വിയർപ്പ് ദുർഗന്ധം ഒരു ചില്ലറക്കാരനായ പ്രശ്നമല്ല. ബസ്, ലിഫ്റ്റ്, മാളുകൾ പോലുള്ള പൊതുഇടങ്ങളിൽ കക്ഷത്തിലെ ദുർഗന്ധം മിക്ക ആളുകളെ വ്യാകുലരാക്കാറുണ്ട്. മീറ്റിങ്ങുകളിൽ പോലും കക്ഷത്തിലെ വിയർപ്പു സഹപ്രവർത്തകർക്ക് അരോചകമാകുമോ എന്നതാണ് പലരും ചിന്തിക്കുന്നതും.
വിയർപ്പിന്റെ ഈ അസുഖം പലർക്കും മാനസിക സംഘർഷത്തിന് കാരണമാകുന്നുണ്ടെന്നും മിക്ക വേദികളിലും പിന്നോട്ടു നിൽക്കാനും ആത്മവിശ്വാസമില്ലാതാക്കാനും ഇത് ഇടയാക്കുന്നുണ്ടെന്നും പറയുന്നു. മനുഷ്യന്റെ ത്വക്കിൽ മൊത്തം 2 മുതൽ 5 ദശലക്ഷം സ്വേദഗ്രന്ഥികളാണുള്ളത്. ഇവയിൽ എക്രൈൻ ഗ്രന്ഥി ശരീരത്തിൽ മുഴുവനും കാണപ്പെടുന്നു.
ഇവ നേരിട്ട് ത്വക്കിന്റെ വെളിയിലേക്ക് തുറക്കുന്നു. അപ്പോക്രൈൻ ഗ്രന്ഥിയാകട്ടെ രോമം അധികമായുള്ള ശരീരഭാഗങ്ങളായ തലയോട്ടി, കക്ഷം, രഹസ്യഭാഗങ്ങൾ എന്നിവയിൽ ധാരാളമായി കാണപ്പെടുന്നു. ശരീരതാപം വർധിക്കുന്നതിന് അനുസരിച്ചു നാഡീവ്യൂഹം അത് തിരിച്ചറിഞ്ഞ് വിയർപ്പ് ഉത്പാദിപ്പിക്കാൻ സ്വേദഗ്രന്ഥികളെ പ്രേരിപ്പിക്കുന്നു.
നമ്മൾ ഉപയോഗിക്കുന്ന സ്പ്രേ, പൗഡർ മുതൽ നമ്മുടെ ഭക്ഷണശൈലിയിൽ വരെ ഇതിന് സ്വാധീനമുണ്ട്.
കക്ഷത്തിലെ ദുർഗന്ധം മാറ്റാനുള്ള പൊടിക്കൈകൾ
- വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് ചേർത്ത് കുളിക്കുന്നത് കക്ഷത്തിലെ ദുര്‍ഗന്ധം അകറ്റും. കുളിച്ച് കഴിഞ്ഞാൽ കോട്ടൺ തുണി ഉപയോഗിച്ച് കക്ഷം തുടക്കുന്നത് നല്ലതാണ്.
- കുളിക്കുന്നതിന് മുമ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ കക്ഷത്തിൽ പുരട്ടുന്നതും നല്ലതാണ്.
- ഒരു സ്പൂൺ ബേക്കിംഗ് സോഡയും, ഒരു സ്പൂൺ നാരങ്ങാ നീരും ചേർത്ത് കക്ഷത്തിന്റെ അടിഭാഗത്ത് 30 മിനിറ്റ് പുരട്ടുക. അതിന് ശേഷം ചെറുചൂട് വെള്ളം ഉപയോഗിച്ച് കക്ഷം നന്നായി കഴുകുക.
- ഒരു കപ്പ് വെള്ളത്തില്‍ ആല്‍ക്കഹോള്‍ ഒഴിച്ച ശേഷം കക്ഷത്തില്‍ പുരട്ടുക. ഇത് ദുര്‍ഗന്ധം ഒഴിവാക്കാൻ സഹായിക്കും.
- കക്ഷത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ റോസ് വാട്ടർ ഫലപ്രദമാണ്.
- ഒലീവ് ഓയില്‍ കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് പുറമെ കക്ഷത്തിലെ കറുപ്പ് ഇല്ലാതാക്കുന്നതിനും ഇത് ഉത്തമം.
- ഒരു സ്പൂൺ ആവണക്ക എണ്ണ രാത്രി കക്ഷത്തിൽ പുരട്ടുന്നത് നല്ലതാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഇത് കഴുകിക്കളയുക.
- ഗ്രീൻ ടീ കുടിക്കുന്നത് വിയർപ്പ് ദുർഗന്ധത്തിൽ നിന്ന് മോചനം ലഭിക്കുന്നതിന് സഹായിക്കും.
ആഹാരരീതി എങ്ങനെ സ്വാധീനിക്കുന്നു?
മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ ശരീര ദുര്‍ഗന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ വിയര്‍പ്പിന്റെ ഉത്പാദനം കൂടുതലായിരിക്കും.
ഇത് ദുർഗന്ധത്തിനും കാരണമാകുന്നു. ഉള്ളി, വെളുത്തുള്ളി, അധിക മസാലകൾ ചേർന്ന എണ്ണമയമുള്ള ആഹാരങ്ങൾ എന്നിവ അധികമായി കഴിക്കുന്നതും അമിത വിയർപ്പ് ഉണ്ടാക്കും. അമിതമായ കാപ്പികുടിയും മറ്റൊരു കാരണമാണ്.