നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പിൽ നിന്നും ഷൂസിൽ നിന്നുമാണ് പ്രധാനമായും കാലുകളിലെ നഖങ്ങളിൽ അണുബാധ ഉണ്ടാകുന്നത്. കാലുകളിൽ ഈർപ്പം തങ്ങി നിൽക്കുന്നതാണ് ഫംഗസ് ബാധക്കുള്ള കാരണം. ഇങ്ങനെ അണുബാധ ഉണ്ടാകുന്നത് നഖങ്ങൾ പൊട്ടാനും അതിന്റെ ആകൃതി മാറുന്നതിനും നഖം ഇരുണ്ട നിറത്തിലാകുന്നതിനും വഴി വക്കുന്നു.
സൗന്ദര്യസംരക്ഷണത്തിൽ കൈകളിലെയും കാലുകളിലെയും നഖങ്ങളും ഉൾപ്പെടുന്നതിനാൽ ഇത്തരം അണുബാധക്കെതിരെ പ്രതിവിധി കണ്ടെത്തേണ്ടതും അനിവാര്യമാണ്.
ശുചിത്വം പാലിക്കേണ്ടതും നഖങ്ങളെ വൃത്തിയായി വെട്ടി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
വെളിച്ചെണ്ണ
നഖത്തിലെ അണുബാധക്ക് വെളിച്ചെണ്ണ ഫലപ്രദമായ പ്രതിവിധിയാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന കാപ്രിലിക് ആസിഡ് എന്ന ഫാറ്റി ആസിഡ് ഫംഗസ് അണുബാധക്കെതിരെ പ്രവർത്തിക്കുന്നു.
ഒരു കോട്ടൺ പഞ്ഞി ഉപയോഗിച്ച് എണ്ണയുടെ നേർത്ത പാളി നഖങ്ങളിൽ തേച്ച് രാത്രി മുഴുവനും വക്കുക. ഇത് ഒഴികിപ്പോകുന്നത് തടയാൻ, കമ്പിളി സോക്സ് കാലിൽ ധരിക്കാം. രണ്ടാഴ്ച എല്ലാ രാത്രിയും ഇങ്ങനെ ചെയ്താൽ ഫലം ചെയ്യും.
കർപ്പൂരം
കാൽവിരലിന്‍റെ നഖങ്ങളിൽ ഉണ്ടാവുന്ന ഫംഗസിന് എതിരെ കർപ്പൂരം ഉപയോഗിക്കാം.
കർപ്പൂരം, മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവ ചേർത്ത ചർമത്തിൽ പുരട്ടാവുന്ന തൈലം അണുബാധയ്‌ക്ക് മികച്ചതാണ്. കർപ്പൂരവും യൂക്കാലിപ്റ്റസ് എണ്ണയും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. അണുബാധ ഉണ്ടാകുന്നതിൽ നിന്ന് പ്രതിരോധമായി മെന്തോൾ പ്രവർത്തിക്കും.
ഒരു കോട്ടൺ തുണിയോ പഞ്ഞിയോ കൊണ്ട് ദിവസത്തിൽ ഒരു തവണ തൈലം അണുബാധ ബാധിച്ച വിരലുകളിൽ പുരട്ടിയാൽ നഖങ്ങളെ ഫംഗസിൽ നിന്ന് സംരക്ഷിക്കാം.
ഓറഞ്ച് ഓയിൽ
അണുബാധ ബാധിച്ച നഖങ്ങളെ ചികിത്സിക്കാൻ ഓറഞ്ച് ഓയിലിലെ ആന്റിഫംഗൽ ഗുണങ്ങൾ സഹായിക്കുന്നു.
ടീ ട്രീ ഓയിൽ പോലുള്ള ഏതെങ്കിലും കാരിയർ എണ്ണയുമായി ചേർത്ത് വേണം ഇത് കാലിന്‍റെ നഖങ്ങളിൽ പുരട്ടാൻ. 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകണം. തുടർച്ചയായ ആഴ്ചകളിൽ ഓരോ ദിവസവും മൂന്ന് തവണ വീതം ഇത് ചെയ്താൽ നല്ലതാണ്.
മൗത്ത് വാഷ്
ബാക്ടീരിയകളെയും ഫംഗസുകളെയും തുരത്താൻ ആൽക്കഹോൾ അടങ്ങിയ, ചർമത്തിന് മറ്റൊരു വിധത്തിലും പ്രശ്‌നങ്ങൾ ഉണ്ടാക്കാത്ത മൗത്ത് വാഷ് ഗുണം ചെയ്യും.
ഒരു ചെറിയ ബക്കറ്റിൽ, മൂന്നോ നാലോ കപ്പ് തണുത്ത വെള്ളം എടുക്കുക. ഇതിലേക്ക് കാൽ കപ്പ് മൗത്ത് വാഷ് ചേർക്കുക. ഈ ലായനിയിൽ ദിവസവും അര മണിക്കൂർ നിങ്ങളുടെ പാദങ്ങൾ മുക്കി വയ്ക്കുകയും ശേഷം അതിനെ നന്നായി ഉണങ്ങാനും അനുവദിക്കുക. മൗത്ത് വാഷിലെ ആന്‍റിസെപ്റ്റിക് ഘടകങ്ങൾ മികച്ച ഫലം ചെയ്യും.
നഖങ്ങളിലേക്ക് അണുക്കൾ കടക്കാതിരിക്കാനും മുൻകരുതലുകൾ എടുക്കാം. അണുബാധയേറ്റ നഖങ്ങൾ തൊട്ടാൽ കൈകൾ നന്നായി കഴുകുന്നതിനായി ശ്രദ്ധിക്കണം. കൂടാതെ, സ്വയംചികിത്സ കൊണ്ട് അണുബാധ മാറിയില്ലെങ്കിൽ ത്വക്ക് രോഗവിദഗ്ധനെ സമീപിച്ച് ആവശ്യമായ ചികിത്സ നേടുന്നത് പ്രശ്‌നം വഷളാകുന്നതിന് മുൻപ് പരിഹരിക്കുന്നതിന് സഹായിക്കും.