ഉണക്കിയെടുത്ത ഇഞ്ചിയാണ് ചുക്ക് എന്നറിയപ്പടുന്നത്. ഇത് സുഗന്ധവ്യഞ്ജനമായും ഔഷദമായും ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ചുക്ക്. വയറിലെ പ്രശ്നങ്ങൾ, ദഹനത്തിൻ്റെ പ്രശ്നങ്ങൾ, പനി, ജലദോഷം എന്നിവയ്ക്കൊക്കെ ചുക്ക് വളരെ നല്ലതാണ്. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ചുക്ക് വളരെ പ്രാധാന്യമർഹിക്കുന്നു.
ചുക്കില്ലാതെ മരുന്നില്ല എന്നാണ് ചൊല്ല്. ചുക്കുണ്ടാക്കാൻ നട്ട് കഴിഞ്ഞ് 8 മാസങ്ങൾക്ക് ശേഷമാണ് ഇഞ്ചി വിളവെടുക്കേണ്ടത്. എന്നാൽ വിളവെടുക്കുന്നതിന് അൽപ്പം വൈകിയാൽ ബാഷ്മശീല തൈലം കുറയും. മാത്രമല്ല ഇതിൻ്റെ ഗുണനിലവാരവും കുറയും.
ഇഞ്ചി പറിച്ചെടുത്ത ശേഷം നന്നായി കഴുകുക. തൊലി കളഞ്ഞെടുക്കുന്നത് പെട്ടെന്ന് ഉണങ്ങുന്നതിന് സഹായിക്കുന്നു. എന്നാൽ തൊലി ആഴത്തിൽ കളയരുത്. നല്ല സൂര്യപ്രകാശത്തിൽ ഇഞ്ചി ഉണങ്ങുന്നതിന് 8 അല്ലെങ്കിൽ 10 ദിവസം എടുക്കും. ചുക്കിൽ 10 ശതമാനത്തിൽ കൂടുതൽ ജലാംശം ഉണ്ടാകുവാൻ പാടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ചുക്കിൻ്റെ ആരോഗ്യ ഗുണങ്ങൾ
തടി കുറയ്ക്കാൻ
ചുക്ക് തടി കുറയ്ക്കുന്നതിന് വളരെ നല്ലതാണ് എന്ന് നിങ്ങൾക്ക് അറിയാമോ? ഇത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് വളരെ നല്ലതാണ്. അമിത വിശപ്പിനെ ഇല്ലാതാക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത വണ്ണത്തേയും ഇല്ലാതാക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന്
ഇന്നത്തെ കാലത്ത് കൊളസ്ട്രോൾ വളരെ സാധാരണമാണ് അല്ലെ? എന്നാൽ ചുക്കിന് കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവ് ഉണ്ട്. ചുക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുന്നു. ചുക്ക് നമുക്ക് കാപ്പി ആക്കി കുടിക്കാം അല്ലെങ്കിൽ ഇത് വെള്ളമാക്കി കുടിക്കാം. ചുക്ക് പൊടിയും കഴിക്കാവുന്നതാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക്
വയറ്റിലെ ഏത് തരത്തിലുള്ള പ്രശ്നങ്ങൾക്കും ചുക്ക് വളരെ നല്ലതാണ്. ഇത് കാപ്പി അല്ലെങ്കിൽ വെള്ളം എന്നിവയാക്കി കുടിക്കാവുന്നതാണ്.
ആർത്തവ വേദന
ആർത്തവ വേദനയ്ക്ക് ഇത് വളരെ നല്ലതാണ്. ചുക്ക് വെള്ളമാക്കി കുടിക്കുന്നത് ആർത്തവ വേദനയ്ക്ക് നല്ലതാണ്.
പ്രമേഹത്തിന്
കൂടിയ പ്രമേഹവും കുറഞ്ഞ പ്രമേഹവും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ചുക്ക് സഹായിക്കുന്നു. ചുക്ക് വെള്ളം കുടിച്ചാൽ പ്രമേഹത്തിനെ സാധാരണ അവസ്ഥയിലേക്ക് കൊണ്ട് വരാൻ കഴിയും, ഇത് ആരോഗ്യത്തിന് യാതൊരു വിധത്തിലുമുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നതുമില്ല.
ശ്രദ്ധിക്കുക: പ്രമേഹം സങ്കീർണമായ രോഗമാണ്, ഇത് സ്വയം ചികിത്സിക്കാതെ ഡോക്ടറിനെ കണ്ട് രോഗത്തിനെ കൃത്യമായി ചികിത്സിക്കുക.
ഛർദ്ദി
മനം പിരട്ടൽ, ഛർദ്ദി എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് ചുക്ക് വളരെ നല്ലതാണ്. ഇളം ചൂടുള്ള വെള്ളത്തിൽ ചുക്ക് പൊടി ഇട്ട് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല ഇത് മനം പിരട്ടൽ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : പ്രതിരോധ ശേഷി കാത്ത് സൂക്ഷിക്കാൻ കുടിക്കാം ആരോഗ്യ പാനീയങ്ങൾ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.