പ്രായമാകുമ്പോൾ പലതരത്തിലുള്ള അസുഖങ്ങൾ വരുന്നത് സാധാരണയാണ്. മറ്റു അവയവങ്ങളെ ബാധിക്കുന്നത് പോലെ അസ്ഥികളേയും ബാധിക്കുന്ന പല രോഗങ്ങളുണ്ട്. ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധി വേദന, ഒടിവുകൾ, മാംസപേശി പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് പ്രായമായവരിൽ സാധാരണയായി കണ്ടുവരുന്ന അസ്ഥിരോഗങ്ങൾ. ഇങ്ങനെയുള്ള അസ്ഥിരോഗ ബുദ്ധിമുട്ടുകൾ കണ്ടുപിടിച്ച് ചികിൽസിക്കുന്നത് പ്രായമായവരുടെ ജീവിതം മെച്ചപ്പെടുത്തും.
- സന്ധികളുടെ തേയ്മാന രോഗമാണ് ഓസ്റ്റിയോ ആർതറൈറ്റിസ്. തരുണാസ്ഥിയുടെ തകർച്ച സംഭവിക്കുന്നത് സന്ധിവേദന, സ്റ്റിഫ്‌നെസ്, ചലനശേഷി കുറയൽ എന്നിവയ്ക്ക് കാരണമാകുന്നു.
- പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ, പ്രായമായവർക്ക് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് വീഴ്ചകൾ സംഭവിക്കുമ്പോൾ സാധാരണ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഇടിപ്പ് ഒടിവുകളും സാധാരണമാണ്.
അസ്ഥികളെ ദുർബലമാക്കുകയും അത് പൊട്ടലിനും ഒടിവിനും കാരണമാകുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം മുതിർന്നവർക്ക് ഉണ്ടാകുന്ന പ്രശ്‌നമാണിത്. സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്.
പ്രതിരോധ മാർഗ്ഗങ്ങൾ
പ്രായമാകുമ്പോൾ ശരീരത്തിന്റെ ചലനശക്തി നഷ്ടപ്പെടാതിരിക്കാനും അസ്ഥി സംബന്ധമായ പ്രശ്‌നങ്ങൾ തടയുന്നതിനും വ്യായാമങ്ങൾ ചെയ്യേണ്ടത് അനിവാര്യമാണ്. യോഗ, സ്‌ട്രെച്ചിംഗ് പോലുള്ളവ ദിവസേന ചെയ്യുന്നത് ചലന പരിധി മെച്ചപ്പെടുത്തും. ലൈറ്റ് വെയ്റ്റുകളോ റെസിസ്റ്റൻസ് ബാൻഡുകളോ ഉപയോഗിച്ചുള്ള പ്രതിരോധ വ്യായാമങ്ങൾ പേശികളുടെ ശക്തി വർദ്ധിപ്പിക്കാനും സന്ധികളെ പിന്തുണയ്ക്കാനും വീഴാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഒരു കാലിൽ നിൽക്കുക പോലുള്ള ബാലൻസ് വ്യായാമങ്ങൾ വീഴാനുള്ള സാധ്യത കുറയ്ക്കുന്നു.
പ്രായമായവരിൽ അസ്ഥി ആരോഗ്യം നിലനിർത്തുന്നതിൽ പോഷകാഹാരത്തിന് നല്ലൊരു പങ്കുണ്ട്. കാൽസ്യം അടങ്ങിയ പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, വിറ്റാമിൻ ഡി ലഭിക്കാൻ ആവശ്യമായ സൂര്യപ്രകാശം എന്നിവയും എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പേശികൾ ബലപ്പെടുത്താൻ മെലിഞ്ഞ മാംസം, മത്സ്യം, മുട്ട, പയർവർഗ്ഗങ്ങൾ, പരിപ്പ് എന്നിവ പോലുള്ള പ്രോട്ടീൻ സ്രോതസ്സുകൾ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യം, ഫ്‌ളാക്‌സ് സീഡുകൾ, വാൽനട്ട് എന്നിവയിൽ കാണപ്പെടുന്ന ഈ ഫാറ്റി ആസിഡുകൾക്ക് സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സാധിക്കും.
പോഷകാഹാരവും ആവശ്യത്തിനുള്ള വ്യായാമവുമുള്ള ജീവിതരീതി പിന്തുടരുകയാണെങ്കിൽ മുതിർന്നവർക്ക് അവരുടെ അസ്ഥി ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. ഇവ കൂടാതെ കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധനകളും ആവശ്യമാണ്.