പുക വലിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. സിഗരറ്റില്‍ നിന്നുള്ള പുക മനുഷ്യർക്ക് മാത്രമല്ല ചെടികൾക്കും ഹാനികരമാണ്.
കാട്ടുതീ ഉണ്ടാകുമ്പോഴുള്ള പുക അവിടെയുള്ള മരങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതായത് ചെടിയുടെ പ്രകാശസംശ്ലേഷണത്തിനുള്ള കഴിവ് കുറയ്ക്കാനും ശരിയായ വളര്‍ച്ചയില്ലാതാക്കാനും പുകയ്ക്ക് കഴിയും. അതുപോലെ ഇന്‍ഡോര്‍ ആയി വളര്‍ത്തുന്ന ചെടികളെ വീട്ടുകാരുടെ പുകവലി ശീലം എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. 30 മിനിറ്റ് ഈ പുകയുമായി സമ്പര്‍ക്കം വരുന്ന ചെടികളില്‍ വളരെ കുറച്ച് ഇലകള്‍ മാത്രമുണ്ടാകുന്നുവെന്നതാണ് ഒരു കണ്ടെത്തല്‍. ഇതില്‍ത്തന്നെ ബ്രൗണ്‍നിറമായി ഉണങ്ങി കൊഴിഞ്ഞുപോകുന്നവയാണ് ഭൂരിഭാഗം ഇലകളും.
അടുത്തിടെ നടത്തിയ പഠനത്തില്‍ ചെടികള്‍ക്ക് നിക്കോട്ടിനും സിഗരറ്റില്‍ നിന്നുള്ള മറ്റു വിഷാംശങ്ങളും വലിച്ചെടുക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തിനായി പെപ്പര്‍മിന്‍റ് അഥവാ പുതിനയുടെ വര്‍ഗത്തില്‍പ്പെട്ട ചെടിയാണ് ഇവര്‍ ഉപയോഗിച്ചത്. രണ്ടുമണിക്കൂറിനുശേഷം ചെടിയില്‍ ഉയര്‍ന്ന അളവില്‍ നിക്കോട്ടിന്‍റെ അംശം കണ്ടെത്തി.
ഈ ചെടികളുടെ ഇലകളിലൂടെ മാത്രമല്ല വേരുകളിലൂടെയും പുകയിലെ വിഷാംശങ്ങള്‍ വലിച്ചെടുക്കുന്നതായി കണ്ടെത്തി. ധാരാളം സമയമെടുത്താണ് ഈ വിഷാംശത്തിന്റെ അളവ് കുറഞ്ഞുവന്നത്. എട്ട് ദിവസത്തിന് ശേഷം പകുതിയോളം നിക്കോട്ടിന്റെ അംശം ചെടിയില്‍ത്തന്നെ ഉണ്ടായിരുന്നു.
വീട്ടിനകത്ത് വളരെ കുറഞ്ഞ സ്ഥലത്ത് കൂടിയ അളവില്‍ പുകയുണ്ടാകുമ്പോള്‍ ഇത് വലിച്ചെടുക്കുന്ന ചെടികള്‍ക്ക് ദോഷമുണ്ടാക്കും. പുകവലി ഒഴിവാക്കാനാവാത്തവരാണ് നിങ്ങളെങ്കില്‍ കഴിയുന്നതും പുകവലിക്കാര്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ദോഷം ചെയ്യാതെ വീടിന് പുറത്തുപോകുകയാണ് നല്ലത്.