പലരിലും കാണുന്ന ഒരു പ്രശ്‌നമാണ് മുഖത്തുണ്ടാകുന്ന കൊഴുപ്പ്. ശരീരഭാരം കുറച്ചാലും മുഖത്തെ കൊഴുപ്പ് കുറയില്ല. പല കാരണങ്ങൾ കൊണ്ടും മുഖത്ത് കൊഴുപ്പടിയാറുണ്ട്. ജനിതകമായ കാരണങ്ങൾ, ഹോര്‍മോണ്‍ വ്യതിയാനങ്ങൾ എന്നിവ കൊണ്ട് മുഖത്ത് കൊഴുപ്പടിയാം. ചില മരുന്നുകൾ പതിവായി കഴിക്കുന്നതിന്റെ ഫലമായും ഇതുണ്ടാകാം. കൊഴുപ്പടിയുന്നതിൻറെ മറ്റൊരു കാരണം മോശമായ ഡയറ്റിങ്ങാണ്. അമിതവണ്ണം, പുകവലി, നിര്‍ജലീകരണം, മദ്യപാനം എന്നിവയും ഇതിന് വഴിയൊരുക്കുന്നുണ്ട്.
മുഖത്ത് കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം. ജീവിതരീതികളില്‍ വരുത്തേണ്ട ചില മാറ്റങ്ങളാണ്.
- മുഖത്തിന് പ്രത്യേകം വേണ്ടുന്ന വ്യായാമമുണ്ട്. മുഖത്തെ പേശികളുടെ ബലം കൂട്ടാനും, കൊഴുപ്പ് കുറയ്ക്കാനുമാണ് ഇത് സഹായകമാകുക. പ്രായമാകുന്നതിന്റെ ഭാഗമായി ചര്‍മ്മത്തിന് സംഭവിക്കുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും ഒരു പരിധി വരെ 'ഫേഷ്യല്‍ എക്‌സര്‍സൈസ്' ഉപകരിക്കും. ഇതിനൊപ്പം തന്നെ ശരീരത്തിന് അമിതവണ്ണമുണ്ടെങ്കില്‍ അത് കുറയ്ക്കാനുള്ള ശ്രമവും തീര്‍ച്ചയായും നടത്തണം. 'കാര്‍ഡിയോ എക്‌സര്‍സൈസ്' പരിശീലകരുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതും കൊഴുപ്പിനെ എരിച്ചുകളയാന്‍ സഹായകമാണ്.
- ഏത് ആരോഗ്യപ്രശ്‌നത്തേയും ചെറുക്കാനുള്ള ഒരു വഴി ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇവിടെയും അത് ഒരു പരിഹാരം തന്നെ. ദിവസം മുഴുവനും ഇടവിട്ട് വെള്ളം കുടിക്കുന്നതോടെ വണ്ണം കുറയ്ക്കല്‍ എളുപ്പമാകുന്നു. അത് സ്വാഭാവികമായും മുഖത്തെ കൊഴുപ്പിനെ എരിച്ചുകളയുന്നതിനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ അരി സഹായിക്കുമോ?
- ഉറക്കമാണ് മറ്റൊരു പ്രധാന പ്രശ്‌നം. എല്ലാ ദിവസവും കുറഞ്ഞത് ആറ് മണിക്കൂര്‍ നേരത്തെ സുഖകരമായ ഉറക്കം ഉറപ്പിക്കണം. ഇല്ലെങ്കില്‍ മുഖം അസാധാരണമായ തരത്തില്‍ തടിച്ചിരിക്കുന്നതായി കാണപ്പെടാം. മാത്രമല്ല, കണ്ണിന് താഴെ കറുപ്പും തടിപ്പും ഉണ്ടാകാനും ഇത് കാരണമാകും. നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്ന വിഷയമാണ് ഉറക്കമില്ലായ്മ. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക.
- ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് ഇനി സൂചിപ്പിക്കുന്നത്. അമിതമായി 'സാള്‍ട്ട്' അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം ആണ് ഇവിടെ വില്ലനാകുന്നത്. പ്രോസസ്ഡ് ഭക്ഷണസാധനങ്ങളാണ് ഇക്കാര്യത്തില്‍ നിയന്ത്രിക്കേണ്ടത്. പൊതുവേ ഉപ്പിന്റെ ഉപയോഗം ക്രമീകരിക്കുന്നത് തന്നെയാണ് ആരോഗ്യകരം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.