മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് തൊണ്ടവേദനയും തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥകളും സർവ്വസാധാരണമായ ആരോഗ്യപ്രശ്‌നങ്ങളാണ്. ഇത് പിന്നീട് ചുമയിലേയ്ക്കും ചിലപ്പോൾ പനിയിലേക്കും നയിക്കാം. വൈറസ്, ബാക്ടീരിയ എന്നിവയുടെ വ്യാപനമാണ് ഇതിന് കാരണമാകുന്നത്. മഴക്കാലത്ത് തൊണ്ടവേദനയുടെ ഏറ്റവും സാധാരണമായ കാരണം വൈറൽ അണുബാധയാണ്. തൊണ്ടവേദനയ്ക്ക് കാരണമായ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ, മഴക്കാലത്തെ ഈർപ്പവും നനവുമുള്ള അന്തരീക്ഷത്തിൽ വളരുകയും തൊണ്ടവേദനയുടെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
എരിവും എണ്ണയും വറുത്തതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും മഴക്കാലത്ത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം വഷളാക്കും. ഇത് മൂലം രൂപപ്പെടുന്ന ആസിഡ് തൊണ്ടയിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും തൊണ്ടവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
തൊണ്ടവേദന ചുമയിലേയ്ക്കും പനിയിലേക്കും നീങ്ങുന്നതിനു മുമ്പ് തന്നെ നമുക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം:
- ഒരു ടീസ്പൂൺ ഉപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച്, തൊണ്ടയിലേക്ക് ഗാർഗിൾ ചെയ്യുക. ദിവസത്തിൽ പല പ്രാവശ്യം ഗാർഗിൾ ചെയ്താൽ തൊണ്ടവേദനയ്ക്ക് ശമനം കിട്ടും.
- ഒരു ടേബിൾ സ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ കലർത്തി, കുടിക്കുക. തൊണ്ടയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തേനിനുണ്ട്.
- തൊണ്ടയിലെ ഈർപ്പം നിലനിർത്താനും അസ്വസ്ഥത കുറയ്ക്കാനും ദിവസം മുഴുവനും ഹെർബൽ ടീ, സൂപ്പ് അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം പോലുള്ള ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുക.
- ചൂടുവെള്ളത്തിൽ ആവി പിടിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥത ലഘൂകരിക്കാനും തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.
- കൂടുതലായി സംസാരിക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യാതിരിക്കുക. ഇത് തൊണ്ടയെ കൂടുതൽ പ്രകോപിപ്പിക്കും. അതിനാൽ തൊണ്ടയ്ക്ക് വിശ്രമം കൊടുക്കുന്നതാണ് നല്ലത്.
- തുളസി, ഇഞ്ചി, തേൻ തുടങ്ങിയ പ്രകൃതിദത്ത പരിഹാരങ്ങൾ നേരത്തെ തന്നെ ഉപയോഗിക്കുക.
- മഴ നനയുന്നത് ഒഴിവാക്കുക.
- അലർജികളിലും മാലിന്യങ്ങളിൽ നിന്നും അകന്നിരിക്കുക.
- രോഗമുള്ളവരിൽ നിന്ന് അകന്നുനിൽക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യുക