽ അടങ്ങിയിരിക്കുന്നതിനാൽ ഉറക്ക തകരാറുകളെ പരിഹരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഉറക്കമില്ലായ്മക്കുള്ള പരിഹാരമായി സൂപ്പായും മറ്റും കഴിയ്ക്കാറുണ്ട്.
ഉള്ളി നല്ലതാണോ?
എന്നാൽ ഉള്ളിയോടുള്ള ഈ അമിതസ്നേഹം നല്ലതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അമിതമായാല്‍ അമൃതും വിഷമെന്ന് പറയുന്ന പോലെ ഉള്ളിയും അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമാകും. ഉള്ളിയില്‍ കാര്‍ബോ ഹൈഡ്രേറ്റ് അധികമാണ്. ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉള്ളിയുടെ അമിത ഉപഭോഗം കാരണമാകും.
ത്വക്കില്‍ അസ്വസ്ഥതയുണ്ടാക്കും. ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ ഇത് തടസ്സപ്പെടുത്തുന്നതിനും സാധ്യത കൂടുതലാണ്. ഉള്ളിയോട് അലര്‍ജിയുണ്ടെങ്കിൽ അത് കണ്ണ് ചൊറിച്ചിലിനും കണ്ണ് ചുവക്കുന്നതിനും കാരണമാകും.
അതുപോലെ റിഫ്ലക്സ് അല്ലെങ്കില്‍ ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗമുള്ളവർ ഉള്ളിയുടെ ഉപയോഗം കഴിവതും കുറയ്ക്കുക. കാരണം ഇത് നെഞ്ചെരിച്ചിലിന് കാരണാകുന്നു.
ചിലപ്പോഴൊക്കെ ഉള്ളി ചർമത്തിൽ പ്രകോപനങ്ങൾക്കും കരപ്പൻ പോലുള്ള ത്വക്ക് രോഗങ്ങളിലേക്കും നയിക്കും. അമിതമായി ഉള്ളി കഴിക്കുന്നത് കൊണ്ട് ഇത്തരത്തിൽ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങൾ പറയുന്നുവെങ്കിലും ആരോഗ്യത്തിന് ഹാനികരമാണ് എന്നതിൽ ഇതുവരെ തെളിവുകളില്ല.
ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല
ആരോഗ്യം പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ ഭക്ഷണങ്ങളും കൃത്യമായ അളവിൽ ശരീരത്തിൽ എത്തിക്കുന്നതിൽ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ശരീരത്തിൽ പല തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇത് വഴിവയ്ക്കും. ഭക്ഷണക്രമം സന്തുലിതമാക്കുന്നതും ചിട്ടയായ രീതിയിൽ ഭക്ഷണം കഴിയ്ക്കുന്നതുമാണ് എപ്പോഴും രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം.