കര്‍ക്കിടകം ഇതാ പടിക്കലെത്തി. ഇലക്കറികള്‍ ഏറ്റവുമധികം ഉപയോഗിക്കുകയും പ്രകൃതിദത്തമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന കാലമാണ് കര്‍ക്കിടകം. താളും തവരയും മുമ്മാസം, കണ്ടയും കാമ്പും മുമ്മാസം, ചക്കയും മാങ്ങയും മുമ്മാസം അങ്ങനേം ഇങ്ങനേം മുമ്മാസം ഇതായിരുന്നു മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ച് പൊതുവെയുളള ചൊല്ല്.
ഇതില്‍ അവസാനത്തെ മൂന്ന് മാസമാണ് ഇലക്കറികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്ന കാലം. കര്‍ക്കിടകത്തിലെ കരുത്ത് തന്നെ പത്തിലയായിരുന്നു.
കര്‍ക്കിടകത്തില്‍ പത്തില കഴിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. ആന്റി ഓക്‌സിഡന്റ്‌സുകള്‍ , ധാതുലവണങ്ങള്‍ , വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് നമുക്ക് ചുറ്റുമുളള പല ഇലക്കറികളും. എന്നാല്‍ നമ്മള്‍ പലപ്പോഴും ഇക്കാര്യം തിരിച്ചറിയപ്പെടാതെ പോകുന്നു. താള്, തകര, തഴുതാമ, ചേമ്പ്, ചേന, കുമ്പളം, മത്തന്‍, ചൊറിതണം, നെയ്യുണ്ണി, ചീര എന്നിവയാണ് പത്തിലകള്‍. സ്ഥലങ്ങള്‍ക്കനുസരചിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം.
താള്
പൊതുവെ നമ്മള്‍ തിരിഞ്ഞുനോക്കാത്ത ഒന്നാണ് താള്. ഔഷധ ഗുണം ഏറെയുള്ള താള് ദഹനം വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തകര
ഔഷധഗുണം ഒട്ടേറെയുളളതാണ് തകര. ദഹനശേഷി കൂട്ടും. ത്വക് രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി എന്നിവ നിയന്ത്രിക്കും. അധികം മൂക്കാത്ത ഇലകളാണ് കറിയ്ക്ക് നല്ലത്.
തഴുതാമ
പൊട്ടാസ്യം നൈട്രേറ്റ് ധാരാളമായി അടങ്ങിയ തഴുതാമ മൂത്ര വര്‍ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പിത്തം, ഹൃദ്രോഗം, ചുമ എന്നിവയ്ക്കുളള ഔഷധമായും ഉപയോഗിക്കാറുണ്ട്.
ചേമ്പ്
ചേമ്പില്‍ കാല്‍സ്യം, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. തണ്ടുകളും വിടരാത്ത ഇലകളുമാണ് കറിയില്‍ ഉപയോഗിക്കേണ്ടത്.
ചേന
ചേനയുടെ തണ്ടിനൊപ്പം ഇലയും കറിയ്ക്കായി ഉപയോഗിക്കുന്നു. നാരുകള്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
കുമ്പളം
ഭക്ഷ്യനാരുകള്‍, ധാതുലവണങ്ങള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകള്‍ പറിച്ചെടുത്ത് ഇലയിലെ രോമങ്ങള്‍ കളഞ്ഞശേഷം കറിവെയ്ക്കാം.
മത്തന്‍
കാത്സ്യം, ഫോസ്ഫറസ്, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന മത്തനില ദഹനം വേഗത്തിലാക്കും. വാതം, പിത്തം, കഫം എന്നിവ നിയന്ത്രിക്കും.
ചൊറിതതണം അഥവാ ആനക്കൊടിത്തൂവ
പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകള്‍ പറിച്ച് രോമങ്ങള്‍ കളഞ്ഞ ശേഷം ഉപയോഗിക്കാം. ഈ രോമങ്ങള്‍ ചൊറിച്ചുലാണ്ടാക്കുന്നതിനാല്‍ കൈകളില്‍ ഗ്ലൗസിട്ട ശേഷം മാത്രം പറിച്ചെടുക്കാം. കര്‍ക്കിടകത്തിലെ ആദ്യനാളുകളില്‍ മാത്രമെ ഇതുപയോഗിക്കാന്‍ പാടുളളൂവെന്നാണ് പറയുന്നത്.
ചീര
കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകള്‍ എന്നിവ ധാരാളമുണ്ട്. ക്ഷീണവും വിളര്‍ച്ചയും അകറ്റും. വാതം, കഫം, പിത്തം എന്നിവ ഇല്ലാതാക്കും.
നെയ്യുണ്ണി
ദുര്‍മേദസ്സ്, നീര്, പനി, ചുമ, ത്വക്രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നു. മൂക്കാത്ത ഇലകള്‍ കറിക്ക് ഉപയോഗിക്കാം.