ഒരുകാലത്തു നമ്മുടെ എല്ലാ വീട്ടുപറമ്പിലും തഴച്ചുവളര്‍ന്ന്, നിറയെ കായ്കള്‍ തന്നിരുന്ന പോഷകഗുണവും ഔഷധ വീര്യവുമടങ്ങിയ പച്ചക്കറിയാണ് പുളിവെണ്ട. മലബാറില്‍ ഇതാണ് മീന്‍പുളി അഥവാ മത്തിപ്പുളി. വടക്കന്‍ കേരളത്തില്‍ മാത്രമല്ല, മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമെല്ലാം ഒരു കാലത്ത് പുളിവെണ്ട സാധാരണമായിരുന്നു. എന്നാല്‍, ഇന്ന് ഈ ചെടി കുറവാണ്. ഇംഗ്ലീഷില്‍ 'റോസല്ലീ' എന്നുപറയുന്നു. വെണ്ടയുടെ കുലത്തില്‍ പെട്ടതാണിത്. സസ്യശാസ്ത്രപരമായി പുളിവെണ്ട 'ഹിബിസ്‌കസ് സാബ് ഡരിഫ' എന്നറിയപ്പെടുന്നു
ജീവകം-സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും ഉത്തമ കലവറയാണീ വിള. ആന്ധ്രാപ്രദേശില്‍ ഇതിന് നല്ല പ്രചാരം കിട്ടിവരുന്നു. ജാം, ജെല്ലി, അച്ചാര്‍, സ്‌ക്വാഷ് എന്നിവ ഇതില്‍ നിന്നുണ്ടാക്കിവരുന്നു. ചിലതരം അര്‍ബുദബാധവരെ, പുളിവെണ്ടയുടെ ഉപയോഗംവഴി കുറയ്ക്കാം. 'സ്‌കര്‍വി' രോഗം തടയാന്‍ നല്ലതാണിത്.
പുളിവെണ്ട രണ്ടുതരമുണ്ട്, ചുവന്നതും പച്ചനിറത്തിലുള്ളതും. ഇതില്‍ ചുവന്നതിനാണ് ഏറെപ്രിയം. അച്ചാര്‍, ചമ്മന്തി, പുളിങ്കറി, മീന്‍കറി ഇവയുണ്ടാക്കാന്‍ ഇത് നല്ലതാണ്. കായ്കളെ പൊതിഞ്ഞിരിക്കുന്ന പുളിരസമേറിയ ദളങ്ങള്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇതിനുമേല്‍, ചെറിയ രോമാവൃതമായ ഭാഗങ്ങളുണ്ട്. ഇതിനാല്‍ കീടരോഗശല്യവും കുറവാണിതിന്.
പുളിവെണ്ടയുടെ കായയിലെ ദളങ്ങള്‍ നീക്കി, പാചകം ചെയ്യാം. കായയിലടങ്ങിയ വിത്ത് നന്നായി ഉണങ്ങിയശേഷം ശേഖരിച്ച് മണ്ണ്, മണല്‍, കാലിവളം എന്നിവയിട്ട് തയ്യാറാക്കുന്ന തവാരണയില്‍ വരിയായി നടണം. വിത്ത്, പച്ചവെള്ളത്തില്‍ കുതിര്‍ത്തശേഷം നടുന്നതാണ് നല്ലത്. ചെട്ടിച്ചടിയിലും പുളിവെണ്ട നടാം. ഗ്രോബാഗുകള്‍, ചാക്കുകള്‍, ചെടിച്ചട്ടി എന്നിവയില്‍ മണ്ണോ കൊക്കോപിറ്റോ നിറച്ച് വിത്തിടാം.പുളിവെണ്ടയുടെ വിത്ത് ഏറെ ഡിമാന്‍ഡുള്ളതാണ്. ഇതിന്റെ കൃഷിസമയം, ജൂണ്‍-ജൂലായ് ആണ്. നനയ്ക്കാന്‍ പറ്റുമെങ്കില്‍ എപ്പോഴും പറ്റും. നവംബര്‍ മുതല്‍ ഫിബ്രവരി വരെ ദീര്‍ഘകാലം വിളവെടുക്കാം. പുഷ്പിച്ച് 20 ദിവസമായാല്‍ വിളവെടുക്കാം. നന്നായി ചുവന്ന് മൂത്തതിനാണ് പുളിരസം കൂടുക. ചെറിയ മൊട്ടിന്റെ അല്ലികള്‍ക്ക് പുളിരസം കുറയും.
ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന നില്‍ക്കും. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് ഇലയിട്ടുവെന്ത വെള്ളത്തില്‍ കുളിക്കാം. ഇതിന്റെ ശരിയായ വളര്‍ച്ചയ്ക്ക് സ്യൂഡോമോണസ് ചെടിച്ചുവട്ടില്‍ ഒഴിച്ചിടണം. ചെടികള്‍ ഉയരമാവുന്ന അവസരത്തില്‍ കമ്പുനാട്ടി താങ്ങുനല്‍കണം. ഒന്നിലധികം തൈകള്‍ നടുമ്പോള്‍ ഒരു മീറ്റര്‍ അകലത്തിലുണ്ടാക്കിയ വരിയില്‍ 60 സെ.മീറ്റര്‍ ഇടവിട്ട് തൈ നടാം. പുളിവെണ്ടയുടെ വിത്ത് നവംബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള സമയത്ത് ശേഖരിക്കണം.
കൃഷി രീതി :
വിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. അറുപതു് സെന്റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പതു് സെന്റീ മീറ്റർ അകലങ്ങളിലായാണു വിത്ത് പാകുന്നതു്. വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ടു്. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ടു്. ചെടി പൂത്ത് ഇരുപതു് ദിവസത്തിനുളളിൽ വിളവു് പാകമാകും. ചുവപ്പു നിറമായ പുഷ്പകോശങ്ങൾ പറിച്ചെടുത്താണു് ഉപയോഗിക്കുന്നതു്. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുക്കുന്നത്. ഒരു ചെടിയിൽ നിന്നും ഏതാണ്ടു് ഒരു കിലോഗ്രാം വരെ പുഷ്പകോശങ്ങൾ ലഭിക്കാറുണ്ടു്.
കടപ്പാട്: പള്ളിക്കര കൃഷി ഭവൻ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മേന്മയുള്ള ചുക്ക് തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ