തണുപ്പ് കാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് സർവ്വസാധാരണമാണ്. കാരണം ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ സാധിക്കില്ല.
ലിപ് ബാമുകളാണ് അധികംപേരും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഉപയോഗിക്കുന്നത്. എന്നാൽ വിപണിയിൽ നിന്ന് ലഭിക്കുന്ന ലിപ് ബാമിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് കൂടുതൽ ദോഷം ചെയ്യും. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ലിപ് ബാമിനു പകരം ഇവ പരീക്ഷിച്ചു നോക്കൂ.
- ദിവസവും കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ ഗ്ലിസറിൻ പുരട്ടിയാൽ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. ചുണ്ട് ഉണങ്ങുന്നതു കൊണ്ടുള്ള നിറവ്യത്യാസവും ഉണ്ടാകില്ല.
- രാത്രി കിടക്കുന്നതിനു മുൻപ് ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുഖ സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ് ഓയിൽ
- ഒരു സ്പൂൺ പഞ്ചസാര സമം തേനിൽ കലർത്തി ചുണ്ടുകളിൽ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം നാരങ്ങയിൽ അൽപം പഞ്ചസാര വിതറി ചുണ്ടിൽ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ് സ്‌ക്രബിന്റെ ഫലം നൽകും. ഇവ നിർജീവ കോശങ്ങൾ നീക്കി ചുണ്ടുകൾ ഭംഗിയുള്ളതാകാൻ സഹായിക്കും. നിർജീവ കോശങ്ങൾ നീങ്ങുമ്പോൾ കൊളാജൻ ഉൽപാദിപ്പിക്കുന്നതാണു ഭംഗി വർധിക്കാനുള്ള കാരണം. ആഴ്ചയിൽ രണ്ടു തവണ ഈ സ്ക്രബ് ഉപയോഗിക്കണം.
- പൊതുവേ വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ദിവസവും രണ്ടോ മൂന്നോ നേരം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്നതോടൊപ്പം കൂടുതൽ ലോലമാകാനും ഗുണം ചെയ്യും.
- വീട്ടിൽ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് നിറം നൽകാനും നെയ്യ് പുരട്ടുന്നത് ഗുണം ചെയ്യും.