ഇയര്‍വാക്‌സ് അഥവാ ചെവിക്കായം പുറത്തു കളയാൻ നമ്മൾ അധികപേരും ഉപയോഗിക്കുന്നത് ബഡ്‌സാണ്. പതിവായി ഇയര്‍ ബഡ്സ് ഉപയോഗിക്കുന്നവർ ഇതിനെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ എടുത്തുകളയുന്ന ഈ ചെവിക്കായം വാസ്തവത്തിൽ നമ്മളെ സഹായിക്കുകയാണ് ചെയ്യുന്നത്. ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്‌ത് ചെവിയെ ശുചിയാക്കി വെയ്ക്കുന്നതിനും, പ്രാണികൾ, ബാക്ടീരിയകൾ, എന്നിവ ചെവി കനാലിലൂടെ കടക്കാതിരിക്കുന്നതിനും ചെവിക്കായം നമ്മളെ സഹായിക്കുന്നു. ശരീരത്തിലെ ഈർപ്പം കുറയുക. കൂടുതൽ സമയം എസിയിൽ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാൻ കാരണം.
ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി ചെവി അടയാൻ സാധ്യത കൂടുതലാണ്. ബഡ്സ് ഇടുന്ന സമയത്ത് അൽപ്പം വാക്സ് പുറത്ത് വരികയും കൂടുതൽ ആകത്തോട്ട് പോവുകയുമാണ് ചെയ്യുന്നത്. മാത്രമല്ല ബഡ്സിൻ്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ചെവിയുടെ ടിംബാനിക്ക് മെംബറേനു പോറൽ വീഴാനോ സാധ്യതയുണ്ട്.
വാക്സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും) ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേമേ ബഡ്സ് ഉപയോഗിക്കാവൂ. മാത്രമല്ല ബഡ്സിൽ പൊടിയും അഴുക്കും ഒന്നും കയറാതെ സൂക്ഷിച്ചു വെയ്ക്കുകയും വേണം.