ഒട്ടുമിക്ക കറികളിലും നമ്മൾ തക്കാളി ചേർക്കാറുണ്ട്. വേവിച്ചും അല്ലാതേയും തക്കാളി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ആരോഗ്യഗുണങ്ങളും ഏറെയുള്ള ഒരു പച്ചക്കറിയും കൂടിയാണ് തക്കാളി. തക്കാളി പച്ചക്കറിയാണോ പഴമാണോ എന്ന് പലർക്കും സംശയമുള്ള കാര്യമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് തക്കാളി. തക്കാളിയിലെ ലൈക്കോപീന്‍ പോലുള്ള ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തക്കാളിയിൽ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
എന്നാൽ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഈ തക്കാളി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.
അസിഡിക് സ്വഭാവമുള്ള പച്ചക്കറിയാണ് തക്കാളി. ദിവസവും തക്കാളി കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാൻ സാധ്യതയുണ്ട്. തക്കാളി എപ്പോഴും വേവിച്ച് മാത്രമേ കഴിക്കാവൂ. വേവിക്കാതെയാണ് കഴിക്കുന്നതെങ്കിൽ കുരു നീക്കം ചെയ്യണം. ഇക്കാരണങ്ങളാൽ തക്കാളി പൂർണ്ണമായും ഒഴിവാണമെന്നല്ല പറയുന്നത്. തക്കാളിക്ക് ആന്റിഓക്സിഡന്റ് സവിശേഷതകളുണ്ട്. കൂടാതെ കുറഞ്ഞ കലോറിയും കൂടുതൽ ഫൈബറും തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീര ഭാര നിയന്ത്രണത്തിന് സഹായിക്കും.
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ടാണ് പലപ്പോഴും അസിഡിറ്റി ഉണ്ടാവുന്നത്. ഇടയ്ക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് മൂലം ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരുന്നു. അത് അസിഡിറ്റിക്ക് കാരണമാകും. ക്രമരഹിതമായ ഭക്ഷണം കഴിക്കുന്നത്, ശീരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം.
അസിഡിക് ആയിട്ടുള്ള ആഹാരങ്ങൾ സിട്രസ് പഴങ്ങൾ, തക്കാളി, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ കട്ടിയുള്ള ആഹാരം കഴിക്കുന്നത് അസിഡിറ്റിയിലേക്കും നെഞ്ചെരിച്ചിലിലേക്കും നയിക്കും.