നല്ല ആരോഗ്യത്തിന് പലതരം വ്യായാമങ്ങളുമുണ്ട്. യോഗ, ജിമ്മില്‍ ചെയ്യുന്ന വ്യായാമങ്ങള്‍, നടത്തം എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ജീവിതശൈലികളുടെ ഭാഗമായി വരുന്ന സ്‌ട്രെസ്, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം നല്ല പരിഹാരമാണ് യോഗ. ഇത് ദിവസവും അഭ്യസിയ്ക്കുന്നത് ശരീരത്തിനും ഒപ്പം മനസിനും ഗുണം നല്‍കും. ഇന്ന് അധികമാളുകളും കമ്പ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരമിരുന്നും കീ ബോര്‍ഡ്, ഫോൺ എന്നിവയിൽ ടൈപ്പ് ചെയ്യുന്നതുമായ ജോലികളാണ്. ഇതെല്ലാം പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായി ചില യോഗകളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ വ്യായാമങ്ങൾ ഏതൊക്കെ?
റിവേഴ്‌സ് പ്രയര്‍ പോസ് അഥവാ പശ്ചിമ നമസ്‌കാര എന്ന യോഗാ പൊസിഷനാണ് ഈ പ്രശ്‌നത്തിന് ഉത്തമമായ പരിഹാരം. കൈ നാം സാധാരണ മുന്‍ഭാഗത്തായല്ലേ കൂപ്പിപ്പിടിയ്ക്കാറ്. ഇത് പുറകില്‍ കൂപ്പിപ്പിടിയ്ക്കണം. പെന്‍ഗ്വിന്‍ പോസ്, വിപരീത നമസ്‌കാരം എന്നെല്ലാം അറിയപ്പെടുന്ന ഈ യോഗാ പോസ് തടാസനയുടെ ഒരു ഭാഗമാണ്. ഇത് ശരീരത്തിന്റെ മുകള്‍ ഭാഗത്തെ ബലപ്പെടുത്തുന്ന യോഗാ പോസാണ്. കൈ, ഷോള്‍ഡര്‍, വയര്‍ എന്നീ ഭാഗങ്ങളെ ബലപ്പെടുത്തുന്ന യോഗാ പോസാണിത്. കമ്പ്യൂട്ടറിലും മറ്റും ദീര്‍ഘനേരം ജോലി ചെയ്യുമ്പോള്‍ വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നടുവേദന, കൈ വേദന, ഷോള്‍ഡര്‍, കഴുത്തു വേദന എന്നിവയെല്ലാം പെടുന്നു. ഇവയ്ക്കുള്ള നല്ലൊരു പരിഹാര വഴിയാണ് ഈ രീതിയിലെ യോഗാ പൊസിഷനുകള്‍.
ദിവസവും 300 വാക്കുകളെങ്കിലും ടൈപ്പ് ചെയ്യുന്നവരെങ്കില്‍ ഇത് ദിവസവും ചെയ്യുന്നത് റിസ്റ്റ് വേദന അകറ്റാന്‍ സഹായിക്കും. കൈകള്‍ക്ക് വേദനയും തരിപ്പും നല്‍കുന്ന കാര്‍പര്‍ ടണല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്. ഈ പോസ് കൈത്തണ്ടയിലെ അക്യുപ്രഷര്‍ പോയന്റുകളെ ശക്തിപ്പെടുത്തുന്നു. യോഗ ചെയ്യുമ്പോള്‍ മനസിനെ ശാന്തമാക്കി വച്ച് ചെയ്യുന്ന കാര്യത്തില്‍ മനസര്‍പ്പിച്ച് ചെയ്യുക. ഊര്‍ജപ്രവാഹം നമുക്കുള്ളിലേയ്ക്കു വരുന്ന രീതിയില്‍. യോഗാ മാറ്റില്‍ ഇരുന്ന് ചെയ്യുക. മുട്ടുകള്‍ മടക്കി കാല്‍പാദം പുറകിലേക്കാക്കി പാദങ്ങളില്‍ ഇരിക്കുന്ന വിധത്തില്‍ ഇരുന്ന് കൈകള്‍ പിന്നോട്ടു പിടിച്ച് ചെയ്യാം. ഇതല്ലാതെ നിന്നും ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: യോഗയുടെ സമകാലിക പ്രസക്തി
ഒരു യോഗാ മാറ്റിലോ പായയിലോ നില്‍ക്കുക. കാലുകള്‍ അടുപ്പിച്ചു വച്ച് പാദം ഒരു ഇഞ്ച് അകറ്റി വയ്ക്കുക. ഷോള്‍ഡര്‍ ഭാഗം റിലാക്‌സ് ചെയ്യാം. വശങ്ങളിലേയ്ക്ക് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നു നില്‍ക്കുക. ഇത് തടാസനയാണ്. പിന്നീട് ഷോള്‍ഡര്‍ റിലാക്‌സ് ചെയ്ത് കാല്‍മുട്ട് അല്‍പം മടക്കി കൈകള്‍ പിന്നോട്ടാക്കി കൈള്‍ കൂപ്പു പൊസിഷനില്‍ വിരലുകള്‍ താഴേയ്ക്കു പോയന്റു ചെയ്യുന്ന രീതിയില്‍ പിടിയ്ക്കുക. നല്ലതു പോലെ ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് വിരലുകള്‍ ഉള്‍ഭാഗത്തൂടെ മുകളിലേയ്ക്കു നിവര്‍ത്തി മുകളിലേയ്ക്കു സാധാരണ കൈ കൂപ്പുന്ന രീതിയില്‍ പിടിയ്ക്കുക.
കാല്‍മുട്ട് അല്‍പം മടങ്ങിയിരിയ്ക്കാനും കൈപ്പത്തികളും വിരലുകളും നല്ലതുപോലെ ചേര്‍ന്നിരിയ്ക്കാനും ശ്രദ്ധിയ്ക്കുക. ഇതേ പൊസിഷനില്‍ 30 സെക്കന്റ് നില്‍ക്കുക. കണ്ണടച്ചു പിടിച്ച് ഏകാഗ്രമായി നില്‍ക്കണം. പിന്നീട് പുറകിലെ കൈപ്പത്തി വീണ്ടും വിരലുകള്‍ താഴേയ്ക്കു കൂപ്പിപ്പിടിച്ചിരിയ്ക്കുന്ന രീതിയില്‍ ആക്കുക. പിന്നീട് പതുക്കെ ഇരു കൈകളും അകറ്റി നിവര്‍ന്ന് രണ്ടു കൈകളും ഇരു വശത്തും തൂക്കിയിട്ട് നിവര്‍ന്ന് ആദ്യം ചെയ്ത തടാസന പോസില്‍ വരിക. ഒരു മിനിറ്റ് ഇടവേളയെടുത്ത ശേഷം വീണ്ടും ഇതാവര്‍ത്തിയ്ക്കുക.
ഈ യോഗാപോസ് ദഹനത്തെ സഹായിക്കുന്ന ഒന്നാണ്. ശ്വാസാച്ഛാസത്തെ ബലപ്പെടുത്തുന്ന, ശ്വസനപ്രക്രിയയേയും ശ്വാസകോശത്തേയും ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്ന ഒന്ന്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിയായി നടക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഊര്‍ജ പ്രവാഹം ശക്തിപ്പെടുത്തുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.