പ്രമേഹ രോഗത്തിൻറെ ചികിത്സയ്ക്ക് ജീവിതശൈലിയിലുള്ള മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണവും ശരീരഭാരം നിയന്ത്രിക്കലും വളരെ നിര്‍ണായകമാണ്.
ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അരമണിക്കൂറില്‍ കുറയാതെയുള്ള വ്യായാമമാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്. മുപ്പതു മിനിട്ടില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കുന്നതും നല്ലതല്ല.
ഓരോ രോഗിയുടെയും ശരീരഭാരവും ജീവിതസാഹചര്യവും കണക്കിലെടുത്ത്, ഡയറ്റിഷന്റെ സഹായത്തോടെ ക്രമീകരിച്ച ഭക്ഷണരീതി തയ്യാറാക്കുന്നതും അതു പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതും അനിവാര്യമാണ്. പുകവലി, മദ്യപാനം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്.
പഠനങ്ങള്‍ നടത്തി വിജയിച്ചതും ഇനിയും ഗവേഷണങ്ങള്‍ നടക്കുന്നതുമായ ഒരുപാട് മരുന്നുകള്‍ ഇന്ന് പ്രമേഹ ചികിത്സയ്ക്ക് ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുകവലിക്കുന്നവരാണോ? ഉപേക്ഷിക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ
പ്രമേഹ ചികിത്സയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് കൃത്യ സമയത്തുള്ള വിലയിരുത്തലുകള്‍. ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍ അഥവാ എച്ച്ബി എ വണ്‍ സി, ഏഴു ശതമാനത്തില്‍ താഴെ നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഗ്ലൂക്കോസ് ടാര്‍ഗെറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ചികിത്സയുടെ തീവ്രത കൂട്ടണം. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ നിര്‍ണയിക്കാനുള്ള ടെസ്റ്റുകളും കൃത്യസമയങ്ങളില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്.
പ്രമേഹ രോഗികളില്‍ സങ്കീര്‍ണതകള്‍ രണ്ടു തരത്തില്‍ ഉണ്ടാവാറുണ്ട്. പെട്ടെന്നുണ്ടാകുന്ന സങ്കീര്‍ണതകളും ദീര്‍ഘകാലം കൊണ്ടുവരുന്നവയും.
ഇന്‍സുലിന്റെ കുറവുകാരണം ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ ശരീരത്തിനു കഴിയാതെ വരികയും കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജ്ജം കണ്ടെത്തുന്നതിന്റെ ഭാഗമായി കീറ്റോ ആസിഡുകള്‍ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിനെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയുന്നു. ഛര്‍ദ്ദി, വയറുവേദന, ശ്വസനവേഗം കൂടുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
പ്രമേഹരോഗികളില്‍ ഷുഗര്‍ പെട്ടെന്നു കുറഞ്ഞുപോകുന്നതാണ് ഹൈപോഗ്ലൈസീമിയ. കാഴ്ച മ്ങ്ങുക, അമിതമായി വിയര്‍ക്കുക, വിറയല്‍, ഹൃദയസ്പന്ദനത്തിന്റെ വേഗത കൂടുക എന്നിവ ലക്ഷണങ്ങളാണ്.
ദീര്‍ഘകാലങ്ങള്‍ കൊണ്ട് പ്രമേഹം ചെറിയ രക്തക്കുഴലുകളെയും വലിയ രക്തക്കുഴലുകളെയും ഒരുപോലെ ബാധിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, കാലിലേയ്ക്കുള്ള രക്തയോട്ടം കുറയുക എന്നിവ വലിയ രക്തക്കുഴലുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഈ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കടപ്പാട്: ഡോ. പി. കെ. ജബ്ബാര്‍, ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിസ്, പുലയനാര്‍കോട്ട, തിരുവനന്തപുരം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.