ലോകാരോഗ്യസംഘടനയുടെ 2019 ലെ കണക്കു പ്രകാരം ലോകത്തു ഏറ്റവും അധികം ക്ഷയ രോഗികൾ ഉള്ളത് ഇന്ത്യയിലാണ്. രാജ്യം നേരിടുന്ന വലിയ ഒരു വെല്ലുവിളിയും കൂടിയാണിത്. രാജ്യത്ത് പ്രതിവർഷം മരണമടയുന്നവരിൽ 79,144 പേർ ക്ഷയ രോഗികളാണ്. വായുവിൽ കൂടെ പകരുന്ന രോഗമായതിനാൽ നിയന്ത്രണങ്ങൾ ആവശ്യമാണ്. കുട്ടികളുടെ കാര്യത്തിൽ ഇതത്ര എളുപ്പമല്ല. അതിനാൽ അവർ പലപ്പോഴും അസുഖങ്ങൾക്ക് ഇരയാകുന്നു. രോഗമുള്ള വരുമായുള്ള ഇടപെടലും അവരെ വേഗം രോഗം കീഴടക്കുന്നു
രോഗത്തെ കുറിച്ച് :
മതിയായ ചികിത്സ ലഭിച്ചാൽ ഭേദമാകുന്ന രോഗമാണ് ക്ഷയം. ഇതിന്റെ പടരുന്ന സ്വഭാവം നമ്മെ ഭയപ്പെടുത്തുന്നു. മരുന്ന് ഉപയോഗിക്കുന്ന സാഹചര്യത്തിൽ ക്ഷയം പകരാനുള്ള സാധ്യത വളരെ കുറവാണ്.
എന്താണ് ട്യൂബ്ർക്യൂലോസിസ് അല്ലെങ്കിൽ ക്ഷയം :
ഇത് ബാക്റ്റീരിയ കാരണം ഉണ്ടാകുന്ന ഒരു രോഗമാണ്. ഈ രോഗമുണ്ടാക്കുന്ന ബാക്റ്റീരിയ ശ്വാസകോശങ്ങളെ ആദ്യം ബാധിക്കുന്നു. നട്ടെല്ല്, വൃക്ക, തലച്ചോറ് അസ്ഥി, മജ്ജ എന്നിവയെ രണ്ടാം ഘട്ടത്തിൽ ബാധിക്കുന്നു. രക്തത്തിലൂടെയാണ് ഈ ബാക്റ്റീരിയ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും എത്തുന്നത്. പെട്ടെന്ന് തിരിച്ചറിഞ്ഞു ചികിൽസിക്കുകയാണെങ്കിൽ പൂർണമായ രോഗമുക്തി സാധ്യമാണ്.
ക്ഷയം പകരുന്നത് ഏതൊക്കെ സാഹചര്യത്തിൽ :
ക്ഷയത്തിന് കാരണമായ ബാക്റ്റീരിയകളെ വഹിക്കുന്നത് വായുവാണ്. രോഗമുള്ള ഒരു വ്യക്തിയുടെ ചുമ, തുമ്മൽ, സംഭാഷണം എന്നിവയിലൂടെ രോഗകാരിയായ ബാക്റ്റീരിയ പുറത്തെത്തുന്നു. ഈ ബാക്റ്റീരിയ അടങ്ങിയിട്ടുള്ള വായു ആരോഗ്യവാനായ മറ്റൊരാൾ ശ്വസിക്കുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിലോട്ടു പ്രവേശിക്കുന്നു. എന്നാൽ എല്ലാ സന്ദർഭങ്ങളിലും അങ്ങനെ ആവണമെന്നില്ല. ക്ഷയ രോഗിയോടു സംസാരിക്കുമ്പോൾ തന്നെ രോഗ ബാധിതനാകും എന്ന കാര്യം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ വെച്ചുള്ള തുമ്മലും ചുമയുമാണ് ഈ രോഗം എളുപ്പത്തിൽ പകരുന്നതിന്ന് കാരണമാകുന്നത്.
ക്ഷയ രോഗബാധയെ കുറിച്ച് :
രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം ഒരു വർഷത്തോളം കാണത്തക്ക രോഗലക്ഷണങ്ങളൊന്നും രോഗിയിൽ കാണില്ല. ക്ഷയ രോഗബാധയെ രണ്ട് തരമായി തിരിച്ചിരിക്കുന്നു. ഒരു വ്യക്തിയിൽ രോഗത്തിന്റെ ബാക്റ്റീരിയ പ്രവേശിച്ചിട്ടും ലക്ഷണമൊന്നും കാണിക്കുന്നില്ലെങ്കിൽ അതിനെ ലേറ്റന്റ് ടിബി (Latent TB) എന്നാണ് വിളിക്കുന്നത്. രോഗാണുക്കൾ ശരീരത്തിൽ ആക്റ്റീവ് അല്ലെന്നർത്ഥം. അതിനാൽ ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ രോഗികളിൽ കാണുകയുമില്ല. ഇത് അസുഖം പകരുന്നത് കുറക്കുന്നു. ലേറ്റ്ന്റ് ടിബി പടരുന്നതല്ലെന്നാണ് നിഗമനം. രോഗലക്ഷണം കാണിക്കുന്നുവെങ്കിൽ അത് ആക്റ്റീവ് ടിബി വിഭാഗത്തിൽപ്പെടുന്നതും പകരാൻ സാധ്യതയുള്ളതുമായിരിക്കും.
കുഞ്ഞുങ്ങളിൽ ഈ രോഗം എവിടന്നു വരുന്നു:
അമ്മയിൽ നിന്ന് :
ഗർഭകാലം മുതൽ കുഞ്ഞ് ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് അമ്മക്കൊപ്പമാണ്. ഗർഭിണിയായിരിക്കുമ്പോൾ അമ്മ ക്ഷയരോഗബാധിതയാണെങ്കിൽ അത് കുഞ്ഞിലേക്കും പടരാൻ സാധ്യതയുണ്ട്. ആക്റ്റീവ് ടിബിയാണ് അമ്മക്കുള്ളതെങ്കിൽ ഗർഭപാത്രത്തിൽ വെച്ചുതന്നെ കുഞ്ഞിന് രോഗം പിടിപെടാം എന്നാൽ ഇത്തരത്തിൽ കുഞ്ഞിന് രോഗബാധയുണ്ടാകുന്നത് തടയാൻ അമ്മ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ആന്റി-ടിബി മരുന്ന് കഴിക്കുക എന്നുള്ളതാണ്.
മറ്റൊരു ക്ഷയരോഗിയിൽ നിന്ന് :
അയൽപക്കങ്ങളിലോ ബന്ധങ്ങളിലോ ഈ രോഗമുള്ളവർ കുഞ്ഞുങ്ങളുമായി അടുത്തിടപഴകുമ്പോൾ രോഗം പകരാൻ സാധ്യത ഉണ്ടാകുന്നു.
പശുവിൻ പാലിൽ നിന്ന് :
രോഗമുള്ള പശുവിന്റെ പാൽ കുടിക്കുന്ന കുട്ടികൾക്ക് ഈ രോഗത്തിന് സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ തിളപ്പിച്ചതോ പാസ്ചറായ്സ്ചെയ്തതോ ആയ പാലിൽ രോഗകാരിയായ ബാക്റ്ററിയ്ക്ക് നാശം വരുന്നത് കൊണ്ട് രോഗം പരത്തില്ല. പാൽ വൃത്തിയോടെ തിളപ്പിച്ചാറിയ ശേഷം കുട്ടികൾക്ക് കൊടുക്കുന്നതാണ് സുരക്ഷിതം. മുതിർന്നവരായ രോഗികളിൽ നിന്ന് രോഗം വേഗം പകരുമെങ്കിലും രോഗിയായ കുട്ടികളിൽ നിന്നും രോഗം പകരുന്നത് കുറവാണ്.
കുഞ്ഞുങ്ങളിലെ ക്ഷയരോഗ ലക്ഷണങ്ങൾ :
കുഞ്ഞുങ്ങളിലെ രോഗലക്ഷണം മുതിർന്നവർ കണ്ടുപിടിച്ച് വേണ്ട ചികിത്സ ലഭ്യമാക്കേണ്ടതാണ്. രണ്ടാഴ്ചയിൽ കവിഞ്ഞതുടർച്ചയായ ചുമ, ലസിക ഗ്രന്ഥി വീക്കം, രാത്രിയിൽ മാത്രമുണ്ടാകുന്ന പനി, കുഞ്ഞുകളുടെ പ്രായത്തിനൊത്ത ഭാരമില്ലാതിരിക്കുക, ഭാരം കുറയുക, വിശപ്പില്ലായ്മ ഇവ ലക്ഷണങ്ങളാണ്.
ചികിത്സാ രീതി :
രോഗലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ സമീപിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം ട്യൂബ്ർക്യുലിൻ സ്കിൻ ടെസ്റ്റ് (TST) അല്ലെങ്കിൽ ടിബി ബ്ലഡ് ടെസ്റ്റ്, ഏക്സ്റേ എന്നിവ എടുത്ത് ഫലം നോക്കി ചികിത്സ തുടങ്ങണം. രോഗബാധയുണ്ടെന്നറിഞ്ഞാൽ ഒട്ടും നിരാശപ്പെടേണ്ട ആവശ്യമില്ല. പൂർണമായും ഭേദപ്പെടുന്ന അസുഖമാണിത്. സർക്കാർ തലത്തിൽ നിന്നും ക്ഷയരോഗത്തിന് ചികിത്സ ലഭ്യമാണ്. കുഞ്ഞിനെ ഒറ്റപ്പെടുത്താതെ വേണ്ട ചികിത്സ കൊടുത്തു ആരോഗ്യം വീണ്ടെടുക്കാൻ സാധ്യമാക്കുന്നതിനോടൊപ്പം ആരോഗ്യമുള്ളൊരു സമൂഹത്തെ സൃഷ്ടിക്കാനും കഴിയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പക്ഷിപ്പനി:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#Health#TB#Organic#Food#Krishi#FTB