കർക്കിടകമാസം ദശപുഷ്പങ്ങളുടെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു മാസം കൂടിയാണ്. ദശപുഷ്പങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയെല്ലാം ആരോഗ്യഗുണങ്ങൾ അനവധി ഉള്ള പുഷ്പങ്ങളാണ്. അതിൽ ഏറെ പ്രാധാന്യമുള്ള ഒരു പുഷ്പത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കേരളത്തിൽ വിവിധ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന ഔഷധസസ്യമാണ് ഉഴിഞ്ഞ. ഇന്ദ്രവല്ലി എന്ന സംസ്കൃതത്തിൽ പറയുന്ന ഈ സസ്യം കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ജ്യോതിഷ്മതി, കറുത്തകുന്നി, പാലുരുവം എന്നിങ്ങനെ അറിയപ്പെടുന്നു. ആയുർവേദ ശാസ്ത്രപ്രകാരം ഈ സസ്യം നിരവധി രോഗങ്ങൾ ശമിപ്പിക്കുന്ന ഒന്നാണ്. ഇതിൻറെ ഔഷധപ്രയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഉഴിഞ്ഞയ്ക്ക് ഉത്തമഗുണങ്ങൾ
ഉഴിഞ്ഞയുടെ ഔഷധഗുണങ്ങൾ
1. കേശ ഭംഗി വർദ്ധിപ്പിക്കാം
മുടിയഴക് ആഗ്രഹിക്കുന്നവർക്ക് ഉഴിഞ്ഞ ഒരു അനുഗ്രഹമാണ്. മുടി തഴച്ച് വളരുവാൻ ഉഴിഞ്ഞയുടെ ഇല താളിയാക്കി ഉപയോഗിക്കുന്നതും വെളിച്ചെണ്ണയിൽ കാച്ചി നിത്യം ഇതു പുരട്ടുന്നതും നല്ലതാണ്.
2. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക്
ദഹനസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങളും അകറ്റാൻ ഉഴിഞ്ഞ മികച്ച ഉപാധിയാണ്. ഉഴിഞ്ഞ സമൂലം എടുത്ത് കഷായം വെച്ച് 30 മി.ലി ദിവസവും കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാം.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം മുതല്‍ സൗന്ദര്യം വരെ ; അറിയാം ഉഴിഞ്ഞയുടെ ഗുണങ്ങള്‍
3. പനിയെ പ്രതിരോധിക്കാം
പനി കുറയ്ക്കുവാൻ ഇതിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
4. മൂത്രസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാം
മൂത്രാശയക്കല്ല് ഇല്ലാതാക്കുവാനും, വൃഷ്ണ വീക്കം അകറ്റുവാനും ഇതിൻറെ വേര് അരച്ച് നാഭിയിൽ പുരട്ടുന്നത് ഗുണം ചെയ്യും.
5. സന്ധിവേദന ഇല്ലാതാകുന്നു
ഇതിൻറെ ഇല ആവണക്കെണ്ണയിൽ വേവിച്ച് പുരട്ടിയാൽ സന്ധിവേദന പൂർണ്ണമായും നീക്കം ചെയ്യാം. ഇത് നീര് കുറയ്ക്കുവാനും ഉപയോഗിക്കാവുന്നതാണ്.
6. കഷണ്ടി അകറ്റുവാൻ
കഷണ്ടി ഇല്ലാതാക്കുവാൻ ഇതിൻറെ ഇല വെള്ളത്തിൽ ഇട്ട് ഞരടി ആ വെള്ളം കൊണ്ട് തല കഴുകിയാൽ മതി. ഇതിൻറെ ഇല ഉള്ളിലേക്ക് സേവിക്കുന്നതും ഗുണം ചെയ്യും.
7. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക്
ഉഴിഞ്ഞയുടെ കഷായം സേവിക്കുന്നത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ മികച്ച വഴിയാണ്.
8. ചുമയും ജലദോഷവും അകറ്റാം
സാധാരണ നമ്മുടെ നാട്ടിൻപുറങ്ങളിൽ പലരും ചെയ്യുന്ന ഒരു വിദ്യയാണ് പനിയോ ജലദോഷമോ വന്നാൽ ഉഴിഞ്ഞ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുകയും അതേ വെള്ളം കവിൾ കൊള്ളുവാൻ ഉപയോഗിക്കുകയും ചെയ്യുന്നത്. പനി പെട്ടെന്ന് കുറയ്ക്കുവാൻ ഈ വെള്ളത്തിന് അതിവിശേഷാൽ കഴിവുണ്ട്.
9. വായിൽ കാണപ്പെടുന്ന ചെറിയ കുരുക്കൾ ഇല്ലായ്മ ചെയ്യുവാൻ
വായിൽ കാണപ്പെടുന്ന ചെറിയ കുരുക്കൾ ഭേദമാക്കുവാൻ ഉഴിഞ്ഞയുടെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് കവിൾ കൊണ്ടാൽ മതി.
10. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും
ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയ ഈ ഔഷധസസ്യം ഇട്ടു തിളപ്പിച്ച് വെച്ച വെള്ളം നിത്യേന കുടിച്ചാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിന് ഉത്തമം ഉഴിഞ്ഞ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.