നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. അഞ്ഞൂറിലധികം ധർമ്മങ്ങൾ നിർവഹിക്കുന്ന കരളാണ് ശരീരത്തിലെ വലിയ ഗ്രന്ഥി. ശരീരത്തിനുള്ളിലേക്കെത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്ന കരൾ മനുഷ്യ ശരീരത്തിലെ അസാമാന്യ കരുത്തുള്ള അവയവമാണ്.
കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണ് ശരീരം കാണിക്കുന്ന നിറം മാറ്റം (കണ്ണുകളിൽ/ കൈ നഖത്തിൽ മഞ്ഞ നിറം). കരളിന്റെ ആരോഗ്യ സ്ഥിതി മോശമാകുമ്പോൾ ശരീരം നമുക്ക് കാണിച്ചു തരുന്ന ഇത്തരത്തിലുള്ള ചില ലക്ഷണങ്ങൾ ഉണ്ട് അത് നിസ്സാരമായി കാണരുത്.
Liver Cirrhosis അല്ലെങ്കിൽ കരൾ വീക്കം പോലെയുള്ള മാരക രോഗങ്ങളുടെ തുടക്കത്തിൽ, കരളിൻറെതാണെന്ന് തോന്നിക്കാത്തതും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതുമായ ചില ലക്ഷണങ്ങൾ കാണാറുണ്ട്. ഇത് ശ്രദ്ധിക്കാതെ പോകുമ്പോഴാണ് രോഗം മാരകമായി തീരുന്നത്. അങ്ങനെയുള്ള രോഗലക്ഷണങ്ങൾ ഏതൊക്കെയാണെന് നോക്കാം.
>ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ചും കാലുകളിലും മുഖത്തും വയറിലും ഉണ്ടാകുന്ന നീർവീക്കം. കരളിൻറെ പ്രവർത്തനം താളം തെറ്റുന്നത് കൊണ്ട് രക്തത്തിൽ സോഡിയത്തിൻറെയും പൊട്ടാസ്യത്തിൻറെയും ലവണങ്ങൾ അടിഞ്ഞുകൂടുന്നു. ഇത് കോശങ്ങളിൽ വെള്ളം കെട്ടികിടക്കാനിടയാക്കുകയും ചെയ്യുന്നു. ഇതുമൂലമാണ് നീർക്കെട്ട് ഉണ്ടാകുന്നത്
>രോഗപ്രതിരോധശക്തിയിൽ വരുന്ന ഗണ്യമായ കുറവ്. വിട്ടുമാറാത്ത ഇൻഫെക്ഷൻ, കൈകാലുകളിൽ വരുന്ന കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. വൈറൽ രോഗങ്ങൾ, ലൂസ് മോഷൻ, എന്നിവ വന്നാൽ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു.
>ശരീരം പെട്ടെന്ന് ശോഷിച്ചു പോകുന്ന അവസ്ഥ. കരളിൻറെ പ്രവർത്തനം മോശമാകുമ്പോൾ നമ്മുടെ രക്തത്തിലുള്ള പ്രോട്ടീൻ നഷ്ടപ്പെടാനോ അബ്‌ഡോമിനൽ ക്യാവിറ്റിയിൽ വന്ന് കെട്ടികിടക്കാനോ സാധ്യതയുണ്ട്. ഇതിനെ മാറികടക്കാനായി ശരീരം മസിലുകളിൽ സ്റ്റോക്ക് ചെയ്തു വെച്ചിരിക്കുന്ന പ്രോട്ടീനുകളെ തിരിച്ച് രക്തത്തിലേക്ക് കൊണ്ടുവരുന്നു. ഇതുമൂലം മസിലുകളിലുള്ള പ്രോട്ടീൻറെ അളവ് കുറഞ്ഞു പോകുകയും, ശരീരം ശോഷിച്ചു പോകുകയും ചെയ്യുന്നു.
>ശരീരത്തിൻറെ നിറം പെട്ടെന്ന് കുറഞ്ഞു വരുന്നു. മുഖവും ശരീരവുമെല്ലാം കറുത്തുവരുന്നു. ഇതിനു കാരണം രക്തത്തിലുള്ള മിനറലുകളും പ്രൊട്ടീനും ശരിയായി നിലനിർത്താൻ കഴിയാതെ പോകുന്നതുകൊണ്ടാണ്. ഇതുമൂലം ചർമ്മത്തിൻറെ മൃദുത്വം കുറയുകയും വരൾച്ച അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ മെലാനിൻ ടെപോസിറ്റ് കൂടുകയും ചെയ്യുന്നതുകൊണ്ട് രോഗി പെട്ടെന്ന് കറുത്ത് പോകുന്നു.
>ശരീരത്തിൽ വരുന്ന ചൊറിച്ചിലാണ് വേറൊരു ലക്ഷണം. കരളിൻറെ പ്രവർത്തനം താറുമാറാകുമ്പോൾ, കരളിൻറെ പ്രധാന എൻസൈമായ പിത്തരസം നമ്മുടെ രക്തത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് കോശങ്ങളിൽ അടിഞ്ഞുകൂടുന്നതിൻറെ ഫലമായി ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകുന്നു.