Updated on: 28 August, 2019 3:59 PM IST

വിവാഹത്തിന് മുമ്പായി വധൂവരന്‍മാരെ മഞ്ഞളും ചന്ദനവും പാലില്‍ ചാലിച്ച് ചാര്‍ത്തി പരിശുദ്ധമാക്കുന്ന 'ഹല്‍ദി ചടങ്ങ്' പ്രസിദ്ധമാണല്ലോ. വടക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള 'ഹല്‍ദിയും' 'മെഹന്തിയും' ഇന്ന് കേരളത്തിലും കണ്ടു വരുന്നു. മഞ്ഞളിന് ഹിന്ദിയില്‍ പറയുന്നതാണ് 'ഹല്‍ദി'. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. മൊത്തം ഉല്‍പാദനത്തിന്റെ 82 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. കയറ്റുമതി കമ്പോളങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള മഞ്ഞളില്‍ ഏറ്റവും പ്രാധാന്യം AFT എന്ന് ചുരുക്ക പേരുള്ള 'ആലപ്പി ഫിംഗര്‍ ടര്‍മറിക്' എന്ന കേരളത്തില്‍ നിന്നുമുള്ള മഞ്ഞളിനാണ്.ചുരുക്കി പറഞ്ഞാല്‍ കയറ്റുമതി കമ്പോളങ്ങളിലെ രാജാവാണ് 'ഹല്‍ദിരാജ'.

മഞ്ഞള്‍ പ്രധാനമായും ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒറീസ്സ, മേഘാലയ തുടങ്ങിയവയാണെങ്കിലും വിപണിയില്‍ പ്രാധാന്യമുള്ളത് കേരളത്തില്‍ നിന്നുള്ള 'ആലപ്പി ഫിംഗര്‍ ടര്‍മറിക്' (AFT) എന്ന വിഭാഗത്തില്‍ പെട്ട മഞ്ഞളിനാണ്. ശരാശരി 5 മുതല്‍ 6 ശതമാനം വരെ കുര്‍കുമിന്‍ ഉള്ള ആലപ്പി ഫിംഗര്‍ ടര്‍മറിക് വ്യാപാരികളുടെ പ്രിയ ഇനം തന്നെ. വടക്കന്‍ പാട്ടുകളില്‍ കേട്ടുപഴകിയ വയനാടന്‍ മഞ്ഞളും ഉയര്‍ന്ന കുര്‍കുമിന്‍ അടങ്ങിയ വിഭാഗത്തില്‍ പെട്ട ഇനങ്ങളാണ്. കേരളത്തില്‍ നിന്നുമുള്ള എല്ലാ മഞ്ഞളിനും പൊതുവെ പറയുന്ന പേരാണ് 'ആലപ്പി ഫിംഗര്‍ ടര്‍മറിക്'.


കേരള കാര്‍ഷിക സര്‍വ്വകലാശാല- ഇനങ്ങള്‍
കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച കാന്തി, ശോഭ, വര്‍ണ്ണ, സോന എല്ലാം തന്നെ 8 മുതല്‍ 9 മാസം മൂപ്പുള്ളതും ശരാശരി 7 ശതമാനം കുര്‍കുമിനും ഇനങ്ങളാണ്. ഇതില്‍ ശോഭ, കാന്തി എന്നിവ ഒരു ഹെക്ടറില്‍ നിന്നും 30 മുതല്‍ 37 ടണ്‍ ഉല്‍പ്പാദനം തരുന്ന ഇനങ്ങളാണ്.


കോഴിക്കോട് ഭാരതിയ സുഗന്ധവിള ഗവേഷണകേന്ദ്രം- ഇനങ്ങള്‍
ഭാരതിയ സുഗന്ധവിള ഗവേഷണകേന്ദ്രം, കോഴിക്കോട് വികസിപ്പിച്ച സുഗുണ, സുദര്‍ശന, പ്രഭ, ആലപ്പി സുപ്രീം, കേദാരം, എന്നിവ ശരാശരി 7 മാസം മൂപ്പുള്ള ഇനങ്ങളാണ്. എന്നാല്‍ ഏതാണ്ട് 6 മാസം മൂപ്പുള്ള പ്രതിഭയും പ്രഗതിയും കര്‍ഷകരുടെ ഇടയില്‍ ഏറെ പ്രചാരം നേടികഴിഞ്ഞു. ഒരു ഹെക്ടറില്‍ നിന്ന് ശരാശരി 38 മുതല്‍ 39 ടണ്‍ ഉല്‍പാദനം തരുന്ന ഈ ഇനങ്ങളില്‍ 5 മുതല്‍ 6 ശതമാനം കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്.

മികച്ച ഇനങ്ങളുടെ വിശദാംശങ്ങള്‍


ഇനം ഏകദേശ വിളവ് ടണ്‍/ഹെ വിള ദൈര്‍ഘ്യം ഉണക്കു ശതമാനം കുര്‍ക്കുമിന്‍ ശതമാനം ഒളിയോറസിന്‍ ശതമാനം തൈലം ശതമാനം
KAU കാന്തി 37.7 240-270 20.2 7.2 8.3 5.2
KAU ശോഭ 35.9 340-270 19.4 7.4 9.7 4.2
KAU സോന 21.3 240-270 18.9 7.1 10.3 4.2
KAU വര്‍ണ്ണ 21.9 240-270 19.1 7.9 10.8 4.6
IISR പ്രതിഭ 39.1 188 18.5 6.2 16.2 6.2
IISR ആലപ്പി സുപ്രീം 35.4 210 19.3 6.0 16.0 4.0
IISR കേദാരം 34.5 210 18.9 5.5 13.6 3.0
IISR പ്രഗതി 38 180 18 5.02 - -
മേഘ ടര്‍മറിക്-1 23 310 16.4 6.8 - -

തമിഴ്‌നാട്ടില്‍ നിന്നുള്ള 'സേലം-ഈറോഡ്' മഞ്ഞളാണ് അന്താരാഷ്ട്ര വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റൊരു വിഭാഗം ശരാശരി 8 മുതല്‍ 9 മാസം മൂപ്പുള്ള ഇവയില്‍ കുര്‍കുമിന്റെ അംശം 3 മുതല്‍ 4 ശതമാനം മാത്രമാണ്. കറിമസാലകളുടെ ഉപയോഗത്തിന് ഈ ഇനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഈ അടുത്ത കാലത്ത് ഏറെ പ്രചാരം നേടിയ ലക്കഡോണ്‍ മഞ്ഞള്‍ മേഘാലയയില്‍ നിന്നുള്ള ഇനമാണ്. ജയിന്‍ഷ്യ മലകളില്‍ ലക്കഡോണ്‍ പ്രദേശത്തു നിന്നുളള ഇവ ഉല്‍പാദനത്തില്‍ മികച്ചവയല്ലെങ്കിലും ഉയര്‍ന്ന കുര്‍കുമിന്‍ തോത് ഉള്ളവയാണ്.ഇതില്‍ നിന്നു വികസിപ്പച്ച ഇനമാണ് 'മേഘ ടര്‍മറിക്-1'. ഹെക്ടറിന് ശരാശരി 23 ടണ്‍ മാത്രം ഉല്‍പാദനമുള്ള ഈ ഇനം 10 മാസം മൂപ്പുള്ളതാണ്. കുര്‍കുമിന്റെ തോത് 6.8 മുതല്‍ 7.5 ശതമാനമുള്ള ഈ ഇനം ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ പ്രചാരത്തിലായി കഴിഞ്ഞു. ലക്‌നൗ കേന്ദ്ര ഔഷധ സുഗന്ധ തൈല വിളകളുടെ കേന്ദ്രം (CIMAP) ഈ അടുത്ത കാലത്ത് പുറത്തിറക്കിയ ഇനമാണ് 'പീതാംബര്‍'. 12.5 ശതമാനം കുര്‍കുമിനുള്ള ഈ ഇനത്തിന് ഔഷധ പ്രാധാന്യമുണ്ട്. ശരാശരി 50 ടണ്‍ ഉല്‍പാദനം അവകാശപ്പെടുന്ന ഈ ഇനം പ്രചാരത്തിലായി വരുന്നതേയുള്ളൂ ഇങ്ങനെ നീളുന്നു വൈവിധ്യമാര്‍ന്ന മഞ്ഞളിലെ ഇനപെരുമ.

മഞ്ഞള്‍ വിത്തുകള്‍ ലഭിക്കാന്‍ നമ്പറില്‍ ബന്ധപ്പെടുക.
കേരള കാര്‍ഷിക സര്‍വ്വകലാശാല വില്‍പ്പന കേന്ദ്രം, മണ്ണുത്തി : 04872371340, 2370540
ഭാരതിയ സുഗന്ധവിള ഗവേഷണകേന്ദ്രം, കോഴിക്കോട് : 0495 2731410

ഡോ.ജലജ എസ് മേനോന്‍
അസിസ്റ്റന്റ് പ്രൊഫസ്സര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല

English Summary: Turmeric the king
Published on: 28 August 2019, 03:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now