കോവിഡ് പിടിമുറുക്കിയപ്പോള്‍ അമിതമായ ഉത്കണ്ഠകളും ഭീതിയുമെല്ലാം പലര്‍ക്കും കണ്ടുവരുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനുളള മാര്‍ഗങ്ങള്‍ തേടുകയാണെല്ലാവരും.
അതിനിടയില്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഒരുപാട് ഉപദേശങ്ങളും സന്ദേശങ്ങളും നിത്യേന നമ്മെ തേടിയെത്തുന്നു. ഇതിലെ വാസ്തവങ്ങളറിയാതെ സ്വയംചികിത്സയ്ക്ക് ഇറങ്ങിയാല്‍ വിപരീതഫലമായിരിക്കും ചിലപ്പോള്‍. ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി മറ്റു രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ അഭയം തേടിയവരുമുണ്ട് നമ്മുടെ നാട്ടില്‍.
പ്രതിരോധത്തിന് വൈറ്റമിന്‍ സി എന്ന രീതിയില്‍ ചില സന്ദേശങ്ങള്‍ ഈയ്യടുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രോഗപ്രതിരോധത്തിന് മികച്ചതു തന്നെയാണ് സിട്രസ് ഇനത്തില്‍പ്പെട്ട പഴങ്ങള്‍. പലതരം നാരങ്ങകളും ഓറഞ്ചുമെല്ലാം ഇതില്‍പ്പെടും. എങ്കിലും ഇവയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ നല്ല പണി തന്നെ കിട്ടും.
കോവിഡ് പോലുളള രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുനാരങ്ങയുടെ നീര് ദിവസവും കഴിക്കുന്നത് നല്ലതാണെന്ന് ഡയറ്റീഷ്യന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഗുണകരം. ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാത്തതാണ് നല്ലത്. അതുപോലെ രാസവസ്തുക്കള്‍ അടങ്ങിയ ശീതളപാനീയങ്ങളില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നതും നല്ലതല്ല.
രോഗപ്രതിരോധശേഷി കൂട്ടുന്നതോടൊപ്പം ചെറുനാരങ്ങിയിലടങ്ങിയ വിറ്റാമിന്‍ സി അസുഖങ്ങളുണ്ടാക്കാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. അതുപോലെ തന്നെ നാരങ്ങയില്‍ സിട്രിക്ക് അമ്ലം അടങ്ങിയതിനാല്‍ വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. മോണരോഗങ്ങള്‍, ദന്തക്ഷയം, വായ്‌നാറ്റം, പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്കും ചെറുനാരങ്ങാനീര് ഫലപ്രദമാണ്.
ആരോഗ്യം, സൗന്ദര്യം എന്നീ കാര്യങ്ങള്‍ക്ക് മാത്രമല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. ഇതില്‍ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാന്‍ സഹായകമാണ്. അതുപോലെ അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.